ശബരിമല സ്വർണപ്പാളി വിവാദം: റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ വിശദ അന്വേഷണം വേണമെന്ന് ഹൈകോടതി

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വിശദ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. വിരമിച്ച ജഡ്ജി തലവനായ അന്വേഷണ കമീഷനെ ഇതിനായി ഏർപ്പെടുത്തണമെന്നും ജസ്റ്റിസ് രാജാവിജയരാഘവൻ ഉൾപ്പെടുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട വാദത്തിനിടെ ദേവസ്വം ബോർഡ് കമീഷണർ ഹാജരായി വിവരങ്ങൾ അറിയിച്ചിരുന്നു. മാറ്റി സ്ഥാപിച്ച ദ്വാരപാലക പീഠവുമായി ബന്ധപ്പെട്ടും വിവാദമുയർന്ന പശ്ചാത്തലത്തിൽ സന്നിധാനത്തെ മുഴുവൻ കാര്യങ്ങളിലും വിശദമായ അന്വേഷണം വേണമെന്ന് കോടതി നിർദേശിച്ചു.

2019 സ്വർണം പൂശാനായി സ്വർണപ്പാളി കൊണ്ടുപോകുമ്പോൾ 42 കിലോ ഉണ്ടായിരുന്നു. തിരിച്ചുവരുമ്പോൾ അത് 38 കിലോ ആയി കുറഞ്ഞു. അതിനുമുമ്പ് 2009ൽ സ്വർണം പൂശുമ്പോഴുണ്ടായിരുന്ന കണക്ക് വ്യക്തമല്ല. സന്നിധാനത്തെ ആഭരണങ്ങൾ, ഇവയുടെ കണക്ക് സൂക്ഷിക്കുന്ന രജിസ്റ്ററുകൾ എന്നിവയിൽ അവ്യക്തതയുണ്ട്. സ്വത്തുവകകൾ സംബന്ധിച്ച രേഖകളിലും വ്യക്തത വരേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം വേണമെന്ന് ദേവസ്വം വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. അവ്യക്തതകളും സംശയങ്ങളും ദുരീകരിക്കാൻ സമിതിയെ നിയോഗിക്കാനാണ് കോടതി നിർദേശം.

അതേസമയം ദ്വാരപാലക ശില്പത്തിന്‍റെ സ്വര്‍ണ പീഠം കാണാതായ സംഭവത്തിലും തുടര്‍ന്ന് ഇതേ പീഠം സ്പോണ്‍സറുടെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാര്‍ പ്രതികരിച്ചു. സ്വര്‍ണ പീഠവുമായി ബന്ധപ്പെട്ട ദുരൂഹത വിജിലന്‍സ് അന്വേഷിക്കട്ടെയെന്ന് പത്മകുമാര്‍ പറഞ്ഞു. വിവാദമുണ്ടായ കാലത്ത് പത്മകുമാർ ആയിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്.

സ്വർണ പീഠം എടുത്തതുകൊണ്ട് ഉണ്ണികൃഷ്ണനോ വാസുദേവനോ പ്രത്യേകിച്ച് ലാഭമുള്ള കേസ് അല്ല. അവര്‍ എന്തിന് അങ്ങനെ ചെയ്തു എന്നത് വിജിലൻസ് അന്വേഷിക്കണം. പുതിയ പീഠം കൊണ്ട് വന്നപ്പോൾ ശിൽപവുമായി ചേരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തിരികെ കൊടുത്ത് വിടുമ്പോൾ ദേവസ്വം ഉദ്യോഗസ്ഥരാണ് രേഖ തയ്യാറാക്കേണ്ടത്. അവർ അത് ചെയ്തിട്ട് ഉണ്ടാകും എന്ന് കരുതുന്നു. നടപടികൾ എല്ലാം ചെയ്തത് അന്നത്തെ തിരുവാഭരണം കമീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണെന്നും സ്പോണ്‍സര്‍ ഉണ്ണികൃഷ്ണനുമായി വ്യക്തി ബന്ധമില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

കോട്ടയത്തുള്ള സുഹൃത്താണ് നാലര വര്‍ഷമായി പീഠം സൂക്ഷിച്ചിരുന്നതെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതികരിച്ചു. പീഠം ശില്പത്തില്‍ യോജിക്കാതിരുന്നപ്പോള്‍ സുഹൃത്ത് മടക്കിക്കൊണ്ടു പോകുകയായിരുന്നു. പീഠം കാണാനില്ലെന്ന് താന്‍ പറഞ്ഞപ്പോഴാണ് സുഹൃത്ത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പീഠങ്ങള്‍ തിരുവനന്തപുരത്തെ തന്റെ വീട്ടില്‍ എത്തിച്ചു. താന്‍ ബംഗളൂരുവിലേക്ക് പോയപ്പോള്‍ സഹോദരിയുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

2021ല്‍ സുഹൃത്ത് വാസുദേവന്റെ അടുത്താണ് സ്വര്‍ണപീഠം ശബരിമലയില്‍ സമര്‍പ്പിക്കാനായി നല്‍കിയതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. അളവ് കൃത്യമാകാത്തതിനാല്‍ വാസുദേവന്റെ കൈയില്‍ തന്നെ അത് അറ്റകുറ്റപ്പണി ചെയ്യാനായി ദേവസ്വം അധികൃതര്‍ തിരിച്ചു നല്‍കി. കോവിഡ് കാലമായതിനാല്‍ പിന്നീട് സ്വര്‍ണ പീഠം റിപ്പയര്‍ ചെയ്ത് സമര്‍പ്പിക്കാന്‍ കുറേക്കാലത്തേക്ക് കഴിഞ്ഞില്ല. കൊറോണ രൂക്ഷമായിരുന്നതിനാലും ദേവസ്വം ബോർഡ് പിന്നീട് ആവശ്യപ്പെടാതിരുന്നതിനാലും ഇതേക്കുറിച്ച് താനും മറന്നുപോയി. സുഹൃത്ത് പീഠം വീട്ടില്‍ സൂക്ഷിച്ചത് ദുരുദ്ദേശപരമായിരുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നു.

Tags:    
News Summary - Sabarimala gold controversy: High Court orders detailed investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.