കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ നാലാംപ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈകോടതി ചൊവ്വാഴ്ചവരെ തടഞ്ഞു. ജയശ്രീയുടെ മുൻകൂർജാമ്യ ഹരജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്.
സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നതാണ് ജയശ്രീക്കെതിരായ ആരോപണം. ചെമ്പുപാളികൾ എന്ന പേരിലായിരുന്നു ഉത്തരവ്. ബോർഡ് തീരുമാനം ഉത്തരവായി ഇറക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റകൃത്യത്തിന് കൂട്ടുനിന്നിട്ടില്ലെന്നുമാണ് ഹരജിക്കാരിയുടെ വാദം. 38 വർഷത്തെ സേവനത്തിനിടെ ഒരു അച്ചടക്കനടപടിക്കും വിധേയമായിട്ടില്ലാത്ത താൻ തിരുവാഭരണം കമീഷണറായി 2020ൽ വിരമിച്ചശേഷം രോഗാവസ്ഥയിലാണെന്നും ഹരജിയിൽ പറയുന്നു.
മുൻകൂർജാമ്യ ഹരജി പത്തനംതിട്ട പ്രിൻസിപ്പൽ ജില്ല കോടതി തള്ളിയതിനെത്തുടർന്നാണ് ജയശ്രീ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.