ന്യൂഡൽഹി: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. സ്ത്രീപ്രവേശനം അനുവദിക്കണമെന്ന സംസ്ഥാന സർക്കാർ നിലപാടിന് വിരുദ്ധമായ നയം ദേവസ്വം ബോർഡിനുവേണ്ടി ഹാജരായ കോൺഗ്രസ് നേതാവ് അഡ്വ. അഭിഷേക് മനു സിംഗ്വിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് മുമ്പാെക ബോധിപ്പിച്ചത്.
അതേസമയം, ആർത്തവകാരികളെ അകറ്റിനിർത്തുന്നത് അയിത്തമായി കാണണമെന്നും അതു ഭരണഘടന നിരോധിച്ചതാണെന്നും ഹരജിക്കാരുടെ ഭാഗത്തുനിന്നുകൊണ്ട് അഡ്വ. ഇന്ദിര ജയ്സിംഗും അമിക്കസ് ക്യൂറി രാജു രാമചന്ദ്രനും വാദിച്ചു.
ഭരണഘടനയുടെ 17ാം അനുഛേദം നിരോധിച്ച അയിത്തത്തിെൻറ മറ്റൊരു രൂപമാണ് സ്ത്രീകൾക്കുള്ള നിരോധനമെന്ന് അഡ്വ. ഇന്ദിര ജയ്സിംഗ് വാദിച്ചു. സ്ത്രീകളുടെ ആർത്തവം മാത്രമാണ് നിരോധനത്തിന് മാനദണ്ഡം. ആർത്തവകാരികളെ അകറ്റിനിർത്തുകയെന്നത് അയിത്തമാണ്. അയിത്തം നിരോധിച്ച ഭരണഘടനയുടെ 17ാം അനുഛേദം ലിംഗപരമായ അയിത്തം പറയാത്തതിനാൽ വിവിധ വിഭാഗങ്ങളെയും വർഗങ്ങളെയും എന്ന് കൃത്യമായി പറയുന്ന ഭരണഘടനയുടെ 25(2)(ബി) അനുഛേദമല്ലെ കുറച്ചുകൂടി ചേരുകയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചപ്പോൾ ജയ്സിംഗ് അംഗീകരിച്ചില്ല.
ശബരിമലയില്‍ തീർഥാടനത്തിന് പോകുന്ന പുരുഷന്മാര് 41 ദിവസം വ്രതമെടുക്കാറുണ്ടെന്നും സ്ത്രീകള്‍ക്ക് ആര്‍ത്തവം കാരണം ഇത് സാധിക്കാറില്ലെന്നും ഇതാണ് ഹൈകോടതി വിധിയുടെ അടിസ്ഥാനമെന്നും അമിക്കസ്ക്യൂറി വ്യക്തമാക്കി. ആർത്തവം അശുദ്ധിയായി കണക്കാക്കി, അതിെൻറ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് അയിത്തത്തിന് തുല്യമാണ്. 41 ദിവസത്തെ വ്രതം സ്ത്രീകള്‍ക്ക് സാധ്യമല്ല എന്ന ഹൈകോടതി നിലപാട് ഭരണഘടനയുടെ 17 അനുഛേദത്തിെൻറ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയിൽ ദർശനത്തിനുമുമ്പ് 41 ദിവസത്തെ വ്രതം വേണമെന്നത് സ്ത്രീകൾക്ക് പ്രായോഗികമല്ല എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി. ഇത്തരം വ്യവസ്ഥകളിലൂടെ സ്ത്രീകൾക്ക് പരോക്ഷമായി നീതിനിഷേധിക്കുകയല്ലേ ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
നൈഷ്ഠിക ബ്രഹ്മചാരി എന്ന് ചൂണ്ടിക്കാട്ടി അയ്യപ്പെൻറ അടുത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് വിവേചനമാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷനുവേണ്ടി സീനിയര്‍ അഭിഭാഷകന് പി.വി. സുരേന്ദ്ര നാഥ് വാദിച്ചു.
എന്നാൽ, കേരളത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമുണ്ടല്ലോ എന്നും അപ്പോൾ അതും വിവേചനമല്ലേ എന്നും അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര ആരാഞ്ഞു. വാദം ചൊവ്വാഴ്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.