ശബരിമല സ്വർണക്കൊള്ള;പോറ്റി വെറും 'ടൂൾ' പിന്നിൽ വൻ ഗൂഢാലോചന

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വർണക്കവർച്ചയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും ബോർഡിനെയും പ്രതിസ്ഥാനത്ത് നിർത്തി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. താൻ സ്പോൺസറായി എത്തുംമുമ്പ് തന്നെ ശബരിമലയിലെ സ്വർണം കവർച്ച ചെയ്യാനുള്ള പദ്ധതികൾ ഉന്നതതലത്തിൽ നടന്നിരുന്നുവെന്നും താൻ ഇവരുടെ കൈയിലെ ഉപകരണം മാത്രമായിരുന്നുവെന്നുമാണ് പോറ്റി അന്വേഷണസംഘത്തെ അറിയിച്ചത്. ഇത് സാധൂകരിക്കുന്ന തരത്തിലാണ് അന്വേഷണത്തിന്‍റെ പോക്കും. കട്ടിളപ്പടിയിലും ദ്വാരപാലക ശിൽപങ്ങളിലും ശ്രീകോവിലിലെ തെക്കുവടക്ക് പാളികളിലുമായി രണ്ടു കിലോയോളം സ്വർണം തട്ടിയെടുത്തെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഈ സ്വർണം ഉദ്യോഗസ്ഥരടക്കം പലരും പങ്കിട്ടു. കേസിന്‍റെ പുരോഗതിക്കും വിചാരണക്കും കവർന്നെടുത്ത സ്വർണം കണ്ടെത്തുക എന്നതാണ് അന്വേഷണസംഘത്തിന്‍റെ ഇനിയുള്ള വെല്ലുവിളി.

സ്മാർട്ട് ക്രിയേഷൻസിൽ എത്തിയ പാളികളിൽ നിന്ന് 989.8 ഗ്രാം സ്വർണം വേർതിരിച്ചെടുത്തെന്നാണ് സ്മാർട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഇതിൽ 394.9 ഗ്രാം സ്വർണം ഉപയോഗിച്ച് ദ്വാരപാലക ശിൽപങ്ങളിൽ വീണ്ടും ഗോൾഡ് പ്ലേറ്റിങ് നടത്തി.109 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസ് കൂലിയായി എടുത്തു. ബാക്കി 60 പവനോളം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ചുമതലപ്പെടുത്തി സ്മാർട്ട് ക്രിയേഷനിലെത്തിയ കൽപേഷിന് കൊടുത്തുവിട്ടുവെന്നാണ് പങ്കജ് ഭണ്ഡാരി അറിയിച്ചത്. സി.ഇ.ഒയുടെ ‘കണക്കും’ മൊഴിയും അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

1998ൽ വിജയ് മല്യ കട്ടിളപ്പടിയും ദ്വാരപാലക ശിൽപങ്ങളും സ്വർണം പൂശുകയല്ല പകരം പതിപ്പിക്കുകയാണ് ചെയ്തത്. 2019 ജൂലൈ 19ന് സ്വർണം പൂശാനെന്ന പേരിൽ ദ്വാരപാലക ശിൽപങ്ങളിലെ 12 പാളികളും തെക്കും വടക്കും പൊതിഞ്ഞിട്ടുള്ള രണ്ട് സ്വർണ തകിടുകളും ( ആകെ 42.8 കിലോ) പോറ്റിയുടെ സുഹൃത്തെന്ന പേരിൽ ബംഗളൂരു സ്വദേശി അനന്ത സുബ്രമണ്യനാണ് ശബരിമലയിൽ നിന്ന് കടത്തുന്നത്. ഇയാൾ ഏതാനും ദിവസം ബംഗളൂരുവിലെ വീട്ടിൽ ഇവ സൂക്ഷിച്ചു. തുടർന്ന് പോറ്റിയുടെ നിർദേശപ്രകാരം അറ്റകുറ്റപ്പണിക്കെന്ന പേരിൽ ഹൈദരാബാദിലേക്ക് കൊടുത്തുവിട്ടെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. ഹൈദരാബാദിൽ ചെമ്പ്/ സ്വർണം എന്നിവയുടെ അറ്റകുറ്റപ്പണി നടത്തുന്ന നാഗേഷിന്‍റെ കൈയിലേക്കാണ് പാളികൾ എത്തിയത്. ‘അറ്റകുറ്റപ്പണിക്ക്’ ശേഷം നാഗേഷ് ഓഗസ്റ്റ് 29ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച പാളികളുടെ ഭാരം 38.2 കിലോയായി കുറഞ്ഞു.

സന്നിധാനത്തുനിന്ന് ചെമ്പെന്ന് രേഖപ്പെടുത്തി കൊണ്ടുപോയ ‘സ്വർണപാളികൾ’ ഹൈദരാബാദിൽ നാഗേഷിന്‍റെ നേതൃത്വത്തിൽ അഴിച്ചെടുത്ത് പകരം അതേപകർപ്പിൽ അച്ച് തയ്യാറാക്കി ചെമ്പുപാളിയാക്കി സ്മാർട്ട് ക്രിയേഷൻസിലെത്തിച്ചെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. 

Tags:    
News Summary - sabarimala gold missing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.