ശബരിമലയിലെ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി; തീർഥാടകർക്ക്​ ദർശനത്തിന്​ അനുമതി

പത്തനംതിട്ട: മഴയിൽ കുറവ്​ വന്നതോടെ ശബരിമലയിലെ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി. കനത്ത മഴയുടെയും പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിന്‍റെയും പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിന് ശനിയാഴ്ച ജില്ലാ ഭരണകൂ​ടം നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതാണ്​ ഇപ്പോൾ ഭാഗികമായി നീക്കിയത്​.

നിലയ്ക്കൽ കഴിയുന്ന തീർഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സാധ്യമാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ദർശനം അനുവദിക്കാനാണ്​ തീരുമാനം. ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സനും ജില്ല കലക്ടറുമായ ഡോ. ദിവ്യ എസ്. അയ്യരുമായി ശബരിമല എ.ഡി.എം അർജുൻ പാണ്ഡ്യൻ സ്ഥിതിഗതികൾ ചർച്ച ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. പമ്പാ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് കൃത്യമായ ഇടവേളകളിലായിരിക്കും ഇവർക്ക് ദർശനം അനുവദിക്കുക.

വാരാന്ത്യമായതിനാൽ വെർച്വൽ ക്യൂ വഴി ശനിയാഴ്ച 20,000 പേരാണ്​ ബുക്ക്​ ചെയ്​തിരുന്നത്​. ഇതിൽ 90 ശതമാനം പേരും എത്താനാണ്​ സാധ്യത.

കനത്ത മഴയെ തുടർന്ന്​ ​വെള്ളിയാഴ്ച അർധരാത്രിയാണ്​ തീർഥാടകർക്ക്​ വിലക്ക്​ ഏ​ർപ്പെടുത്തിയത്​. ഇതറിയാതെ നിലയ്​ക്കലിൽ ധാരാളം തീർഥാടകർ എത്തിയിട്ടുണ്ട്​​. ഇവരെ ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യമാണുള്ളത്​. ഇതും ആളുകളെ കടത്തിവിടാൻ കാരണമായി​.

ശനിയാഴ്ച രാവിലെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്​. പമ്പ ത്രിവേണിയിലടക്കം ജലനിരപ്പ്​ തൃപ്​തികരമാണ്​. അതേസമയം, പമ്പ നദിയിലെയും ഡാമിലെയും റെഡ്​ അലർട്ട്​ പിൻവലിച്ചിട്ടില്ല. മഴ തുടരുകയാണെങ്കിൽ പുഴയിൽ ജലനിരപ്പ് ഇനിയും​ ഉയരാൻ സാധ്യതയുണ്ട്​. അതിനാൽ കൃത്യമായ നിരീക്ഷണങ്ങളുടെ അടിസ്​ഥാനത്തിലായിരിക്കും തീർഥാടകരെ സന്നിധാനത്തേക്ക്​ കടത്തിവിടുക. 

Tags:    
News Summary - Restrictions on Sabarimala partially lifted; Pilgrims are allowed to visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.