ശബരിമല: മണ്ഡല -മകരവിളക്ക് തീർഥാടനത്തിന്‍റെ ഭാഗമായി ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനം ലഭിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.അനന്തഗോപൻ. 222,98,70,250 രൂപ വരുമാനത്തിൽ 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 29 ലക്ഷത്തിലേറെ തീർഥാടകർ ഇതുവരെ ദർശനത്തിനെത്തിയെന്നും സന്നിധാനത്ത് വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
29,08,500 തീർഥാടകരെത്തിയതിൽ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവർഷത്തോളം നിയന്ത്രണങ്ങളുണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വർധിക്കാൻ കാരണം. കുട്ടികൾക്കും അംഗപരിമിതർക്കും പ്രായമായവർക്കും ഏർപ്പെടുത്തിയ പ്രത്യേക വരി ഫലപ്രദമാണ്. പരമാവധി പരാതികുറച്ച് തീർഥാടനം പൂർത്തിയാക്കാനായി. ഒരുദിവസം മാത്രമാണ് ദർശനത്തിന് ആളുകൾക്ക് കൂടുതൽ നേരം വരിനിന്നതായി ആക്ഷേപമുയർന്നത്. ശബരിമലയിൽ തിരക്ക് സ്വാഭാവികമാണ്. എന്നാൽ, സാധാരണയിലധികം നേരം ദർശനത്തിന് കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായാൽ അതു പരിശോധിക്കുന്നതാണെന്നും പ്രസിഡന്‍റ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, എക്സിക്യൂട്ടിവ് ഓഫിസർ എച്ച്. കൃഷ്ണകുമാർ, ബോർഡ് ചീഫ് എൻജിനീയർ ആർ. അജിത് കുമാർ, വിജിലൻസ് എസ്.പി. സുബ്രഹ്മണ്യം എന്നിവരും പങ്കെടുത്തു.
ശബരിമല: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ചൊവ്വാഴ്ച ശബരീശ സന്നിധിയിൽ മണ്ഡലപൂജ നടക്കും. ഉച്ചക്ക് 12.30നും ഒന്നിനും മധ്യേയുള്ള മീനം രാശിയില്‍ കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തിലാണ് മണ്ഡലപൂജ. തുടർന്ന് ഉച്ച പൂജക്കുശേഷം അടക്കുന്ന നട മൂന്നുമണിയോടെ തുറക്കും. വൈകീട്ട് ആറരക്ക് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. രാത്രി 10ന് ഹരിവരാസനം പാടി നട അടക്കുന്നതോടെ 41 ദിവസം നീണ്ട മണ്ഡലകാല മഹോത്സവത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിന് ഈമാസം 30ന് വൈകീട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
ശബരിമല: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താൻ തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ നടക്കുവെച്ച തങ്കയങ്കി ഘോഷയാത്രക്ക് സന്നിധാനത്ത് സ്വീകരണം നൽകി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ പമ്പയിലെത്തിയ ഘോഷയാത്രയെ പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ പമ്പ ഗണപതി കോവിലിലേക്ക് സ്വീകരിച്ചു.
തുടര്‍ന്ന് അഞ്ചരയോടെ ശരംകുത്തിയിലെത്തിയ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ പി.എസ്. ശാന്തകുമാര്‍, എ.ഇ.ഒ രവികുമാര്‍, സോപാനം സ്പെഷല്‍ ഓഫിസര്‍ രാജീവ് എന്നിവര്‍ ചേർന്ന് സന്നിധാനത്തേക്ക് ആനയിച്ചു.
6.15ന് പതിനെട്ടാംപടി കയറിയെത്തിയ തങ്കയങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ.അനന്തഗോപന്‍, അംഗം അഡ്വ. എസ്.എസ്. ജീവന്, എ.ഡി.ജി.പിയും ശബരിമല പൊലീസ് ചീഫ് കോഓഡിനേറ്ററുമായ എം.ആര്. അജിത്കുമാര്‍, ശബരിമല സ്പെഷല്‍ കമീഷണര്‍ മനോജ്, ദേവസ്വം കമീഷണര്‍ ബി.എസ്. പ്രകാശ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു. സോപാനത്തുവെച്ച് തന്ത്രി കണ്ഠരര് രാജീവരര് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.