പത്തനംതിട്ട: എ.ഡി.ജി.പി എം.ആര്. അജിത്കുമാർ നിയമംലംഘിച്ച് ട്രാക്ടറിൽ ശബരിമല കയറിയെന്ന ആക്ഷേപത്തിൽ ദേവസ്വം വിജിലൻസിനോട് റിപ്പോർട്ട് തേടി ശബരിമല സ്പെഷൽ കമീഷണർ. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളെ കയറ്റാൻ പാടില്ലെന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കെ, എ.ഡി.ജി.പി അങ്ങനെ ചെയ്തെന്നാണ് ആക്ഷേപം.
സംഭവത്തിൽ ശബരിമല സ്പെഷൽ കമീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി. നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾക്കായി കഴിഞ്ഞ ദിവസം നട തുറന്നപ്പോൾ എ.ഡി.ജി.പി ദര്‍ശനത്തിനെത്തിയിരുന്നു. ശനിയാഴ്ച വൈകിട്ട് സന്നിധാനത്തേക്ക് ട്രാക്ടറില്‍ പോയ അജിത്കുമാര്‍ പിറ്റേന്ന് രാവിലെ തിരിച്ചിറങ്ങിയതും ഇതേ മാര്ഗത്തിലൂടെയാണെന്നായിരുന്നു പരാതി.
പമ്പ-സന്നിധാനം ട്രാക്ടര്‍ സര്‍വീസ് സാധനങ്ങള്‍ കൊണ്ടുപോകാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഹൈകോടതി നിർദേശം. ട്രാക്ടറില്‍ കയറിയ ശേഷം വാഹനത്തിന്റെ മേൽക്കൂര ടാര്‍പ്പായകൊണ്ട് മൂടിയാണ് പലരും അനധികൃതമായി സഞ്ചരിക്കുന്നത്. കഴിഞ്ഞ സീസണിൽ നിയമം ലംഘിച്ച ട്രാക്ടറുകൾക്കെതിരെ കർശന നടപടി എടുത്തിരുന്നു. എ.ഡി.ജി.പി ട്രാക്ടർ ഉപയോഗിച്ചതായി കണ്ടെത്തിയാൽ ഹൈകോടതിക്ക് റിപ്പോർട്ട് നൽകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.