‘‘ചാനൽ സർവ്വേ സാമാന്യ രാഷ്ട്രീയ ബോധ്യത്തിന് നിരക്കുന്നതല്ല, ലീഗി​െൻറ ശക്തി നടത്തിപ്പുകാർക്ക്​ ബോധ്യപ്പെടും’’

മലപ്പുറം: പ്രമുഖ മലയാള ചാനലി​​െൻറ സർവേയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്​ത് മുസ്​ലിം ലീഗ്​ നേതാവ്​​ പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ. സർവ്വേ യു.ഡി.എഫ് സംവിധാനത്തി​​െൻറയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തുന്നതിനായുള്ളതാണെന്ന്​ സംശയിക്കുന്നു. തിരുവിതാംകൂറിലും മധ്യകേരളത്തിലും നിലവിലേതിനേക്കാൾ മെച്ചപ്പെട്ടതും സ്വാഭാവികവുമായ യു.ഡി.എഫ് മുന്നേറ്റം അനുവദിക്കുന്ന സർവ്വേ, വടക്കൻ കേരളത്തിലെ 61 സീറ്റുകളിൽ യു.ഡി.എഫിന് 'കനിഞ്ഞു' നൽകുന്നത് പരമാവധി 16 സീറ്റ് മാത്രമാണ്​. നിലവിലുള്ളതിനെക്കാൾ അഞ്ചോളം സീറ്റുകൾ യു.ഡി.എഫിന് കുറയുക എന്നത്​ സാമാന്യ രാഷ്ട്രീയ ബോധ്യത്തിന് നിരക്കുന്നതല്ല. മുസ്​ലിം ലീഗ് പ്രസ്ഥാനത്തെക്കുറിച്ചും മലബാറിലെ യു.ഡി.എഫ്​ സംഘടന ശേഷിയെക്കുറിച്ചുമുള്ള അജ്ഞതയാണ്​ ഇതിന് പിന്നിലെന്ന് നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സർവ്വേ നടത്തിപ്പുകാർക്ക് ബോധ്യപ്പെടുമെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.  


സാദിഖലി തങ്ങളുടെ ഫേസ്​ബുക്ക്​​ പോസ്​റ്റി​​െൻറ പൂർണരൂപം: 

സർവേകളുടെ പിന്നിൽ


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ സ്ഥാപനങ്ങൾ സർവേകൾ സാധാരണയായി നടത്താറുള്ളതാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഒരു മലയാളം ചാനൽ കേരളത്തി​​െൻറ രാഷ്ട്രീയ മനസിനെ അപഗ്രഥിച്ചെന്ന പേരിൽ ഒരു സർവേ പുറത്തുവിട്ടു. ആ സർവേയുടെ 'ടോട്ടാലിറ്റി' തന്നെ യു.ഡി.എഫ് എന്ന സംവിധാനത്തിന്റെയും അതിന്റെ പ്രവർത്തകരുടെയും മനോവീര്യം കെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ളതാണോ എന്ന് സംശയിപ്പിക്കുന്നതാണ്. 

20 ൽ 19 ലോക്സഭാ സീറ്റും മഹാ ഭൂരിപക്ഷത്തിൽ ജയിച്ച മുന്നണിയാണ് യു ഡി എഫ് എന്നതും ആ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നതിന് തൊട്ടുമുമ്പ് ഇതേ മാധ്യമം പുറത്തുവിട്ട സർവേ ഫലവും പ്രിയപ്പെട്ട പ്രവർത്തകരുടെ ഓർമ്മയിലുണ്ടാകുമെന്നും കരുതട്ടെ. പ്രിയങ്കരനായ ശ്രീ. രാഹുൽ ഗാന്ധിയ്ക്ക് വയനാട്ടിൽ വെറും 45 ശതമാനം വോട്ടും തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിക്ക് 39 ശതമാനം വോട്ടുമാണ് ഈ മാധ്യമം പ്രവചിച്ചത്. അഞ്ചു ലക്ഷത്തോളം വോട്ടുകളുടെ കണ്ണഞ്ചിപ്പിക്കും ഭൂരിപക്ഷമാണ് ശ്രീ. രാഹുൽ ഗാന്ധിക്ക് ലഭിച്ചത് എന്നത് മറന്നു പോകരുത്. 

ഇനി ഒടുവിലെ സർവേയിലേയ്ക്ക് വന്നാൽ; തിരുവിതാംകൂറിലും മധ്യ കേരളത്തിലും നിലവിലേതിനേക്കാൾ മെച്ചപ്പെട്ടതും സ്വാഭാവികവുമായ യു ഡി എഫ് മുന്നേറ്റം ചാനൽ അനുവദിച്ചു തരുന്നുണ്ട്! എന്നാൽ വടക്കൻ കേരളത്തിലെ 61 സീറ്റുകളിൽ യുഡിഎഫിന് 'കനിഞ്ഞു' നൽകുന്നത് പരമാവധി 16 സീറ്റ്! നിലവിലുള്ളതിനെക്കാൾ അഞ്ചോളം സീറ്റുകൾ യുഡിഎഫിന് കുറയും പോലും. സാമാന്യ രാഷ്ട്രീയ ബോധ്യത്തിന് നിരക്കുന്നതല്ല ഇതെന്ന് പറയാതിരിക്കാനാവുന്നില്ല. മുസ്ലിം ലീഗ് പ്രസ്ഥാനത്തെക്കുറിച്ചും മലബാറിലെ യുഡിഎഫിന്റെ സംഘടനാ ശേഷിയെക്കുറിച്ചുമുള്ള അജ്ഞതയായിരുന്നു ഇതിന് പിന്നിലെന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ സർവ്വേ നടത്തിപ്പുകാർക്ക് ബോധ്യപ്പെടും. 

അതിനുള്ള കരുത്ത് വടക്കൻ കേരളത്തിലെ മുസ്ലിം ലീഗിന്റെയും യു ഡി എഫിന്റെയും പ്രവർത്തകർക്കുണ്ട്. ഈ കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് തുരങ്കം വെക്കാൻ ശ്രമിച്ചവർക്കുള്ള ശക്തമായ താക്കീത് ജനവികാരമായി ആഞ്ഞടിക്കും. മറ്റ് നിരവധിയായ പ്രശ്നങ്ങൾക്കു പുറമേയാണിത്. സ്വന്തം നാട്ടിലേയ്ക്ക് തിരികെയെത്താനുള്ള ഓരോ മനുഷ്യന്റെയും ആഗ്രഹത്തിനാണിവർ വിലങ്ങുതടിയായത്. വടക്കൻ കേരളത്തിൽ നിലവിൽ യു ഡി എഫിന്റെ പക്കലുള്ള ഒരു സീറ്റും ഇടതുപക്ഷത്തിന് കിട്ടാനും പോകുന്നില്ല, അവരുടെ കയ്യിലുള്ള നിരവധി സീറ്റുകൾ മഹാഭൂരിപക്ഷത്തിൽ യു.ഡി എഫ് പിടിച്ചെടുക്കുകയും ചെയ്യും. 

ബി ജെ പിയെക്കുറിച്ച് എന്തെങ്കിലും പ്രസക്തമായി ഈ സർവേയെ മുൻനിർത്തി പറയുന്നതു തന്നെ അവർക്കൊരു അംഗീകാരമാകുമെന്നതിനാൽ അതിന് മുതിരുന്നില്ല. സർവേകളെയല്ല ജനങ്ങളെയാണ് യു ഡി എഫ് പിന്തുടരേണ്ടത്. അവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് നാം വ്യാപൃതരാവേണ്ടത്. നമ്മുടെ സഹായം ആവശ്യമുള്ള, നമ്മുടെ ഇടപെടൽ വേണ്ടതായ കാര്യങ്ങളിൽ ആത്മാർത്ഥമായ ഇടപെടലാണ് ഓരോ മുസ്ലിം ലീഗ്, യു ഡി എഫ് പ്രവർത്തകരും നടത്തേണ്ടത്. സർവേകൾ ആ വഴിക്ക് പോകട്ടെ, നമുക്ക് നമ്മുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഒരുമയോടെ മുന്നോട്ടു പോകാം. 

യുഡിഎഫ് ഭരിക്കുന്ന കേരളം യാഥാർത്ഥ്യമാക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാം.

Full View
Tags:    
News Summary - sadikali thangal against opinion poll -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.