വധഗൂഢാലോചന കേസ്: ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സായ് ശങ്കറെ പ്രതി ചേർത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറെ പ്രതി ചേർത്തു. ദിലീപിന്‍റെ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കേസിൽ ഏഴാം പ്രതിയാണ് സായ് ശങ്കർ. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന ആലുവ കോടതിയിൽ സമർപ്പിച്ചു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിച്ചത്. നടിയെ ആക്രമിച്ച സംഘത്തിൽ പൾസർ സുനിക്കൊപ്പം വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മാത്രമാണ് ഇനി ജയിലിലുള്ളത്.

ദിലീപിന്‍റെ അഭിഭാഷകൻ അഡ്വ. രാമൻപിള്ള ഉൾപ്പടെയുള്ളവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അതിജീവിത ബാർ കൗൺസിലിനെ സമീപിച്ചു. അഭിഭാഷകൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതിന് തെളിവുകളുണ്ടെന്നും ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നും അതിജീവിത പരാതിയിലൂടെ ആവശ്യപ്പെട്ടു. നേരത്തേ നൽകിയ പരാതിയിലെ തെറ്റുകൾ തിരുത്തി പരാതി വീണ്ടും സമർപ്പിക്കുകയായിരുന്നു. 

Tags:    
News Summary - Sai Shankar has been added as the accused who destroyed the information in Dileep's phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.