തൃശൂർ: വിൽക്കാത്ത പുസ്തകങ്ങൾക്ക് ഉൾപ്പെടെ റോയൽറ്റി അനുവദിച്ച് സാഹിത്യ അക്കാദമിയിൽ സാമ്പത്തിക ധൂർത്ത്. അക്കാദമിയിൽ തികഞ്ഞ സാമ്പത്തിക കെടുകാര്യസ്ഥതയും അച്ചടക്ക ലംഘനവും നടക്കുന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റിൽ ചൂണ്ടിക്കാണിക്കുന്നു. 2018 -19 ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സാഹിത്യ വിമർശം എഡിറ്ററും അക്കാദമി പ്രസിദ്ധീകരണ വിഭാഗം മേധാവിയുമായിരുന്ന സി.കെ. ആനന്ദൻ പിള്ളക്ക് വിവരാവകാശ പ്രകാരമാണ് അക്കാദമിയുടെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചത്.
വിലക്കിനെ തുടർന്ന് വർഷങ്ങളായി ഗോഡൗണിൽ കെട്ടിക്കിടക്കുന്ന 70ഓളം പുസ്തകങ്ങൾക്കാണ് കരാറും സർക്കാർ നിബന്ധനകളും ലംഘിച്ച് റോയൽറ്റി അനുവദിച്ചിരിക്കുന്നത്. എട്ടു ലക്ഷത്തോളം രൂപയാണ് ഇങ്ങനെ അനുവദിച്ചത്. എന്നാൽ, എഴുത്തുകാരനിൽനിന്ന് രസീതോ വൗച്ചറോ വാങ്ങിച്ചതായി കാണുന്നില്ലെന്നും സെക്രട്ടറി ചെലവിനത്തിൽ കാണിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രത്യേക ചെലവിനത്തിന് സർക്കാറിൽനിന്ന് അംഗീകാരം വാങ്ങിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
പുസ്തക വിൽപനയുടെ അടിസ്ഥാനത്തിലാണ് റോയൽറ്റി തുക അനുവദിക്കുകയെന്നതാണ് ചട്ടം. നേരത്തേ വർഷങ്ങളായി റോയൽറ്റി അനുവദിക്കാത്തത് സംബന്ധിച്ച പരാതി ഉയർന്നതിനെ തുടർന്ന് 2017ൽ നിർവാഹക സമിതി യോഗം ചേർന്ന് 2012 വരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ മുഴുവൻ റോയൽറ്റി തുകയും അനുവദിച്ചിരുന്നു. ഇതാകട്ടെ, വിൽപന നടക്കാത്തതായിരുന്നില്ല, കുടിശ്ശികയായി കിടന്നതായിരുന്നു.
അക്കാദമി പുസ്തകങ്ങളുടെ വിലനിർണയത്തിലെ അപാകതയും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.