തിരുവനന്തപുരം: ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള ജോസ് കെ. മാണിയുടെ നീക്കങ്ങളോട് മന്ത്രി റോഷി അഗസ്റ്റിൻ മുഖം തിരിച്ചതോടെ മാണി കോൺഗ്രസിൽ കടുത്ത പ്രതിസന്ധി. പാല സീറ്റും മുനിസിപ്പാലിറ്റിയുമടക്കം സ്വന്തം തട്ടകങ്ങളെല്ലാം കൈവിട്ടതോടെ ഇനിയും നഷ്ടം സഹിച്ച് ഇടതുമുന്നണിയിൽ തുടരുന്നതിൽ കാര്യമില്ലെന്ന നിലപാടിലാണ് ജോസ് കെ. മാണി. സഭ നിലപാടും ജോസിന്‍റെ ചുവടുമാറ്റത്തിന് പ്രേരണയാകുന്നുണ്ട്.

അതേസമയം, ഇടുക്കി മണ്ഡലത്തിലെ വിജയത്തുടർച്ചയിൽ ഒട്ടും സംശയമില്ലാത്ത റോഷി അഗസ്റ്റിൻ, പൊടുന്നനെയുള്ള മുന്നണിമാറ്റം അപകടകരവും രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്തതുമാണെന്ന നിലപാടിലാണ്. പാർട്ടിയിലെ ഭിന്നതക്ക് നടുവിലും മാണി കോൺഗ്രസിനെ യു.ഡി.എഫിലെത്തിക്കാൻ കോൺഗ്രസും റോഷിയെ നിലനിർത്താൻ ഇടതുമുന്നണിയും കടുത്ത സമ്മർദങ്ങൾ തുടരുന്നതോടെ മറ്റൊരു പിളർപ്പിലേക്ക് കൂടിയാണ് സാഹചര്യങ്ങളെത്തുന്നത്.

ഇതിനിടെ കോൺ്ഗ്രസ് ഹൈക്കമാൻഡുമായി ജോസ് കെ. മാണി ചർച്ച നടത്തിയെന്ന വിവരം കൂടി പുറത്തുവന്നിട്ടുണ്ട്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിസ്സാര പ്രശ്നങ്ങളെ തുടർന്ന് മാണി കോൺഗ്രസ് യു.ഡി.എഫ് വിട്ടതിൽ ഹൈക്കമാൻഡിന് വലിയ അതൃപ്തിയുണ്ട്. സ്വാഭാവികമായും കേരള കോൺഗ്രസിനെ തിരിച്ചെത്തിക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. മധ്യകേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയെന്ന നിലയിൽ വിശേഷിച്ചും. സീറ്റുകള്‍ സംബന്ധിച്ച് ജോസ് കെ. മാണിയുടെ ഫോർമുല ജോസഫ് വിഭാഗത്തിന് എതിരാകാതെ പരിഗണിക്കാമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

അഞ്ച് എം.എൽ.എമാരുള്ള മാണി കോൺഗ്രസിൽ സെബാസ്റ്റ്യന്‍ കുളത്തിങ്കലും ജോബ് മൈക്കിളും യു.ഡി.എഫ് പ്രവേശനമാകാം എന്ന ജോസ് കെ. മാണിയുടെ നിലപാടിനൊപ്പമാണ്. അതേസമയം, മന്ത്രി റോഷി അഗസ്റ്റിനൊപ്പം പ്രമോദ് നാരായണൻ എം.എൽ.എ ഈ നീക്കങ്ങളെ എതിര്‍ക്കുകയാണ്. ഇവരെ പിന്തുണക്കുന്ന നേതാക്കൾക്കും എതിര്‍പ്പുണ്ട്. എന്‍. ജയരാജ് കൃത്യമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

ജോസ് കെ. മാണി മുന്നണി വിട്ടാലും ഒരു വിഭാഗത്തെയെങ്കിലും എൽ.ഡി.എഫിൽ ഉറപ്പിച്ചുനിർത്താനുള്ള നീക്കങ്ങളിലാണ് സി.പി.എം. മന്ത്രിസഭയുടെ ഭാഗമായിരുന്നയാൾ തെരഞ്ഞെടുപ്പ് പടിവാതിലിൽ മുന്നണി വിടുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സി.പി.എം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ, റോഷി അഗസ്റ്റിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഏതു സാഹചര്യത്തിലും ഇടതുമുന്നണിക്കൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകിയതായാണ് സൂചന. റോഷിക്ക് കൂടുതൽ ഓഫർ നൽകിയെന്ന സൂചനകളുമുണ്ട്. മന്ത്രി എന്ന നിലയില്‍ പാര്‍ട്ടിയില്‍ റോഷി അഗസ്റ്റിന് നിര്‍ണായക സ്വാധീനമുണ്ട്. കെ.എം. മാണിയുടെ കാലത്ത് തന്നെ സംഘടന കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതിനാൽ ജില്ല ഭാരവാഹികളും റോഷിയുമായി അടുപ്പമുള്ളവരാണ്. ഇതാണ് ജോസ് കെ. മാണി നേരിടുന്ന വലിയ വെല്ലുവിളി. ഈ സാഹചര്യത്തിൽ 16ന് ചേരുന്ന നേതൃയോഗം ഏറെ നിര്‍ണായകമാണ്.

മുന്നണി മാറ്റ ചർച്ച അനാവശ്യം -ജോസ് കെ. മാണി

കോട്ടയം: പാർട്ടിയുടെ രാഷ്ട്രീയ നിലപാടുമായി പുറമേ നടക്കുന്ന ചർച്ചകൾക്ക് ഒരു ബന്ധവുമില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. പാർട്ടി ഇടതുമുന്നണിക്കൊപ്പമാണെന്ന് പലവട്ടം ആവർത്തിച്ചതാണ്. സ്ഥലത്തില്ലാതിരുന്നതിനാലാണ് ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത്. ഈ വിവരം മുന്നണി നേതാക്കളെ നേരത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയുടെ ഭാഗം തന്നെ-റോഷി അഗസ്റ്റിൻ

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. ഇടതുമുന്നണിയുടെയും സര്‍ക്കാറിന്‍റെയും ഭാഗമാണ് പാര്‍ട്ടിയെന്നും അതേ രീതി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് രോഷാകുലനായാണ് അദ്ദേഹം പ്രതികരിച്ചത്. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് സഭ ഇടപെട്ടിട്ടില്ല. അവര്‍ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്നവരല്ലെന്നും റോഷി പറഞ്ഞു. 

 

Tags:    
News Summary - Jose to leave Left Front Roshi, Mani to block Congress, severe differences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.