പാറഖനനം: ഭൂപരിഷ്കരണം ലംഘിച്ചെന്ന് എ.ജി; ലാൻഡ് റവന്യൂ കമീഷണർ നടപടി സ്വീകരിക്കണമെന്ന് ശുപാർശ

കൊച്ചി: സംസ്ഥാനത്ത് പലയിടത്തും 1963ലെ ഭൂപരിഷ്കരണ നിയമത്തിലെ (കെ‌.എൽ‌.ആർ) വ്യവസ്ഥകൾ ലംഘിച്ച് അനധികൃതമായി പാറഖനനം നടത്തുന്നുവെന്ന് എ.ജി റിപ്പോർട്ട്. ഇക്കാര്യത്തിൽ ലാൻഡ് റവന്യൂ കമീഷണർ നടപടി സ്വീകരിക്കണമെന്ന് ശുപാർശ നൽകി. കോഴിക്കോട് കോടഞ്ചേരി വില്ലേജിൽ തോട്ടം ഭൂമിയിൽ പാറഖനനം നടക്കുന്നതു സംബന്ധിച്ച് പരാതിയിൽ ഡെപ്യൂട്ടി കലക്ടർ (വിജിലൻസ്) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് എ.ജി ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്.

ഭൂപരിഷ്കരണ നിയമത്തിലെ 83ാം വകുപ്പ് അനുസരിച്ച്, ഭൂപരിധിയേക്കാൾ കൂടുതൽ ഭൂമി കൈവശം വയ്ക്കാൻ അവകാശമില്ല. പ്രായപൂർത്തിയാകാത്ത അവിവാഹിതനായ വ്യക്തി അല്ലെങ്കിൽ കുടുംബം നിലനിൽക്കുന്ന ഏക അംഗം 7.5 ഏക്കറും രണ്ട് അംഗങ്ങളുള്ള കുടുംബത്തിന് (അഞ്ച് അംഗങ്ങളിൽ കൂടരുത്) 15 ഏക്കറും അഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന് 20 ഏക്കറുമാണ് കൈവശം വെക്കാവുന്ന ഭൂമി. എന്നാൽ, നിയമത്തിലെ 81 ാം വുകുപ്പ് അനുസരിച്ച്, ചില ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമിയെ പരിധിയിൽ നിന്ന് ഒഴിവാക്കി. അതനുസരിച്ചാണ്​ നിയമത്തിൻെറ 81 ാം വകുപ്പ് (ഇ) പ്രകാരം തോട്ടങ്ങളെ പരിധിയിൽ നിന്ന് ഒഴിവാക്കിയത്.

സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവുമായ കാരണങ്ങളാൽ തോട്ടങ്ങൾ നിലനിർത്താനാണ് ഈ ഇളവ് നൽകിയത്. കെ‌.എൽ‌.ആർ നിയമത്തിൽ തോട്ടങ്ങൾ എന്ന നില നിലനിർത്തുന്നിടത്തോളം കാലം ഈ ഭൂമിക്ക് ഇളവുണ്ട്. ഇത് വിഭജിക്കപ്പെടുമ്പോൾ അഥവാ മാറ്റം വരുത്തുമ്പോൾ, പരിരക്ഷണ വകുപ്പ് ബാധകമല്ല. നിയമപ്രകാരം അനുവദനീയമായ ഭൂമി നിലനിർത്തി ഉടമ അധിക ഭൂമി സർക്കാരിന് കൈമാറണം.

കോഴിക്കോട് ജില്ലയിൽ പി.പി. കുഞ്ഞു മുഹമ്മദ് ഒരു ക്വാറി പാട്ടത്തിനെടുത്തത്​ പരിശോധിച്ചു. കോടഞ്ചേരി വില്ലേജിൽ 10 ഏക്കർ (4.047 ഹെക്ടർ) സ്ഥലത്ത് ഒമ്പത് വർഷത്തേക്ക് പാറഖനനത്തിന് 2011ൽ മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ അനുമതി നൽകി. വില്ലേജ് രേഖകൾ പ്രകാരം കോടഞ്ചേരി വില്ലേജിലെ തെക്കോട്ട് പ്ലാൻറേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻെറ വകയാണ് ഭൂമി. അവരുടെ കൈവശം 62.08 ഏക്കർ (25 ഹെക്ടർ) ഭൂമിയുണ്ട്. ഇതേ പ്ലാൻറേഷന് കൊയിലാണ്ടി താലൂക്കിലെ ചെമ്മഞ്ചേരി വില്ലേജിൽ എട്ട് ഏക്കർ ഭൂമി കൈവശമുണ്ട്. അങ്ങനെ തെക്കോട്ട് പ്ലാൻറേഷൻസിൻെറ ഉടമസ്ഥതയിലുള്ള ഭൂമി ആകെ 70.08 ഏക്കറാണ്. കെ.‌എൽ.‌ആർ നിയമത്തിലെ 81 ാം വകുപ്പ് (ഇ) അനുസരിച്ച് സീലിങ്​ പരിധിയേക്കാൾ ഭൂമി ഭൂവുടമകൾക്ക് അനുവദിച്ചിരിക്കുന്നത് നിയമലംഘനമാണ്.

വലിയ തോതിൽ പാറഖനനം, പാരിസ്ഥിതിക നാശം, പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യൽ തുടങ്ങിയവയുടെ ഫലമായി ക്വാറിക്ക് സമീപം താമസിക്കുന്ന പ്രദേശവാസികൾ ക്വാറി ഉടമകൾക്കെതിരെ പ്രക്ഷോഭം തുടങ്ങി. അവർ കോഴിക്കോട് കലക്ടർക്ക് പരാതിയും നൽകി. തുടർന്ന്, കലക്ടർ കേസ് അന്വേഷിക്കാൻ ഡെപ്യൂട്ടി കലക്ടറെ (റവന്യൂ വിജിലൻസ്) ചുമതലപ്പെടുത്തി. അദ്ദേഹം തയാറാക്കിയ റിപ്പോർട്ടിൽ നിയമലംഘനങ്ങൾ അടിവരയിട്ട് രേഖപ്പെടുത്തി.

  • റവന്യൂ വകുപ്പിൻെറ (ഉദ്യോഗസ്ഥരുടെ) സഹായത്തോടെ വ്യാജവും നിയമവിരുദ്ധവുമായ മാർഗങ്ങളിലൂടെ ക്രഷർ / ക്വാറി ഉടമകൾ ലൈസൻസുകൾ / പെർമിറ്റുകൾ നേടി.
  • കോടഞ്ചേരി വില്ലേജ് ഓഫിസറാണ് ക്വാറി ഉടമയെ സഹായിച്ചത്. നിയമവിരുദ്ധമായ നടപടി വഴി മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്ന് ക്വാറി ഉടമ ലൈസൻസ് നേടി.
  • ഭൂപരിധി ഒഴിവാക്കിയ ഭൂമിയാണെന്ന് പരിഗണിക്കാതെയാണ് വില്ലേജ് ഓഫിസർ ക്വാറി ലൈസൻസ് ലഭിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകിയത്.
  • തോട്ടം പ്രവർത്തനങ്ങൾക്കാണ് ഭൂപരിധിയിൽ ഇളവ് നൽകിയത്. തോട്ടം ഭൂമി വ്യവസ്ഥ ലംഘിച്ച് പാറഖനനത്തിന് ഉപയോഗിക്കുന്നതിനാൽ മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് പുതിയ സീലിങ്​ കേസ് എടുക്കമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്തു.
  • കോടഞ്ചേരി വില്ലേജ് ഓഫിസിൽ തോട്ടം ഭൂമിക്ക് പരിധിയിൽ ഇളവ് നൽകിയതുമായി ബന്ധപ്പെട്ട രേഖകളൊന്നും സൂക്ഷിച്ചില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാർശ

പാറഖനനം നൽകുന്നതിന് അനുകൂലമായി സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഡെപ്യൂട്ടി കലക്ടർ ശുപാർശ നൽകി. കെ‌.എൽ‌.ആർ നിയമത്തിലെ സെക്ഷൻ 81 (ഇ) ലംഘിച്ചതിന് ഭൂവുടമകൾക്കെതിരെ പുതിയ സീലിംഗ് കേസ് എടുക്കാൻ ഡെപ്യൂട്ടി കലക്ടർ റവന്യൂ അധികൃതരോട് നിർദ്ദേശിച്ചു. പരിസ്ഥിതി ദുർബലമായ പ്രദേശങ്ങളിലെ എല്ലാ ക്വാറി പ്രവർത്തനങ്ങളും നിർത്തലാക്കാനും ഭൂപരിധിയിൽ ഇളവ് അനുവദിച്ച പ്രദേശങ്ങളിൽ അധികമായി ഭൂമി കൈവശമുള്ള ഭൂവുടമകളിൽ നിന്ന് മിച്ചഭൂമി വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാനും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. ലാൻഡ് റവന്യൂ കമീഷണറുടെ ഓഫിസാണ് എ.ജിയുടെ ശുപാർശയിൽ തുടർ നടപടി സ്വീകരിക്കേണ്ടത്.

Tags:    
News Summary - Rock mining: AG says land reform violated; Recommendation that the Land Revenue Commissioner take action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.