യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച് റോഡ് അറ്റകുറ്റപ്പണിക്കാരൻ; ഗുരുതര പരിക്ക്

കൊച്ചി: മുന്നറിയിപ്പില്ലാതെ വഴിയടച്ച് റോഡ് നിർമാണം നടത്തുന്നത് ചോദ്യം ചെയ്ത വഴിയാത്രക്കാരായ യുവാക്കളെ അറ്റകുറ്റപ്പണിക്കാരൻ ടാർ ഒഴിച്ച് പൊള്ളിച്ചു. വ്യാഴാഴ്ച എറണാകുളം ചിലവന്നൂർ റോഡിലായിരുന്നു സംഭവം. ചിലവന്നൂർ സ്വദേശികളായ വിനോദ് വർഗീസ് (41), ജോസഫ് ബിനു (37), ആൻറണി ജിജോ (40) എന്നിവർക്കാണ് പൊള്ളലേറ്റത്. മുന്നറിയിപ്പില്ലാതെ നടത്തുന്ന ഗതാഗത നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ തൊഴിലാളി തങ്ങളുടെമേൽ ടാർ ഒഴിക്കുകയായിരുന്നെന്ന് യുവാക്കൾ പറഞ്ഞു.

എളംകുളത്തുനിന്ന് കാറിൽ വരുകയായിരുന്ന യുവാക്കൾ ചിലവന്നൂർ വാട്ടർലാൻഡ് റോഡിൽ എത്തിയപ്പോഴാണ് സംഭവം. മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പണി നടത്തുന്നത് ചോദ്യം ചെയ്തതോടെ തൊഴിലാളികളുമായി വാക്​തർക്കമുണ്ടായി. ഇതിനിടെ, ചിലവന്നൂർ റോഡിൽ കുഴി അടക്കുന്ന തമിഴ്നാട് സ്വദേശിയായ ജോലിക്കാരനാണ് തിളച്ച ടാർ ഒഴിച്ചത്. ഇയാൾ തമിഴ്നാട് സ്വദേശിയായിരുന്നുവെന്ന് യുവാക്കൾ പറഞ്ഞു. ടാർ ഒഴിച്ചതിനു പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് ഓടിമറഞ്ഞു.

വിനോദിനും ജോസഫിനുമാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇരുവരുടെയും കൈക്കും കാലിനും പൊള്ളലുണ്ട്. ആന്‍റണിയുടെ കൈക്കാണ് പൊള്ളൽ. സംഭവത്തിന് പിന്നാലെ നാട്ടുകാർ ഓടിക്കൂടിയെങ്കിലും അതിനുമുമ്പ്​ ടാറൊഴിച്ചയാൾ കടന്നിരുന്നു. പൊള്ളലേറ്റ വിനോദ് വർഗീസ് ന്യൂനപക്ഷ മോർച്ച ജില്ല നേതാവാണ്. ഈ സമയം കോൺട്രാക്ടർ സ്ഥലത്തുണ്ടായിരുന്നു. യുവാക്കൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

Tags:    
News Summary - Road repairmen burn passengers with tar at Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.