കണ്ണൂർ: സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ഇക്കാര്യം ഉറപ്പുതരുന്നതായും മന്ത്രി കെ.എൻ. ബാലഗോപാൽ. സാങ്കേതികമായ ചില കാരണങ്ങളാലാണ് ഒന്നാം തീയതി പണം പിൻവലിക്കാൻ കഴിയാതിരുന്നതെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്സ് (എ.കെ.ജി.സി.ടി) സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിൽ ആദ്യമായി ശമ്പളം മുടങ്ങിയെന്നാണ് പ്രചാരണം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്തിന് അവകാശപ്പെട്ട തുക കേന്ദ്ര സർക്കാർ നൽകാതിരിക്കുന്നത്. സംസ്ഥാനത്തിനെതിരെ പ്രചാരണം നടത്തുന്നവർ അതും മനസ്സിലാക്കണം.
കേരളം മുങ്ങിച്ചത്തോട്ടെയെന്നാണ് ചിലരുടെ ആഗ്രഹം. ആ കണ്ണീരിലാണ് ചിലരുടെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടക്കാൻ ഗൂഢാലോചന നടക്കുകയാണ്. കേരളം ശ്രീലങ്കപോലെ ആവുമെന്നായിരുന്നു ആദ്യം പ്രചരിപ്പിച്ചത്.
തനതു വരുമാനത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. കേന്ദ്ര സർക്കാർ ജി.ഡി.പിയുടെ 6.4 ശതമാനം കടമെടുക്കുന്നു. 3.5 ശതമാനം കടമെടുക്കാൻ കേരളത്തിനും അർഹതയുണ്ട്. എന്നാൽ, 2.4 ശതമാനം മാത്രമാണ് കടം എടുക്കുന്നുള്ളൂ. സമരം നടത്തുന്നവർ രാജ്ഭവനിലേക്കാണ് പോവേണ്ടതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ശ്രമം. ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലക്കുള്ള വിഹിതം വെട്ടിക്കുറക്കുകയാണ്. ശാസ്ത്ര കോൺഗ്രസ് നടത്തേണ്ടെന്ന് തീരുമാനിച്ചു. കോളജ് അധ്യാപകരുടെ ക്ഷാമബത്തയിലെ അപാകത പരിഹരിക്കാൻ ശ്രമിക്കുമെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.