തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; മേൽശാന്തി നറുക്കെടുപ്പ്​ നാളെ

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ശനിയാഴ്ച വൈകീട്ട്​ അഞ്ചിന്​ തുറക്കും. തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും. ഞായറാഴ്ച മുതലാണ് തീർഥാടകർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രതിദിനം 15,000 പേർക്കാണ്​ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 21ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിന്‍റെ ഭാഗമായി നവംബര്‍ രണ്ടിന് വൈകുന്നേരം ശബരിമല ക്ഷേത്ര നട വീണ്ടും തുറക്കും. നവംബര്‍ മൂന്നിനാണ് ആട്ട ചിത്തിര. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബർ 15നാണ് നട തുറക്കുക.

ഞായറാഴ്ച രാവിലെയാണ് ശബരിമലയിലെയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ്. മേൽശാന്തിമാരെ നറുക്കെടുക്കാൻ പന്തളം കൊട്ടാരത്തിലെ ഗോവിന്ദ് വർമയെയും നിരഞ്ജൻ ആർ. വർമയെയും തെരഞ്ഞെടുത്തു. ഇവരുടെ തെരഞ്ഞെടുപ്പിന്​ പന്തളം വലിയ തമ്പുരാൻ രേവതിനാൾ പി. രാമവർമ രാജ അംഗീകാരം നൽകി.

ഞായറാഴ്ച രാവിലെ ഗോവിന്ദ് ശബരിമല മേൽശാന്തിയെയും നിരഞ്ജൻ മാളികപ്പുറം മേൽശാന്തിയെയും തെരഞ്ഞെടുക്കും. ശനിയാഴ്ച ഇരുവരും യാത്ര തിരിക്കും. കുട്ടികളുടെ രക്ഷിതാക്കൾക്കൊപ്പം പന്തളം കൊട്ടാരം നിർവാഹക സംഘം പ്രതിനിധികളും അനുഗമിക്കും.

മുൻ രാജപ്രതിനിധി പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിൽ കെ. കേരളവർമയുടെ കൊച്ചുമകനാണ് ഗോവിന്ദ്. ഇന്ത്യൻ നേവി ക്യാപ്റ്റൻ രാംരാജ് വർമയുടെയും കൊച്ചി രാജകുടുംബാംഗം ലക്ഷ്മി വർമയുടെയും മകനാണ്. ഡൽഹി നേവൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

പന്തളം കൊച്ചു കൊട്ടാരത്തിൽ പരേതനായ കെ.സി. രാമവർമയുടെ ചെറുമകൻ കിളിമാനൂർ കൊട്ടാരത്തിലെ രാജേഷ് കെ. വർമയുടെയും കടപ്ര മണിപ്പറമ്പിൽ കോയിക്കൽ നിഷ ആർ. വർമയുടെയും മകനാണ് നിരഞ്ജൻ. വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

2011ലെ സുപ്രീംകോടതി ഉത്തരവനുസരിച്ചു ജസ്​റ്റിസ് കെ.ടി. തോമസി‍െൻറ മീഡിയേഷൻ റിപ്പോർട്ട്​ പ്രകാരമാണ് പന്തളം കൊട്ടാരത്തിലെ കുട്ടികൾക്ക്​ മേൽശാന്തിമാരെ നറുക്കെടുക്കാൻ അവകാശം ലഭിച്ചത്​. ശബരിമല മേൽശാന്തിയെ ആൺകുട്ടിയും മാളികപ്പുറം മേൽശാന്തിയെ പെൺകുട്ടിയുമാണ്​ തെരഞ്ഞെടുത്തിരുന്നത്. കോവിഡ് മാനദണ്ഡം നിലവിൽ വന്നതോടെയാണ്​ കഴിഞ്ഞ വർഷം മുതൽ 10 വയസ്സിനു മുകളിലുള്ള ആൺകുട്ടികൾ മാത്രം മേൽശാന്തി നറുക്കെടുപ്പിനായി മല കയറുന്നത്.

Tags:    
News Summary - Sabarimala will open today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.