ശബരിമല : 41 ദിനം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തി കുറിച്ച് ശബരീശ സന്നിധിയിൽ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയും മണ്ഡല പൂജയും ശനി, ഞായർ ദിവസങ്ങളിൽ നടക്കും. മണ്ഡല പൂജയോട് അനുബന്ധിച്ച് അയ്യപ്പസ്വാമിക്ക് ചാർത്തുവാനായി തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ നടക്കുെവച്ച തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ശനിയാഴ്ച ഉച്ചക്ക് 1.30ന് പമ്പയില്‍ എത്തും.
തങ്ക അങ്കി ഘോഷയാത്രക്ക് അഞ്ച് മണിയോടെ ശരംകുത്തിയില്‍ ആചാരപ്രകാരം സ്വീകരണം നല്‍കും. ശ്രീകോവിലിൽനിന്ന് തന്ത്രി പൂജിച്ചു നല്കിയ പുഷ്പഹാരങ്ങള്‍ അണിഞ്ഞെത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരും മറ്റ് വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് തങ്ക അങ്കിയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുക. ഘോഷയാത്ര പതിനെട്ടാംപടി കയറുമ്പോള്‍ കൊടിമരത്തിനു മുന്നിൽ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് കെ. അനന്തഗോപന്റെ നേതൃത്വത്തിൽ തങ്ക അങ്കിയെ സ്വീകരിക്കും. പേടകം സോപാനത്ത് എത്തുമ്പോള്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി എന്നിവർ ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി 6.30ന് ദീപാരാധന നടത്തും.
ഞായറാഴ്ച ഉച്ചക്ക് 11.50നും 1.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. ഉച്ചക്ക് ഒന്നരയോടെ നട അടയ്ക്കും. വൈകുന്നേരം നാലിന് നട വീണ്ടും തുറക്കും. 6.30ന് ദീപാരാധനയും തുടര്‍ന്ന് പടിപൂജയും ഉണ്ടാവും. അത്താഴപൂജക്ക് ശേഷം രാത്രി 9.50 ന് ഹരിവരാസനം പാടി 10 ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉത്സവ തീർഥാടനത്തിനും സമാപനമാകും. ജനുവരി 14 ന് നടക്കുന്ന മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകുന്നേരം അഞ്ചിന് നട തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.