ന്യൂഡല്‍ഹി: കൊറോണ ഭീതിയെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ ഗര്‍ഭിണികള്‍ക്കും രോഗികൾക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്. യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയില്മാത്രം രണ്ടു ലക്ഷത്തോളം രജിസ്ട്രേഷൻ ഉണ്ടെന്നും ഫേസ്ബുക്ക് ലൈവിൽ മന്ത്രി പറഞ്ഞു.
ചില രാജ്യങ്ങളില്‍നിന്ന് ഷെഡ്യൂള്‍ഡ് കൊമേഴ്സ്യൽ വിമാന ടിക്കറ്റ് എടുത്തവരുടെ ടിക്കറ്റുകള്‍ കാൻസലാക്കപ്പെട്ടവർ വിദേശകാര്യ വകുപ്പും സിവില്‍ വ്യോമയാന വകുപ്പും ചേര്‍ന്ന് ആരംഭിക്കുന്ന നോണ്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാന്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗര്‍ഭിണികള്‍ തങ്ങളെ പരിശോധിക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ മുന്‍ഗണനപട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രായമായവര്‍, രോഗബാധിതര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കും. സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശയവിനിമയത്തിന് ബുദ്ധിമുട്ടുള്ളതിനാല്‍ സൗദി എംബസികളില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കും.
ഈ ആഴ്ച ഏറ്റവും കൂടുതല്‍ ആളുകള്‍ തിരിച്ചുവരാന്‍ രജിസ്റ്റർ ചെയ്തിരിക്കുന്ന രാജ്യങ്ങളില്‍നിന്നാണ് വിമാന സര്‍വിസുകള്‍ തുടങ്ങുന്നത്. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, സിംഗപ്പൂര്‍, മലേഷ്യ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് സര്‍വിസുകള്‍. ലണ്ടന്‍, ഫിലിപ്പീന്‍സ്, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നും വൈകാതെ വിമാന സര്‍വിസുകള്‍ ആരംഭിക്കും.
കുടുങ്ങിക്കിടക്കുന്ന രാജ്യത്തെ വിമാനത്താവളത്തില്‍നിന്നും അവര്‍ക്ക് പോവേണ്ട വിമാനത്താവളങ്ങള്‍ സൂചിപ്പിച്ച് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. ആളുകളുടെ എണ്ണം അനുസരിച്ച് ഒരു വിമാനത്തിന് ആവശ്യമായ ആളുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ സര്‍വിസ് ആരംഭിക്കും. എല്ലാ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവർക്കായി വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്താനാണ് വിദേശകാര്യ വകുപ്പിെൻറ ശ്രമം.
ഇന്തോനേഷ്യ, ശ്രീലങ്ക, തുര്‍ക്കി, ജപ്പാന്, കാനഡ, നൈജീരിയ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതത് സ്ഥലത്തെ ഇന്ത്യന്‍ എംബസികളില്‍ പേരു രജിസ്റ്റര്‍ ചെയ്യണം. എല്ലാ സ്ഥലങ്ങളിലുമുള്ള മുഴുവന്‍ പ്രവാസികളേയും തിരിച്ച് കൊണ്ടുവരണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മാലിദ്വീപില്‍നിന്നും ഈ ആഴ്്ച മൂന്ന് കപ്പലുകളില്‍ കൊച്ചിയിലേക്ക് ആളുകളെ തിരിച്ച് കൊണ്ടുവരും. ഒ.സി.എ ഉള്ളവര്‍ ഇപ്പോള്‍ തത്കാലം അതതുരാജ്യങ്ങളില്തന്നെ തുടരേണ്ടതുണ്ട്. ഇന്ത്യന്‍ പൗരന്മാര്, ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള ആളുകള്‍ എന്നിവരെയാണ് ഈ ഘട്ടത്തില്‍ തിരിച്ചുകൊണ്ടുവരുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.