തിരുവനന്തപുരം: ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ളയും ആളിക്കത്തിക്കാൻ പ്രതിപക്ഷവും, ക്ഷേമാനുകൂല്യങ്ങൾ നിരത്തി പ്രതിരോധക്കോട്ട തീർക്കാൻ ഭരണപക്ഷവും കളം നിറഞ്ഞതോടെ നാട്ടങ്കത്തിൽ ഇനി തീപാറും പോര്. പി.എം ശ്രീയിൽ മുന്നണിയിലുണ്ടായ പടലപ്പിടക്കണത്തിന്‍റെ തീയും പുകയും ആനുകൂല്യ പ്രഖ്യാപനങ്ങളുടെ തണലിൽ ഒരു പരിധിവരെ കെട്ടടക്കി തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുമ്പോഴാണ് ശബരിമലയിലെ സ്വർണക്കൊള്ളയിൽ നേതാക്കളിലേക്ക് നീളുന്ന അറസ്റ്റ് എൽ.ഡി.എഫിന് തീപ്പൊള്ളലാകുന്നത്.
മുൻ ദേവസ്വം ബോർഡ് കമീഷണറും പ്രസിഡന്‍റുമായിരുന്ന എൻ. വാസുവിന്‍റെ അറസ്റ്റാണ് ഒടുവിലത്തേത്. ഇതോടെ അന്വേഷണം പാർട്ടിയിലേക്ക് എത്തുന്നു എന്നത് മുൻനിർത്തി തെരഞ്ഞെടുപ്പ് കളത്തിൽ ശബരിമല വിഷയം ഗൗരവം ചോരാതെ നിലനിർത്താനാണ് യു.ഡി.എഫ് ശ്രമം. വാസുവിന്‍റെ അറസ്റ്റിന് പിന്നാലെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ ബുധനാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടക്കുകയാണ്.
പ്രചാരണ ഘട്ടത്തിലെ പ്രത്യക്ഷ സമരം അസാധാരണമെങ്കിലും ഈ അസാധാരണ സാഹചര്യത്തെ സാധ്യതയാക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമം. ഒപ്പം സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധിയും വിപണിയിലെ പൊള്ളുന്ന വിലക്കയറ്റവുമെല്ലാം പ്രചാരണ അജണ്ടകളാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ, സർക്കാറിനെതിരായ ആരോപണങ്ങൾ, സ്വജനപക്ഷപാതം, ധനപ്രതിസന്ധി എന്നിവയെല്ലാം പ്രാദേശിക തലത്തിൽ ചർച്ചയാക്കാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
മറുഭാഗത്ത് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നൂറുശതമാനം പ്രാദേശികമാക്കുക എന്നതാണ് ഇടതുമുന്നണിയുടെ പ്രധാന തന്ത്രം. യു.ഡി.എഫ് ഉയർത്തുന്ന വിമർശനങ്ങളുടെ വാൾമുനയിൽ തളരാതെ, ശക്തമായ പ്രതിരോധം തീർത്തും താഴേത്തട്ടിൽ ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ചും മുന്നോട്ടുപോകാനാണ് എൽ.ഡി.എഫിന്റെ തീരുമാനം. ഭരണവിരുദ്ധ വികാരം എന്നത് പ്രതിപക്ഷത്തിന്റെ കെട്ടുകഥ മാത്രമാണെന്ന് സ്ഥാപിക്കാനാണ് മുന്നണിയുടെ ശ്രമം.
ലൈഫ് മിഷൻ വഴി ലക്ഷക്കണക്കിന് പേർക്ക് വീട് നൽകിയതും മെച്ചപ്പെട്ട പൊതുവിദ്യാഭ്യാസ സംവിധാനങ്ങളും അതിദരിദ്രരില്ലാത്ത കേരളവും ക്ഷേമ പെൻഷൻ വർധനയുമടങ്ങുന്ന പ്രോഗ്രസ് കാർഡ് ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചാവും പ്രചാരണം. പുതുക്കിയ നിരക്കിലെ ഒരു ഗഡുവും നേരത്തെയുണ്ടായിരുന്നതിലെ ഒരു മാസത്തെ കുടിശ്ശികയും ചേർത്ത് 3600 രൂപ ക്ഷേമ പെൻഷനായി നവംബർ 20 മുതൽ വിതരണം ചെയ്യുകയാണ്. 62 ലക്ഷം പേരിലേക്കാണ് തുകയെത്തുന്നത്. ഇതും വോട്ടുവഴികളെ സ്വാധീനിക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.