‘കാഫിർ’ സ്ക്രീൻ ഷോട്ടിന് പിന്നിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടുന്ന സംഘം; ആരോപണവുമായി റവല്യൂഷണറി യൂത്ത്

വടകര: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കിയ വ്യാജ ‘കാഫിർ’ സ്ക്രീൻ ഷോട്ടിന് പിന്നിൽ സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനന്റെ മകനുൾപ്പെടുന്ന സംഘമെന്ന് റവല്യൂഷണറി യൂത്ത്.

യു.ഡി.എഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിനെതിരെ നടത്തിയ കാഫിർ വർഗീയ പ്രചരണമുൾപ്പെടെ സകല വർഗീയ-അശ്ശീല പ്രചരണങ്ങളുടെയും കുന്തമുന സ്വന്തം വീടിന്റെ ഉമ്മറത്തേക്ക് എത്താറായപ്പോഴാണ് ‘സർവകക്ഷി സമാധനയോഗം’ വിളിക്കാൻ പി. മോഹനൻ രംഗത്തെത്തിയതെന്നും റവല്യൂഷണറി യൂത്ത് പ്രസ്താവനയിൽ ആരോപിച്ചു.

‘വടകരയുടെ മതേതത രാഷ്ട്രീയ ബോധ്യത്തെ വർഗീയ-അശ്ലീല പ്രചരണം കൊണ്ട് വിലക്കെടുക്കാൻ കച്ചകെട്ടിയിറങ്ങിയ അഭിനവ മാർക്സ് മുത്തപ്പൻമാരെ ജനം ഉടുമുണ്ടുരിഞ്ഞ് തെരുവിൽ വിചാരണ ചെയ്യാൻ തുടങ്ങിയപ്പോൾ സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍റെ മനസ്സിൽ ഒരു ഒന്നൊന്നര ബോംബ് പൊട്ടി..!! സകല വർഗീയ-അശ്ശീല പ്രചരണങ്ങളുടെയും കുന്തമുന സ്വന്തം വീടിന്‍റെ ഉമ്മറത്തേക്ക് എത്താറായപ്പോൾ 'സർവകക്ഷി സമാധനയോഗം' വിളിക്കാൻ വെമ്പൽ കൊള്ളുന്ന മോഹനന്‍റെ ചേതോവികാരം എന്താണെന്ന് വടകരയിലെ രാഷ്ട്രീയ പ്രബുദ്ധരായ ജനത്തിനറിയാം..!! സ്വന്തം മകനുൾപ്പെടുന്ന സൈബർ ക്രിമിനലുകളുടെ ബുദ്ധിയിൽ വിരിഞ്ഞ 'കാഫിർ' വർഗീയ വിഷം ഭാര്യ ഏറ്റെടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാൽ ജനം കണ്ണടച്ച് വിശ്വസിക്കുമെന്നും അതുവഴി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാമെന്നും കരുതി ദിവാസ്വപ്നം കണ്ടുറങ്ങിയ മോഹനന് വടകരയിലെ ജനതയെ ഇനിയും മനസ്സിലായിട്ടില്ല..!!’ -റവല്യൂഷണറി യൂത്തിന്‍റെ കുറിപ്പിൽ പറയുന്നു.

51 വെട്ടിനാൽ ചന്ദ്രശേഖരന്‍റെ രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ നടത്തിയ അരുംകൊലയുടെ അതേ ക്രിമിനൽ ബുദ്ധി തന്നെയാണ് മോഹനന്‍റെ വടകര മോഹസഫലീകരണത്തിനായി സ്വന്തം കുടുംബം ഒന്നടങ്കം വടകരയിൽ അശ്ശീല-വർഗീയ വിഷം തുപ്പാൻ ഇറങ്ങിയതിലൂടെ വ്യക്തമാകുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവുന്നതേയുള്ളൂവെന്നും റവല്യൂഷണറി യൂത്ത് കുറ്റപ്പെടുത്തി.

പി. മോഹനന്‍റെയും സി.പി.എമ്മിന്‍റെയും രാഷ്ട്രീയ കുബുദ്ധിക്ക് മുമ്പിൽ ആത്മാഭിമാനത്തോടെ മതേതരത്വം മുറുകെ പിടിച്ച് ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം നൽകിയ ഒരു ജനതയെ ലീഗ്-യു.ഡി.എഫ് നേതൃത്വം പണയം വെക്കരുതെന്നും പോസ്റ്റിൽ പറയുന്നു.

Tags:    
News Summary - Revolutionary Youth accusations against the son of the CPM district secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.