റഷ്യൻ റിക്രൂട്ട്​മെന്‍റ്​: ബിനിലിന്‍റെ ഭാര്യയും ​​ജെയിന്‍റെ പിതാവും പരാതി നൽകി; മൂന്ന്​ പേർക്കെതി​​രെ കേസ്​

തൃശൂർ: റഷ്യയിൽ ഇലക്​ട്രീഷ്യൻ ജോലി ശരിയാക്കാമെന്ന വാഗ്ദാനത്തിൽ റഷ്യയിൽ എത്തുകയും അവിടെ കൂലിപ്പട്ടാളത്തിന്‍റെ ഭാഗമാക്കപ്പെട്ട്​ യുക്രെയ്ന​ുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്ത ബിനിൽ ബാബുവിന്‍റെ ഭാര്യ ജോയ്​സി ജോണിന്‍റെ പരാതിയിൽ മൂന്ന്​ പേർക്കെതിരെ വടക്കാഞ്ചേരി പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തു. തൃശൂർ തയ്യൂർ പാടത്ത്​ വീട്ടിൽ സിബി (25), എറണാകുളം സ്വദേശികളായ സന്ദീപ്​ (40), സുമേഷ്​ ആന്‍റണി എന്നിവർക്കെതിരെയാണ്​ കേസ്​ രജിസ്റ്റർ ചെയ്തത്​.

ജോയ്​സി മുഖ്യമന്ത്രിക്ക്​ സമർപ്പിച്ച പരാതി ജില്ല പൊലീസ്​ മേധാവിയുടെ ഓഫിസ്​ മുഖേന വടക്കാഞ്ചേരി പൊലീസിന്​ തുടർ നടപടികൾക്ക്​ കൈമാറിയതിന്‍റെ അടിസ്ഥാനത്തിൽ ഇൻസ്​പെക്ടർ റിജിൻ എം. തോമസാണ്​ കേസ്​ രജിസ്റ്റർ ചെയ്ത്​ അന്വേഷണം തുടങ്ങിയത്​.

റഷ്യയിൽ രണ്ട്​ ലക്ഷം രൂപ പ്രതിമാസ വേതനമുള്ള ഇലക്​ട്രീഷ്യൻ ജോലി ശരിയാക്കാമെന്ന്​ പറഞ്ഞ്​ മൂന്ന്​ പേരും ചേർന്ന്​ ബിനിൽ ബാബുവിൽനിന്ന്​ പണം പറ്റിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ സിബിയുടെ അക്കൗണ്ടിലേക്ക്​ വിസക്കായി 1,40,000 രൂപ അയച്ചു. തുടർന്ന്​ നെടുമ്പാശ്ശേരിയിൽനിന്ന്​ ബഹ്​റൈൻ വഴി റഷ്യയിൽ എത്തിച്ചു. അവിടെ ഇലക്​ട്രീഷ്യൻ ജോലിക്ക്​ പകരം മിലിട്ടറി ക്യാമ്പിലാണ്​ എത്തിച്ചത്​. അവിടെവെച്ച്​ സന്ദീപും സുമേഷ്​ ആന്‍റണിയും ചേർന്ന്​ ബിനിലിന്‍റെ ഇന്ത്യൻ പാസ്​​പോർട്ടും മറ്റ്​ രേഖകളും കൈവശപ്പെടുത്തുകയും റഷ്യൻ പാസ്​പോർട്ടിനായുള്ള രേഖകളിൽ നിർബന്ധിച്ച്​ ഒപ്പ്​ വെപ്പിക്കുകയും ചെയ്തു. തുടർന്ന്​ യുക്രെയ്നുമായുള്ള യുദ്ധമുഖത്തേക്ക്​ അയക്കുകയും അവിടെവെച്ച്​ ബിനിൽ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ്​ പരാതി.

യുദ്ധമുഖത്ത്​ പരിക്കേറ്റ്​ കഴിയുന്ന മറ്റൊരു മലയാളിയായ വടക്കാഞ്ചേരി മിണാലൂർ കുത്തുപാറ തെക്കേമുറിയിൽ കുര്യന്‍റെ മകൻ ജെയിൻ കുര്യനെ കബളിപ്പിച്ചതിന്​ കുര്യന്‍റെ പരാതിയിലും ഈ മൂന്ന്​ പേർക്കെതി​​രെ വടക്കാഞ്ചേരി പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തിട്ടുണ്ട്​.

ജെയിൻ കുര്യനെ പോളണ്ടിൽ ജോലി സാധ്യതയുണ്ടെന്ന്​ പറഞ്ഞാണ്​ ഇവർ മൂവരും ചേർന്ന്​ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യലുടെ കൂലിപ്പട്ടാളത്തിൽ എത്തിച്ചത്​. ജെയിനിൽനിന്ന്​ വിസക്കായി 1,40,000 രൂപ വാങ്ങിയ ശേഷം പോളണ്ടിലേക്കുള്ള വിസ റദ്ദായെന്നും മോസ്​കോയിൽ ഓഫിസ്​ ജോലിയുണ്ടെന്നും പറഞ്ഞു. മോസ്​കോയിൽ ഇലക്​ട്രീഷ്യന്‍റെ ജോലിയുണ്ടെന്നും നല്ല ശമ്പളം ലഭിക്കുമെന്നും പറഞ്ഞ്​ കഴിഞ്ഞ വർഷം ഏപ്രിലിൽ നെടുമ്പാശ്ശേരിയിൽനിന്ന്​ മോസ്​കോയിൽ എത്തിച്ചു. അവിടെ റഷ്യൻ മിലിട്ടറി ക്യാമ്പിലേക്കാണ്​ കൊണ്ടുപോയത്​.

ബിനിലിനോട്​ ചെയ്തതുപോലെ ഇന്ത്യൻ പാസ്​പോർട്ടും രേഖകളും പിടിച്ചുവാങ്ങി റഷ്യൻ പാസ്​പോർട്ടിനുള്ള രേഖകളിൽ നിർബന്ധിച്ച്​ ഒപ്പിടുവിച്ചു. വിമാനയാത്രക്കൂലിക്ക്​ എന്ന പേരിൽ സുമേഷ്​ ആന്‍റണി 4,20,000 രൂപയും കൈപ്പറിയിരുന്നു. ജെയിൻ കുര്യനെയും റഷ്യൻ കൂലിപ്പട്ടാളത്തിന്‍റെ ഭാഗമാക്കി യുദ്ധത്തിന്​ അയക്കുകയായിരുന്നു. അവിടെവെച്ചാണ്​ വെടിയേറ്റ്​ മുറിവേറ്റ്​ കഴിയുന്നത്​.​ ജെയി​ന്‍റെ പിതാവ്​ കുര്യൻ മുഖ്യമന്ത്രിക്ക്​ നൽകിയ പരാതിയിലാണ്​ വടക്കാഞ്ചേരി പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തത്​.

മനുഷ്യക്കടത്ത്​, ചതി എന്നിവ നടന്നതായാണ്​ ബിനിലിന്‍റെ ഭാര്യയും ജെയിന്‍റെ പിതാവും മൂന്ന്​ പ്രതികൾക്കെതിരെയും ഉന്നയിച്ചിട്ടുള്ള പരാതി.

Tags:    
News Summary - Russian recruitment: Binil's wife and Jain's father file complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.