വിവരാവകാശനിയമം ദുരുപയോഗംചെയ്യാൻ അനുവദിക്കില്ല -വിവരാവകാശ കമ്മിഷണർ എ.എ. ഹക്കീം

തൊടുപുഴ :ജനാധിപത്യസംവിധാനത്തിലെ അഞ്ചാംതൂണായി കാണേണ്ട വിവരാവകാശനിയമത്തെ ഒരുകാരണവശാലും ദുരുപയോഗംചെയ്യാൻ അനുവദിക്കില്ലെന് സംസ്ഥാന വിവരാവകാശ കമീഷണർ എ.എ. ഹക്കീം. തൊടുപുഴ മിനി സിവിൽസ്റ്റേഷനിൽ നടന്ന കമീഷൻ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവരെ കമ്മീഷൻ കരിമ്പട്ടികയിൽപ്പെടുത്തും. അതത് ഓഫീസുകളിൽ ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച് പൗരാവകാശരേഖ വഴിയോ , വെബ്സൈറ്റ് വഴിയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്താൽ തന്നെ പകുതി അപേക്ഷകളും ഒഴിവാക്കാൻ കഴിയുമെന്നാണ് കമീഷൻ മനസിലാക്കുന്നത്. ഇതിന് വേണ്ട നടപടികൾ ഓഫീസ് മേധാവികൾ സ്വീകരിക്കണം.

അപേക്ഷകനെ ഹിയറിങ്ങിന് വിളിക്കാൻ നിയമപ്രകാരം ഒന്നാം അപ്പീൽ അധികാരിക്ക് കഴിയില്ല. ഇത്തരത്തിൽ അപേക്ഷകരെ ബുദ്ധിമുട്ടിപ്പിക്കുന്ന സാഹചര്യങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ ഒഴിവാക്കണം. ഇരുപതാം വാർഷികത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും വിവരാവകാശനിയമ ശില്പശാലകളും ക്ലാസുകളും കമീഷൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത് പരാതികളാണ് കമീഷൻ തൊടുപുഴയിൽ പരിഗണിച്ചത്. സിറ്റിങ്ങിൽ നേരിട്ട് പങ്കെടുക്കാതിരുന്ന ദേവികുളം സബ് കലക്ടർ, കലക്ടറേറ്റിലെ ഭൂപരിഷ്കരണ ഡപ്യൂട്ടി കലക്ടർ, പീരുമേട് തഹസിൽദാർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കും. ഇതിൻറെ മുന്നോടിയായി അവർക്ക് സമൻസ് അയക്കാൻ തീരുമാനിച്ചു. ഇവർ ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്തെത്തി കമീഷനെ നേരിൽ കാണണം. എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വാറണ്ട് അയക്കും.

വിവരാവകാശം സംബന്ധിച്ച ചോദ്യത്തിന് "ഫയൽ കാണുന്നില്ല " എന്ന രീതിയിൽ മറുപടി നൽകിയ ഉദ്യോഗസ്ഥൻ , വിവരാവകാശ അപേക്ഷകനെ പരിഹസിക്കുന്നവിധത്തിൽ മറുപടി നൽകിയ നെടുങ്കണ്ടം എം.ഇ.എസ് കോളജ് അധികൃതർ എന്നിവർക്കെതിരെയും നടപടിയുണ്ടാകും.

Tags:    
News Summary - RTI Act will not allow misuse - RTI Commissioner A.A. Hakeem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.