മോദിയുടെ ബന്ധുവിന് നേരെ പിടിച്ചുപറി; അന്വേഷണത്തിന് 700 പൊലീസുകാർ

ന്യൂഡൽഹി: പിടിച്ചുപറി കേസുകൾ ഡൽഹിയിൽ നിത്യസംഭവമാണ്. ഈ വർഷം സെപ്റ്റംബർ 30 വരെ 4,762 പിടിച്ചുപറി കേസുകൾ രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൻമാഫിയകളുടെ തണലിൽ വാഴുന്ന ഇവരെ പിടികൂടുന്നതിൽ ഡൽഹി പൊലീസ് കാര്യമായി മെനക്കെടാറുമില്ല. എന്നാൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മരുമകൾ ദമയന്തി ബെൻ മോദി പിടിച്ചുപറിക്ക് ഇരയായത് പൊലീസുകാർക്ക് നല്ല പണിയാണ് നൽകിയത്.

700 പൊലീസുകാർ ആണ് പ്രതികളെ പിടികൂടാനായി നിയോഗിക്കപ്പെട്ടത്. 200 സി.സി.ടി.വി റെക്കോർഡിങ്ങുകൾ പൊലീസ് പരിശോധിച്ചു. തുടർന്ന് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച രണ്ടു പ്രതികളെയും തിരിച്ചറിയാൻ ഡൽഹി പൊലീസിന് കഴിഞ്ഞു. പ്രതികൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതികൾ സുൽത്താൻപുരിയിലേക്ക് പോകുന്നതായാണ് കാണിച്ചത്.

കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഈ കേസ് പൊലീസ് സംഘത്തെ ഹരിയാനയിലെ സോണിപത്തിലേക്കാണ് കൊണ്ടുപോയത്. അവിടെ നിന്ന് രണ്ടുപേരിൽ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 21 കാരനായ ഗൗരവ് എന്നയാളെയാണ് സോണിപത്തിൽ നിന്ന് പിടികൂടിയത്. ഇയാൾ ബന്ധു വീട്ടിൽ ഒളിവിലായിരുന്നു. കവർച്ചയിൽ ഉൾപ്പെട്ട മറ്റൊരു പ്രതി ബാദലിനെ പിന്നീട് സുൽത്താൻപുരിയിൽ നിന്ന് പിടികൂടി. മോഷ്ടിച്ച പേഴ്‌സും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു.

പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയുടെ മകളാണ് ദമയന്തി ബെൻ. ന്യൂഡൽഹിയിലെ ഗുജറാത്തി സമാജ് ഭവനിന് പുറത്ത് ദമയന്തി ബെൻ ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഇരുചക്രവാഹനത്തിലെത്തിയ പ്രതികൾ അവരുടെ പേഴ്സ് തട്ടിയെടുത്തത്. പേഴ്‌സിൽ 56,000 രൂപ, ഒരു റിസ്റ്റ് വാച്ച്, രണ്ട് മൊബൈൽ ഫോണുകൾ, പ്രധാനപ്പെട്ട രേഖകൾ എന്നിവ അടങ്ങിയിരുന്നു.


Tags:    
News Summary - robbery of PM Modi's niece

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.