‘നിങ്ങൾ എന്നാണ് ബി.ജെ.പിയെ പിന്തുണച്ചത്’ -സഭകൾക്കെതിരെ ആഞ്ഞടിച്ച് ആർ.എസ്.എസ് മുഖപത്രം

തിരുവനന്തപുരം: എഫ്.സി.ആർ.എ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാവുകയും ബി.ജെ.പിയുടെ ക്രിസ്ത്യൻ ഔട്ട്റീച്ച് പാളംതെറ്റുകയും ചെയ്തതിന് പിന്നാലെ ക്രൈസ്തവ സഭകളെ രൂക്ഷമായി വിമർശിച്ച് ആർ.എസ്.എസ് മുഖപത്രം കേസരി. നിയമദേഭഗതിക്കെതിരെ ക്രൈസ്തവ സഭകളും ചില മെത്രാൻമാരും ഉറഞ്ഞുതുള്ളുകയാണെന്നും നിങ്ങൾ എന്നാണ് ബി.ജെ.പിയെ പിന്തുണച്ചിട്ടുള്ളതെന്നും ‘സഭകൾ വിരട്ടുന്നത് ആരെ’ എന്ന തലക്കെട്ടിലെഴുതിയ ലേഖനം ചോദിക്കുന്നു.

എല്ലാ കാലത്തും ബി.ജെ.പിക്കും സംഘ്പരിവാറിനുമെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ഇല്ലാത്ത ആക്രമണങ്ങളുടെയും ചെയ്യാത്ത തെറ്റുകളുടെയും പേരിൽ സംഘത്തെയും പരിവാറിനെയും ബി.ജെ.പിയെയും കുരിശിൽ തറക്കുകയും ചെയ്തവരാണ് ഇപ്പോൾ രക്തസാക്ഷി പരിവേഷവുമായി നിയമഭേദഗതിക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്. ബി.ജെ.പി അധികാരത്തിൽ എത്തുമ്പോഴൊക്കെ സഭാ താൽപര്യത്തിനും ആവശ്യങ്ങൾ അംഗീകരിച്ചുകിട്ടാനും ബി.ജെ.പിയെ നേതൃത്വത്തോട് പരസ്യമായി ഒട്ടുകയും രഹസ്യമായി കുത്തുകയും ചെയ്ത നിലപാട് ക്രൈസ്തവ സഭകൾ അനുവർത്തിക്കുന്നുണ്ട് എന്ന കാര്യം എല്ലാവർക്കുമറിയാം.

ക്രൈസ്തവ സഭകളും സംഘവും തമ്മിലെ ഏക പ്രശ്നം മതപരിവർത്തന ശ്രമങ്ങൾ സംബന്ധിച്ച് മാത്രമാണ്. ഇന്ന് കേരളത്തിൽ മാത്രമല്ല രാജ്യത്തും ലോകത്തെമ്പാടും ക്രൈസ്തവ സഭകളുടെ മതപരിവർത്തന ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതും അതിനെ നയിക്കുന്നതും കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളും പുരോഹിതന്മാരുമാണ്.

ഏതാണ്ട് 12,000 പുരോഹിതരും ഇരുപതിനായിരത്തിലേറെ കന്യാസ്ത്രീകളും സുവിശേഷ പ്രവർത്തനം എന്ന പേരിൽ മതപരിവർത്തന ശ്രമം നടത്തുന്ന കാര്യം സത്യമാണ്. മദർ തെരേസ മുതൽ ദയാബായി വരെയുള്ളവരുടെ സേവന പ്രവർത്തനങ്ങളുടെ ലക്ഷ്യം മതപരിവർത്തനമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. സഭകൾക്ക് ലഭിക്കുന്ന വിദേശപണം പറയുന്ന ആവശ്യങ്ങൾക്കല്ല ഉപയോഗിക്കുന്നത് എന്ന കാര്യത്തിലും ഇതേക്കുറിച്ച് പഠിക്കുന്ന എല്ലാവർക്കും ധാരണയുള്ളതാണ്. രാജ്യത്തെത്തുന്ന പണം അതത് സ്ഥാപനങ്ങൾ അവരുടെ ഉദ്ദേശ്യങ്ങൾക്ക് അനുസരിച്ച് കൃത്യമായി ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്താനാണ് നിയമഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ക്രൈസ്തവ സഭകൾക്ക് മാത്രം ഇത്ര ആശങ്ക ഉണരാനും പ്രശ്നമുണ്ടാക്കാനും കാരണമെന്താണ്. ജഗതി ശ്രീകുമാർ സിനിമയിൽ പറയുന്ന മാതിരി ‘ഇത് ഞങ്ങളെ ഉദ്ദേശിച്ചാണ്, ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്, ഞങ്ങളെ പിടിക്കാനാണ്, ഞങ്ങളെ പീഡിപ്പിക്കാനാണ് എന്ന് പറഞ്ഞാണ് ക്രൈസ്തവ സഭകളും മെത്രാന്മാരും അലമുറയിടുന്നത്. നഷ്ടപ്പെടാനും മറച്ചുവെക്കാനും എന്തൊക്കെയോ ഉള്ളതുകൊണ്ട് അല്ലേ ഇതെന്ന് സാധാരണക്കാർ പോലും സാമൂഹിക മാധ്യമങ്ങളിൽ ചോദിക്കുന്നു. ദേശവിരുദ്ധ ശക്തികളുടെയോ ധർമവിരുദ്ധമായി പ്രവർത്തിക്കുന്നവരുടെയോ വോട്ടു കൊണ്ടല്ല ബി.ജെ.പി എന്ന പ്രസ്ഥാനം ഇതുവരെ വളർന്നതും ഭരണത്തിലേറിയതും. രണ്ട് ശതമാനം വരുന്ന ക്രൈസ്തവർ ബി.ജെ.പിക്ക് എതിരെ വോട്ട് ചെയ്യുമെന്ന ഭീഷണിയിൽ ബി.ജെ.പിയോ ഹൈന്ദവ പ്രസ്ഥാനങ്ങളോ ഭയക്കുമെന്ന് കരുതരുത്. ഇല്ലാത്ത പുലി വരുന്നേ എന്ന് പറഞ്ഞ് ആശങ്ക സൃഷ്ടിക്കുകയും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയും ചെയ്താൽ അതിനു നേരിടാൻ ഹൈന്ദവ സമൂഹം തയാറാകേണ്ടി വരുമെന്നും ലേഖനത്തിൽ പറയുന്നു.

Tags:    
News Summary - RSS mouthpiece slams churches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.