ന്യൂഡൽഹി: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരില്‍നിന്ന് വിസമ്മതപത്രം വാങ്ങുന്ന കേരള സര്‍ക്കാര്‍ തീരുമാനം അസംബന്ധമാണെന്നും അത് പാടില്ലെന്നും സുപ്രീംകോടതി. വിസമ്മതപത്രം വാങ്ങുന്നത് സ്റ്റേ ചെയ്ത ഹൈകോടതി ഉത്തരവ് ശരിവെച്ച ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരുടെ ബെഞ്ച് അതിനെതിരെ സംസ്ഥാന സര്‍ക്കാർ സമർപ്പിച്ച ഹരജി തള്ളി.
അതിരൂക്ഷമായ ഭാഷയിലാണ് ബെഞ്ച് സംസ്ഥാന സർക്കാറിനെ വിമർശിച്ചത്. പണം നല്കാന് സാധിക്കാത്തവരിൽനിന്ന് വിസമ്മതപത്രം വാങ്ങി അവരെ അപമാനിക്കേണ്ട കാര്യമില്ല. നിശ്ചിത സമയത്തിനകം വിസമ്മതപത്രം നല്കാത്തവരുടെ ശമ്പളം പിടിച്ചെടുക്കാൻ എങ്ങനെയാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു.
സുപ്രീംകോടതി ഇറക്കിയ ഉത്തരവിന് സമാനമാണ് സംസ്ഥാന സർക്കാറിേൻറതെന്ന മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയുടെ വാദം ജസ്റ്റിസ് അരുൺ മിശ്ര തള്ളി.
കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാർ എന്ന നിലയിൽ തങ്ങൾ രണ്ടുപേരും 25,000 രൂപ വീതം നൽകിയ കാര്യം ജസ്റ്റിസ് അരുൺ മിശ്ര ഒാർമിപ്പിച്ചു. ആ തുക നൽകുന്നത് ഞങ്ങൾക്ക് സമ്മതമല്ലായിരുന്നുവെന്നു കരുതുക. അത് പ്രഖ്യാപിച്ചു സ്വയം അപമാനിതരാകുന്നത് എന്തിന്? നിങ്ങൾ പറയുന്നു 22ന് മുമ്പ് വിസമ്മതപത്രം നൽകിയില്ലെങ്കിൽ ശമ്പളം പിടിക്കുമെന്ന്. അതെങ്ങനെ ശരിയാകും.
സുപ്രീംകോടതിയുടെ സർക്കുലറിൽ വിസമ്മതപത്ര വ്യവസ്ഥയുണ്ടെങ്കിൽ ആരെങ്കിലും അതിനെ ചോദ്യം ചെയ്യട്ടെ. അപ്പോൾ തങ്ങൾ അത് പരിശോധിക്കാൻ തയാറാണ്.
ഈ തുക എന്തിന് വിനിയോഗിക്കുന്നു എന്നറിയില്ല. സംസ്ഥാനങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി തുക വിനിയോഗിച്ച സംഭവങ്ങള്‍ തെൻറ ചേംബറില്‍ വന്നാല്‍ പറഞ്ഞുതരാം.
മധ്യപ്രദേശിൽ സമാനമായ അവസ്ഥ ഉണ്ടായിട്ടുണ്ട്. വാങ്ങിയ ആവശ്യത്തിനുതന്നെ പണം ഉപയോഗിക്കുമെന്ന വിശ്വാസം ജനങ്ങളിൽ ഉണ്ടാക്കേണ്ടത് സർക്കാറിെൻറ ചുമതലയാണെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. സമ്മതപത്രം നിര്ബന്ധിച്ചുവാങ്ങുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വിനീത് സരണ്‍ ചൂണ്ടിക്കാട്ടി. ദുരിതാശ്വാസനിധിയിലേക്ക് ജനങ്ങള്‍ അവർക്ക് സാധ്യമായത് നൽകുകയാണ് വേണ്ടത്.
പ്രളയബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്നും തയാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നുമായിരുന്നു സംസ്ഥാന സർക്കാറിെൻറ നിർദേശം. വിസമ്മതപത്രത്തില്‍ നിര്ബന്ധത്തിെൻറ ധ്വനിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ഡിവിഷന് ബെഞ്ച് ഇത് സ്റ്റേ ചെയ്യുകയായിരുന്നു.
വിജ്ഞാപനത്തിനായി അഡ്വ. ജയദീപ് ഗുപ്ത നടത്തിയ എല്ലാ വാദങ്ങളും സുപ്രീംകോടതി തള്ളി. അതോടെ താൽപര്യമുള്ളവരിൽനിന്ന് മാത്രം ശമ്പളം പിടിക്കാനുള്ള രീതിയിൽ സർക്കുലർ ഭേദഗതി ചെയ്യാൻ കേരള സർക്കാറിനെ അനുവദിക്കണമെന്ന അഭ്യർഥന കോടതി അംഗീകരിച്ചു.
ജീവനക്കാരുടെ സമ്മതമില്ലാതെ തന്നെ നിർബന്ധപൂർവം ശമ്പളം പിടിച്ചെടുക്കാനുള്ള സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച കേരള അഡ്മിനിസ്േട്രറ്റിവ് ട്രൈബ്യൂണലിെൻറ ഇടക്കാല ഉത്തരവിനെതിരെ കേരള എൻ.ജി.ഒ സംഘ് നൽകിയ ഹരജിയിലായിരുന്നു ഹൈകോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.