കൊച്ചി: ഹിന്ദു ഐക്യം നിലനിർത്താൻ ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് പശുവിറച്ചി തിന്നിട്ടുണ്ടെന്ന് ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ. പിന്നാക്കക്കാരന്റെ ഒരു പരിപാടിക്ക് പോയപ്പോൾ പശുവിറച്ചി ഭക്ഷിക്കാൻ കൊടുത്തുവെന്നും അവർക്ക് വിഷമമുണ്ടാകുമെന്ന് കരുതി ആ പശുവിറച്ചി കഴിക്കാൻ അവർ തയാറായെന്നുമാണ് മോഹൻ ഭാഗവതിനെ ഉദ്ധരിച്ച് രാഹുൽ ഈശ്വർ പറഞ്ഞത്. റാപ്പർ വേടനെതിരായ സംഘ്പരിവാർ അധിക്ഷേപത്തെ കുറിച്ചുള്ള ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സർസംഘ് ചാലക് മോഹൻ ഭാഗവത്ജി പറയുന്ന ഒരു കാര്യമുണ്ട്. ഒരിക്കൽ പിന്നാക്കക്കാരന്റെ ഒരു പരിപാടിക്ക് പോയപ്പോൾ പശുവിറച്ചി ഇവർക്ക് ഭക്ഷിക്കാൻ കൊടുത്തു. അവർക്ക് വിഷമമുണ്ടാകുമെന്ന് കരുതി ഇവർ ആ പശുവിറച്ചി കഴിക്കാൻ തയാറായി. ഹിന്ദു ഐക്യത്തിന് വേണ്ടി പശുവിന്റെ മാംസം കഴിക്കാൻ നമ്മൾ തയാറാകണമെന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം, ചരിത്രത്തിൽ നമ്മൾ അത്രയും തെറ്റ് പിന്നാക്കക്കാരോട് ചെയ്തിട്ടുണ്ട്. ബ്രാഹ്മണരെ സംബന്ധിച്ച്, ഹിന്ദുക്കളെ സംബന്ധിച്ച് പശുവിറച്ചി കഴിക്കുന്നതാണ് ഏറ്റവും വലിയ പാതകങ്ങളിലൊന്ന്. അതിന്റെ പേരിലാണ് ഒന്നാം സ്വാതന്ത്ര്യ സമരം ഉണ്ടാകുന്നത്. എന്നാൽ, പശുവിറച്ചി കഴിച്ചിട്ടാണെങ്കിൽ പോലും പിന്നാക്ക വിഭാഗക്കാരെ ഒന്നിപ്പിക്കണം എന്നാണ് സർസംഘ് ചാലക് പറയുന്നത്. ആ സമീപനം എല്ലാവരും എടുക്കണം. അതുകൊണ്ട് വേടനെ കൂടെ നിർത്തുകയും വിശ്വാസത്തിലെടുക്കുകയും വേണം’ -രാഹുൽ ഈശ്വർ പറഞ്ഞു.
‘വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ പരിസരത്തോട് നമുക്ക് വിയോജിപ്പുണ്ട്. അവിടെയും നമ്മൾ ഓർക്കേണ്ട ഒരു കാര്യം, ഗാന്ധിജി അംബേദ്കറെ കുറിച്ച് പറയുന്നതാണ്. ‘അംബേദ്കർ നമ്മുടെ തല തല്ലിപ്പൊളിക്കുന്നില്ല, അതുതന്നെ അംബേദ്കറുടെ ഭാഗത്തുനിന്നുള്ള വലിയ ആത്മനിയന്ത്രണമാണ്’ എന്നാണ് ഗാന്ധിജി പറഞ്ഞത്. ബ്രാഹ്മണ്യം പവിത്രമാണ്. ബ്രാഹ്മിണിക്കലാണ് തെറ്റ്. ഹിന്ദു മഹത്തരമാണ്, ഹിന്ദുത്വയാണ് തെറ്റ്. ഇസ്‍ലാം പവിത്രമാണ്, ഇസ്‍ലാമിസ്റ്റാണ് തെറ്റ്. ബ്രാഹ്മിണിക്കലാണ് ഗോഡ്സെയുടെത്. ആ ബ്രാഹ്മിണിക്കൽ വാദം നമുക്ക് വേണ്ട. എന്നാൽ, ബ്രാഹ്മണ്യവും ഹിന്ദുവും ഇസ്‍ലാമുമെല്ലാം വിശ്വാസവും മതവും ദർശനവുമൊക്കെയാണ്. അത് മഹത്തരമാണ്. വേടനടക്കമുള്ള വിഷയത്തിൽ ഹൈന്ദവ, ഹിന്ദുത്വ സംഘടനകൾ കൂടുതൽ ഉൾക്കൊള്ളുന്ന നിലപാട് എടുക്കണം’ -രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.
വേടനെ അധിക്ഷേപിക്കാൻ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഉപയോഗിച്ച തെറിവാക്ക് വളരെ മോശമാണെന്നും അത് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വേടന്റെ ആശയത്തോട് നേരെ എതിരുനിൽക്കുന്നയാളാണ് ഞാൻ. ഞാൻ ഒരു സവർണ ഹിന്ദു വലതുപക്ഷ പ്രവർത്തകനാണ്. വേടൻ എന്റെ നേരെ എതിർപക്ഷത്തു നിൽക്കുന്നയാളാണ്. പക്ഷേ, വേടനോട് എനിക്ക് ഇഷ്ടമാണ്, ബഹുമാനമാണ്. കഴിവുള്ള വ്യക്തിയാണ്. അതുപോലെ ശശികല ടീച്ചറിനോടും ബഹുമാനമുണ്ട്. പക്ഷേ, ശശികല ടീച്ചർ ഉപയോഗിച്ച വാക്ക് ഒരുകാരണവശാലും ആരും ഉപയോഗിച്ചു കൂടാത്ത വാക്കാണ്. ടീച്ചർ ഒരു അമ്മയാണ്, അധ്യാപികയാണ്. ആ വാക്ക് ഉപയോഗിക്കരുത്. വേടൻ ഉപയോഗിച്ച തമിഴ്വാക്കിനേക്കാൾ മോശമാണത്. ഇത് രണ്ടും തമ്മിൽ താരതമ്യം ചെയ്യാൻ പോലും പറ്റില്ല. സ്ത്രീ വിരുദ്ധവും ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന മോശം തെറിവാക്കിന്റെ മറ്റൊരു രൂപവുമാണ് ശശികല ഉപയോഗിച്ചത്. ഒരു സ്ത്രീയുടെ വായിൽനിന്നോ മറ്റൊരുടെയും വായിൽനിന്നോ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണ്’ -രാഹുൽ ഈശ്വർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.