ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈകോടതി സ്​റ്റേ ചെയ്​തു

കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈകോടതി സ്​റ്റേ ചെയ്​തു. വിഷയത്തിൽ ജസ്റ്റിസ്​ വിജു എബ്രഹാം സർക്കാറിന്റെയടക്കം വിശദീകരണവും തേടി. ഭൂമി ഏറ്റെടുക്കൽ നിയമവിരുദ്ധമാണെന്നാരോപിച്ച് ബിലീവേഴ്സ് ചർച്ചിന്‍റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. ഹരജി മേയ്​ 27ന് വീണ്ടും പരിഗണിക്കും.

2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച്​ 13ന് പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ഹരജിയിലെ വാദം. 2,263 ഏക്കറോളം വരുന്ന എസ്റ്റേറ്റ് 2005ൽ ട്രസ്റ്റ്​ വാങ്ങിയത്​ മുതൽ ഈ ഭൂമി തട്ടിയെടുക്കാൻ സർക്കാറടക്കം നീക്കംനടത്തുകയാണ്​. ഭൂമി ഏറ്റെടുക്കാൻ സാമൂഹികാഘാതപഠനം പോലും നിയമവിരുദ്ധമായാണ് നടത്തിയത്. സർക്കാറിന്റെ ഭാഗമായ സെന്റർ ഫോർ മാനേജ്​മെന്റ് ഡെവലപ്​​മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്.

നിർമാണത്തിനും നഷ്ടപരിഹാരം നൽകാനും സർക്കാറിന്​ പണമില്ലെങ്കിലും വിമാനത്താവളമെന്ന ആശയം പ്രചരിപ്പിച്ച്​ കണ്ണിൽപൊടിയിടുകയാണ്​. ഭൂമി തട്ടിയെടുക്കലാണ്​ ലക്ഷ്യം. ലോക്​സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്​ പിന്നാലെ പൊതു ആവശ്യത്തിനെന്ന്​ പറഞ്ഞ്​ പുറപ്പെടുവിച്ച വിജ്ഞാപനം രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടുള്ളതാണ്​. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള​ വിമാനത്താവളത്തെക്കുറിച്ചാണ്​ പറയുന്നതെങ്കിലും നിയമപരമായി സ്വീകരിക്കേണ്ട നടപടി​കളൊന്നും പാലിച്ചിട്ടില്ലെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.

Tags:    
News Summary - Sabarimala airport: HC stays notification issued by government to acquire Cheruvalli estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.