അദ്ദേഹത്തിന്റെ സിനിമകൾ ഇനിയായിരിക്കും കൂടുതൽപേർ കാണുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുക. പഴകുംതോറും മുറുകുന്ന വീഞ്ഞുപോലെയാണത്. കാരണം അത്രമേൽ അധ്വാനവും ഗവേഷണവും ബൗദ്ധികതയും കൂട്ടിച്ചേർത്ത സിനിമകൾ മാത്രമാണ് ഷാജി എൻ. കരുൺ ചെയ്തുവെച്ചിട്ടുള്ളത്.
‘ഗൗരവത്തോടെ സമീപിക്കേണ്ട കലാരൂപമാണ് സിനിമ’യെന്ന് എഴുത്തിലും വാക്കിലും എല്ലാവരും പറയുമെങ്കിലും അത് സ്വയം ബോധ്യപ്പെട്ട് പ്രവർത്തിക്കുകയും അതുതന്നെ ലോകത്തോട് പറയുകയും ചെയ്ത മനുഷ്യനാണ് ഷാജി എൻ. കരുൺ. 2003 മുതൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചയാളെന്ന നിലയിൽ പറയട്ടെ, നാമെല്ലാം അദ്ദേഹത്തെ ആ അർഥത്തിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്.
ഞങ്ങളോടൊക്കെ അദ്ദേഹം പറയാറുള്ള കാര്യവും അതുതന്നെ. ‘‘ഇത് ഗൗരവതരമായ മേഖലയാണ്. ഗൗരവത്തോടെ സിനിമയെ സമീപിക്കണം എന്ന് വളരെ കണിശതയോടുകൂടി നിങ്ങളങ്ങ് തീരുമാനിക്കുക’’ - അദ്ദേഹം പറയുന്നു. അതേസമയം, തന്റെ കാഴ്ചപ്പാടിനെ കാർക്കശ്യത്തോടെ അദ്ദേഹം അടിച്ചേൽപിക്കില്ല.
ഒരിക്കൽ പോലും ഞങ്ങളോട് ദേഷ്യപ്പെട്ടിരുന്നില്ല. ഇത്രയും കാലത്തിനിടെ, എന്തെങ്കിലും കാര്യത്തിന് പിണങ്ങുകയോ ചെയ്തിട്ടില്ല. അതൊന്നുമില്ലാതെ തന്നെയാണ്, സീരിയസായി സിനിമയെ സമീപിക്കണമെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തിയിരുന്നത്.
അത്രമേൽ പരന്ന വായനയുള്ള ഒരാൾകൂടി ആയിരുന്നു ഷാജി എൻ.കരുൺ. ഓരോ വിഷയത്തിലും അദ്ദേഹം നടത്തിയിരുന്ന റിസർച്ചുകൾ അതിവിശാലമായിരുന്നു. അത്രമാത്രം പുസ്തകങ്ങൾ പഠിക്കുന്നു, അതിനുവേണ്ടി എടുക്കുന്ന ശ്രമങ്ങൾ എല്ലാം നേരിട്ടുകണ്ടിട്ടുണ്ട്. അദ്ദേഹത്തിനുവേണ്ടി ‘സ്വപാനം’ എഴുതാനിരുന്നപ്പോൾ നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പുസ്തകങ്ങൾ വായിക്കാൻ കൊണ്ടുവന്നുതരും.
ഒരു ദിവസം കൊണ്ടുതന്നത് ‘സിമിട്രി’യെ കുറിച്ചായിരുന്നു. ചെണ്ടമേളം ആണ് ആ സിനിമയുടെ പ്രമേയമെങ്കിലും എന്തിനാണ് സിമിട്രിയുടെ ഒരു പുസ്തകം തരുന്നത് എന്ന് മനസ്സിലായില്ല. അങ്ങനെ അത് വായിച്ച ശേഷം, പുസ്തകത്തിന്റെ ചില കാര്യങ്ങൾ സാർ സംസാരിക്കുകയും ചെയ്തു. ഒരു ഇന്റലക്ചൽ മെറ്റീരിയൽ ആണദ്ദേഹം. അതിന് പകരംവെക്കാൻ മലയാളത്തിൽ ഇനിയൊരാൾ ഇല്ല എന്ന് ഞാൻ തീർത്തുപറയും. ഒരു കാര്യം ഉറപ്പാണ്.
അദ്ദേഹത്തിന്റെ സിനിമകൾ ഇനിയായിരിക്കും കൂടുതൽ പേർ കാണുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുക. പഴകുംതോറും മുറുകുന്ന വീഞ്ഞ് പോലെയായിരിക്കും അദ്ദേഹത്തിന്റെ സിനിമകൾ എന്നുറപ്പാണ്. കാരണം അത്രമേൽ അധ്വാനവും ഗവേഷണവും ബൗദ്ധികതയും കൂട്ടിച്ചേർത്ത സിനിമകൾ മാത്രമാണ് ഷാജി എൻ. കരുൺ ചെയ്തുവെച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.