മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് വിട്ടു നിൽക്കും -വി. മുരളീധരൻ

കോഴിക്കോട്: ശബരിമലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ എം.പി. നവംബർ 19ന്​ മു​ഖ്യ​മ​ന്ത്രി കോഴിക്കോട് ഉ​ദ്​​ഘാ​ട​നം ചെയ്യുന്ന കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ (കെ.​യു.​ഡ​ബ്ല്യു.​ജെ) 55ാം സം​സ്​​ഥാ​ന സ​േ​മ്മ​ള​നത്തിൽ നിന്നാണ് മുരളീധരൻ വിട്ടുനിൽക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കെ.​യു.​ഡ​ബ്ല്യു.​ജെ സംസ്ഥാന പ്രസിഡന്‍റിന് അയച്ച കത്തിൽ വി. മുരളീധരൻ വ്യക്തമാക്കി.

ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ചുമതലയുള്ള മുഖ്യമന്ത്രി തന്നെയാണ് ദൗര്‍ഭാഗ്യവശാല്‍ ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അത്തരത്തലുള്ള ഒരു വ്യക്തി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വേദി പങ്കിടാന്‍ മനഃസാക്ഷി അനുവദിക്കുന്നില്ല. അതിനാല്‍ കെ.​യു.​ഡ​ബ്ല്യു.​ജെ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും മുരളീധരൻ അറിയിച്ചു.

വി. ​മു​ര​ളീ​ധ​ര​നെ കൂടാതെ സമ്മേളനത്തിലേക്ക് മ​ന്ത്രി​മാ​രാ​യ ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ, എ.​കെ. ശ​ശീ​ന്ദ്ര​ൻ, എം.​പി​മാ​രാ​യ എം.​കെ. രാ​ഘ​വ​ൻ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ, ബി​നോ​യ്​ വി​ശ്വം, എം.​എ​ൽ.​എ​മാ​രാ​യ എ. ​പ്ര​ദീ​പ്​ കു​മാ​ർ, എം.​കെ. മു​നീ​ർ, മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രെ ക്ഷണിച്ചിട്ടുണ്ട്.

കത്തിന്‍റെ പൂർണരൂപം:

പ്രിയ കമാൽ വരദൂർ,
കേരള പത്ര പ്രവര്‍ത്തകയൂണിയന്‍ 55-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാന്‍ ക്ഷണിച്ചതില്‍ നന്ദി അറിയിക്കുന്നു. സമ്മേളനത്തില്‍ സംബന്ധിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ആ ഉറപ്പ് പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഞാന്‍ ഇതു എഴുതുന്നത്.

ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണ്. പ്രതികൂല സാഹചര്യങ്ങള്‍ പോലും നേരിട്ടു കൊണ്ട് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അര്‍പ്പണബോധത്തെ അഭിനന്ദിക്കാന്‍ ഞാന്‍ ഈ അവസരത്തില്‍ ആഗ്രഹിക്കുന്നു. മാധ്യമ ഉടമസ്ഥരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാത്തതിന്‍റെ പേരിലുള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വഹിച്ച പങ്ക് ശ്ലാഘനീയമാണ്.

ജനാധിപത്യ സംവിധാനത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് മതസ്വാതന്ത്ര്യവും. മതസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ് ആരാധന സ്വാതന്ത്ര്യവും. ഇവ ഉറപ്പ് വരുത്തുന്നതിനുള്ള ചുമതലയാണ് ഭരണകൂടത്തിന്‍റേത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല.

ശബരിമലയുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്നും പൊലീസ് ബലമായി ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ശബരിമലയിലും പരിസരപ്രദേശങ്ങളിലും അക്ഷരാര്‍ഥത്തില്‍ പൊലീസ്‌രാജ് നടപ്പിലാക്കിയിരിക്കുകയാണ്. ആചാരനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ട് വൃതശുദ്ധിയോടെ ശബരിമലയിലേയ്ക്ക് പോകുന്ന തീർഥാടകരെ അകാരണമായി അറസ്റ്റ് ചെയ്ത നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ളത്. കേരളത്തിലെ ജനങ്ങള്‍ ബഹുമാനിക്കുന്ന ബഹുജനനേതാക്കളായ ശശികല ടീച്ചറും കെ. സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ ഈ പൊലീസ് രാജിന് ഇരയായവരാണ്.

ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും ആരാധനസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ചുമതലയുള്ള സംസ്ഥാന മുഖ്യമന്ത്രി തന്നെയാണ് ദൗര്‍ഭാഗ്യവശാല്‍ ഈ ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അത്തരത്തലുള്ള ഒരു വ്യക്തി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വേദി പങ്കിടാന്‍ എന്‍റെ മനസാക്ഷി അനുവദിക്കുന്നില്ല എന്ന് വിനയപൂര്‍വം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനത്തന്‍റെ ഉദ്ഘാടനചടങ്ങില്‍ സംബന്ധിക്കാന്‍ എനിക്ക് സാധ്യമല്ലാതെ വന്നിരിക്കുന്നു.

എന്‍റെ മനഃസാക്ഷിയോട് നീതിപുലര്‍ത്താന്‍ അനുവദിക്കണമെന്ന് അഭ്യർഥിക്കുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയനും സമ്മേളന പ്രതിനിധികള്‍ക്കും ആശംസകൾ നേരുന്നു.
സ്നേഹാദരങ്ങളോടെ,
വി. മുരളീധരൻ എം.പി
.

Tags:    
News Summary - Sabarimala V Muraleedharan bjp -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.