കോട്ടയം: തിരുവല്ല-ചങ്ങനാശ്ശേരി പാതയിലെ പാലത്തിന്റെ ഗർഡർ മാറ്റിസ്ഥാപിക്കുന്ന ജോലികളുമായി ബന്ധപ്പെട്ട് ശനിയാഴ്ച കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. രാത്രി 7.55 മുതൽ ഏർപ്പെടുത്തുന്ന നിയന്ത്രണത്തിന്റെ ഭാഗമായി ചില ട്രെയിനുകൾ ആലപ്പുഴ വഴിയാകും സർവിസ് നടത്തുക. മെമു സർവിസ് റദ്ദാക്കിയിട്ടുമുണ്ട്. കൊല്ലത്തുനിന്ന് ശനിയാഴ്ച രാത്രി 8.05ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു സർവിസാണ് പൂർണമായി റദ്ദാക്കിയത്.
മധുര-ഗുരുവായൂർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. മധുര ജങ്ഷനിൽനിന്ന് ശനിയാഴ്ച രാവിലെ 11.35ന് പുറപ്പെടുന്ന മധുര ജങ്ഷൻ-ഗുരുവായൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16327) കൊല്ലം ജങ്ഷനിൽ സർവിസ് അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
ഗുരുവായൂരിൽനിന്ന് രാവിലെ 5.50ന് പുറപ്പെടേണ്ട ഗുരുവായൂർ-മധുര ജങ്ഷൻ എക്സ്പ്രസ് (16328) ഞായറാഴ്ച ഉച്ചക്ക് 12.10ന് കൊല്ലത്തുനിന്ന് സർവിസ് ആരംഭിക്കും. ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കുമെന്നും റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം നോർത്തിൽനിന്ന് ശനിയാഴ്ച രാത്രി 7.05ന് പുറപ്പെടുന്ന ബംഗളൂരു ഹംസഫർ എക്സ്പ്രസ് (16319) ചെങ്ങന്നൂരിലെയും കോട്ടയത്തെയും സ്റ്റോപ്പുകൾക്ക് പകരം ആലപ്പു ഴയിലും എറണാകുളം ജങ്ഷനിലും താൽക്കാലികമായി അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രലിൽനിന്ന് 7.40ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്. (16629) ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രലിൽനിന്ന് 8.55ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ എക്സ്പ്രസ്. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രലിൽനിന്ന് രാത്രി 8.30ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ-മധുര ജങ്ഷൻ അമൃത എക്സ്പ്രസ്. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
പാലക്കാട്: വേനൽക്കാലത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. നമ്പർ 06163 തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ എക്സ്പ്രസ് സ്പെഷൽ മേയ് അഞ്ച്, 12, 19, 26, ജൂൺ രണ്ട്, ഒമ്പത് തീയതികളിൽ വൈകുന്നേരം 5.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.50ന് മംഗളൂരു ജങ്ഷനിൽ എത്തും.
നമ്പർ 06164 മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷൽ മേയ് ആറ്, 13, 20, 27, ജൂൺ മൂന്ന്, 10 തീയതികളിൽ വൈകുന്നേരം ആറിന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽ എത്തും.
പാലക്കാട്: നമ്പർ 16732/16731 തിരുച്ചെന്തൂർ-പാലക്കാട്-തിരുച്ചെന്തൂർ എക്സ്പ്രസിന് ശ്രീവൈകുണ്ഡം സ്റ്റേഷനിൽ അനുവദിച്ച അധിക സ്റ്റോപ് ഒക്ടോബർ 25 വരെ ആറു മാസത്തേക്കുകൂടി നീട്ടിയതായി റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.