റിജിൽ മാക്കുറ്റിക്ക്​​ മർദനം; ആഘോഷമാക്കി സി.പി.എമ്മിനെ പുകഴ്ത്തി സംഘ്​പരിവാർ

സംഘ്​പരിവാർ വി​ദ്വേഷ രാഷ്​​ട്രീയത്തെ കേരളത്തിൽ ശക്​തമായി ചെറുത്തുപോരുന്ന കോൺഗ്രസ്​ നേതാക്കളിൽ ഒരാളാണ്​ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുകൂടിയായ റിജിൽ മാക്കുറ്റി. കടുത്ത സംഘ്​പരിവാർ വിരുദ്ധനായ റിജിലിന്‍റെ പ്രസ്താവനകൾ പലപ്പോഴും ഹിന്ദുത്വ തീവ്രവാദികൾക്ക്​ തലവേദന ആയിട്ടുണ്ട്​.

ഇടതുപക്ഷ സംഘടനകൾക്കും പലപ്പോഴും റിജിലിന്‍റെ നിലപാടുകൾ തലവേദന സൃഷ്ടിച്ചിട്ടുണ്ട്​. ബീഫ്​ വിവാദത്തിൽ അടക്കം കേരളത്തിലെ ഇടതുപക്ഷ യുവജന സംഘടനകൾ നിലപാടുകൾ മയപ്പെടുത്തി അവതരിച്ചിച്ചപ്പോൾ ശക്​തമായ നിലപാട്​ സ്വീകരിച്ച്​ റിജിൽ ഇടതുപക്ഷത്തിനടക്കം വെല്ലുവിളി ആയിരുന്നു. പശുവിനെ അറുത്തു എന്ന പ്രചാരണത്തിൽ സംഘ്​പരിവാർ ശക്​തികൾക്കൊപ്പം ഇടതുപക്ഷ അണികളും റിജിൽ മാക്കുറ്റിക്കെതിരെ രംഗത്തുവന്നിരുന്നു. സമരവേദിയിൽ തനിക്ക്​ ഷാൾ അണിയിക്കാൻ വന്ന, തീവ്ര വർഗീയത പ്രസംഗിച്ച പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജിന്‍റെ ആദരവ്​ നിരസിച്ചതും വാർത്തകൾക്ക് ​കാരണമായിരുന്നു. നിലവിൽ കെ-റെയിൽ വിവാദത്തിൽ റിജിൽ മാക്കുറ്റിയെ അടിച്ച സി.പി.എമ്മിന്​ അഭിവാദ്യങ്ങളുമായി എത്തിയിരിക്കുകയാണ്​ സംഘ്​പരിവാർ പ്രവർത്തകർ.



കണ്ണൂരിൽ കെ -റെയിൽ വിശദീകരണ യോഗത്തിനിടെ പ്രതിഷേധം നടത്തിയതിന് സി.പി.എം പ്രവർത്തകരുടെ മർദനമേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ റിജിൽ മാക്കുറ്റിക്കെതിരെ സംഘ് പരിവാർ പ്രൊഫൈലുകൾ ആഘോഷിക്കുകയാണ്​. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല, യുവമോർച്ചാ മുൻ നേതാവ് ലസിത പാലക്കൽ തുടങ്ങിയവരെല്ലാം റജിലിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ടു.

'പശുക്കുട്ടിയെ അറുത്തതിന് അറുത്തവനെ സഖാക്കൾ പഞ്ഞിക്കിട്ടത്രെ! സംഘി ഫാസിസം (?) തുലയട്ടെ' - എന്നാണ് ശശികലയുടെ കുറിപ്പ്. നിരവധി പേരാണ് ഈ കുറിപ്പ് പങ്കുവച്ചിട്ടുള്ളത്. 'കണ്ണൂർ സിറ്റിയിൽ വെച്ച് പരസ്യമായി പശുകുട്ടിയെ അറുത്ത പുക്കുറ്റിയുടെ പുറം അടിച്ച് പൊളിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ.' -എന്നാണ് ലസിത പാലക്കൽ കുറിച്ചത്. ഇതേക്കുറിച്ച് സംഘ് പ്രൊഫൈലായ ശ്രീജിത് പണ്ടാലം കുറിച്ചതിങ്ങനെ. 'പൂക്കുറ്റിയ്ക്ക് പിന്നേം അപമാനം. ഇവന് തല്ല് കിട്ടിയതിൽ സന്തോഷിച്ചത് അൽ കേരള സർക്കാരിന്റെ കെ-റയിൽ എന്ന ഉടായിപ്പ് പരിപാടിയ്ക്കുള്ള സപ്പോർട്ട് ആയി കരുതരുത്... കെ-റയിൽ നടക്കുന്ന കാര്യമല്ല, പക്ഷെ നടുറോഡിൽ കൊണ്ടുവന്ന് പശുക്കിടാവിനെ പരസ്യമായി അറുത്ത് തെമ്മാടിത്തം കാണിച്ച റിജിലിന് അടി കിട്ടിയതിൽ ഉള്ള സന്തോഷം ആണ് എന്ന് സുടു -കമ്മി ടീമുകളെ അറിയിച്ചു കൊള്ളട്ടെ.' കണ്ണൂരിന്റെ കാവിപ്പട, വത്സൻ തില്ലങ്കേരിയുടെ പ്രസംഗങ്ങളുടെ ഫാൻസ് തുടങ്ങിയ സംഘ്പരിവാർ പേജുകളിലും റിജിലിനെതിരെയുള്ള പോസ്റ്റുകൾ നിരവധിയുണ്ട്.

സംഘ്​പരിവാർ പരിഹാസ രീതി ഏറ്റുപിടിച്ച്​ സി.പി.എം നേതാവ്​ എം.വി ജയരാജനും രംഗത്തെത്തിയിട്ടുണ്ട്​. 'മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരു കക്ഷിയുണ്ട്​. പാന്‍റിലാണ്​ എത്തിയത്​...' ഇങ്ങനെ പോകുന്നു ജയരാജന്‍റെ പരിഹാസം.

അതിനിടെ, തനിക്ക് മർദനമേറ്റതിൽ സഖാക്കളേക്കാൾ സന്തോഷം സംഘികൾക്കാണെന്ന് റിജിൽ മാക്കുറ്റി പ്രതികരിച്ചു. സിൽവർ ലൈൻ വന്നാൽ തന്‍റെ വീടോ കുടുംബത്തിന്‍റെ ഒരിഞ്ച് സ്ഥലമോ പോകില്ലെന്നും കുടിയൊഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരമെന്നും റിജിൽ ഫേസ്ബുക്കിൽ കുറിച്ചു.

റിജിൽ മാക്കുറ്റിയുടെ കുറിപ്പ്

എന്‍റെ വീടോ എന്‍റെ കുടുബത്തിന്റെ ഒരിഞ്ച് സ്ഥലമോ പോകില്ല. കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരം. ഡി.വൈ.എഫ്.ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയൻ അടിച്ചമർത്താൻ നോക്കിയാൽ സമരത്തിൽ നിന്ന് മരിക്കേണ്ടി വന്നാലും പിറകോട്ടില്ല. ഇത് കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷ നേതാവും യു.ഡി.എഫും പ്രഖ്യാപിച്ച സമരമാണ്.

സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെക്കാളും സന്തോഷം സംഘികൾക്ക് ആണ്. അതുകൊണ്ട് തന്നെ എൻറെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടിയൊഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്. ഭക്ഷണത്തിൻറെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്. അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നോ ആക്രമിച്ച് ഇല്ലാതാക്കാമെന്നും സഖാക്കളോ സംഘികളോ നോക്കണ്ട.

പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണൻ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്. അതാണല്ലോ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ സംഘികൾ വിളിച്ച മുദ്രാവാക്യം സഖാക്കൾക്ക് എതിരെ അല്ലല്ലോ മുസ്‌ലിം മത വിശ്വസിക്കൾക്ക് എതിരെയാണല്ലോ? സംഘികൾക്ക് എതിരെ യു.എ.പി.എ പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പൊലീസ്. ഇതാണ് ചുവപ്പ് നരച്ചാൽ കാവി.

Tags:    
News Summary - Rijal Makutti beaten; The Sangh Parivar celebrated and praised the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.