വി.എന്‍ വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല: ശബരിമലയില്‍ പുതിയ മേല്‍ശാന്തിയായി പാലക്കാട് സ്വദേശി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. നിലവില്‍ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ചെങ്ങന്നൂര്‍ സ്വദേശി എം.എന്‍.നാരായണന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുക്കപ്പെട്ടു. ചെങ്ങന്നുർ ഇരമല്ലികര, മാമ്പറ്റ ഇല്ലത്തെ പ്രതിനിധിയാണ് എം.എൻ നാരയണൻ നമ്പൂതിരി.

തുലാമാസം ഒന്ന് പ്രമാണിച്ച്​ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട രാവിലെ അഞ്ച്​ മണിക്ക് തുറന്ന് നിർമ്മാല്യവും നെയ്യഭിഷേകവും നടത്തി. ഗണപതി ഹോമത്തിനും ഉഷപൂജക്കും ശേഷം എട്ട്​ മണിയോടെയാണ്​ ശബരിമലയിലെ, വരുന്ന ഒരു വർഷത്തേക്കുള്ള മേൽശാന്തിയുടെ നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചത്​. ദേവസ്വം കമ്മീഷണർ എൻ. വാസു നറുക്കെടുപ്പ് നടപടികൾക്ക് നേത്യത്വം നൽകി.

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനായി പട്ടികയില്‍ ഇടം നേടിയ ഒമ്പത്​ ശാന്തിമാരുടെ പേരുകള്‍ ഉറക്കെ വായിച്ച ശേഷം അവരുടെ പേരുകൾ എഴുതിയ പേപ്പർ ചുരുളുകളാക്കി ഒരു വെള്ളി കുടത്തിൽ നിക്ഷേപിച്ചു. രണ്ടാമത്തെ വെള്ളിക്കുടത്തിൽ ഒമ്പത്​ പേപ്പർ ചുരുകളും ഇട്ടു. അവയിൽ ഒന്നിൽ മാത്രം മേൽശാന്തി എന്ന് രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവ ഒന്നും രേഖപ്പെടുത്താതെ നിക്ഷേപിച്ചവയാണ്. പിന്നീട് വെള്ളിക്കുടങ്ങൾ ശ്രീകോവിലിനുള്ളിൽ പൂജ നടത്തി. തുടർന്ന് തന്ത്രി കണ്ഠര് രാജീവര് പൂജിച്ച കുടങ്ങൾ നറുക്കെടുപ്പ് നടത്താനായി കൈമാറി. പന്തളം രാജകൊട്ടാരത്തിൽ നിന്നെത്തിയ ഋഷികേശ് എസ്. വർമ്മ എന്ന കുട്ടിയാണ് ഇവിടെ നറുക്കെടുത്തത്.

നറുക്കെടുപ്പ് ആറാം ഊഴമെത്തിയപ്പോൾ മേൽശാന്തിയായി വി എൻ. വാസുദേവൻ നമ്പൂതിരിയെ തെരഞ്ഞെടുക്കുകയായിരു​ന്നു. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിൽ നടന്ന നറുക്കെടുപ്പിലൂടെ എം.എൻ. നാരായണൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. പന്തളം കൊട്ടാരത്തിൽ നിന്നെത്തിയ ദുർഗ രാമദാസ് രാജയാണ് മാളികപ്പുറം മേൽശാന്തിയെ തെരഞ്ഞെടുത്തത്. ഹൈകോടതി നിയോഗിച്ച ഓംപുഡ്സ്മാൻ ഭാസ്ക്കര​​​െൻറ നിരീക്ഷത്തിലാണ് ശബരിമലയിലെയും മാളികപ്പുറത്തെയും നറുക്കെടുപ്പ് നടന്നത്.

ദേവസ്വം ബോർഡ് പ്രസിഡൻറ്​ എ. പത്മകുമാർ, ബോർഡ് അംഗം കെ.പി. ശങ്കരദാസ്, ശബരിമല സ്പെഷ്യൽ കമീഷണർ മനോജ്, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് തുടങ്ങിയവരും ഇരു നറുക്കെടുപ്പുകളിലും സന്നിഹിതരായിരുന്നു. ശരണ മന്ത്രങ്ങളുമായി അയ്യപ്പഭക്തരും മേൽശാന്തി നറുക്കെടുപ്പിന് സാക്ഷികളായി. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരാണ്. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാര്‍ തുലാം മുപ്പതിന് (നവംബര്‍16) ഇരുമുടിക്കെട്ടുമായി മലചവിട്ടി സന്നിധാനത്തെത്തും.

തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവരര് മേല്‍ശാന്തിമാരെ അഭിഷേകം നടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ക്ഷേത്ര ശ്രീകോവിലേക്ക് ആനയിക്കും. ശേഷം പുതിയ മേല്‍ശാന്തിമാര്‍ക്ക് തന്ത്രി ശ്രീകോവിലിനുള്ളില്‍ വച്ച് മൂലമന്ത്രം ചൊല്ലിക്കൊടുക്കും. വിശ്ചികം ഒന്നിന് (നവംബര്‍ 17 ന്) ശബരിമല ധര്‍മ്മ ശാസ്താക്ഷേത്ര നട തുറക്കുന്നത് പുതിയ മേല്‍ശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയായിരിക്കും.

അഞ്ച്​ ദിവസത്തെ തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 22ന് രാത്രി ഹരിവരാസനം പാടി അടക്കും. തുലാം മാസ പൂജകൾക്കായി നട തുറന്നപ്പോൾ രണ്ടാം ദിവസവും വിവിധ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നൂറ് കണക്കിന് അയ്യപ്പഭക്തരാണ് ക്ഷേത്ര ദർശനത്തിന് എത്തുന്നത്.

Tags:    
News Summary - sabarimala harthal, clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.