ന്യൂഡൽഹി: സൻആയിൽ കൊലപാതക കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള മധ്യസ്ഥ ചർച്ചകൾക്കായി യമനിൽ പോകാൻ സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ കേന്ദ്ര സർക്കാറിന്റെ അനുമതി തേടി. കാന്തപുരത്തിന്റെ പ്രതിനിധികളായി ഹുസൈൻ സഖാഫി, യമനിൽ ബന്ധമുള്ള ഹാമിദ് എന്നിവരെയും ആക്ഷൻ കൗൺസിൽ പ്രതിനിധികളായി സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രൻ, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, സജീവ് കുമാർ എന്നിവരെയും യമനിലേക്ക് പോകാൻ അയക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശ മന്ത്രാലയത്തിന് കൗൺസിൽ അപേക്ഷ നൽകി.
മധ്യസ്ഥ ചർച്ചകൾക്ക് യമനിലേക്ക് പോകാൻ കാന്തപുരത്തിന്റെ പ്രതിനിധികൾ അടക്കമുള്ളവർക്ക് കേന്ദ്ര സർക്കാറിനെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കുന്നതിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും മർക്കസുസ്സഖാഫത്തിസ്സുന്നിയ്യയും കേന്ദ്ര സർക്കാറിനൊപ്പം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടി. യമനിൽ നിമിഷപ്രിയക്കായി കേസ് നടത്താൻ അമ്മ പവർ ഓഫ് അറ്റോണി നൽകിയ സാമുവൽ ജെറോമിനെതിരെ കൊല്ലപ്പെട്ട യമനി പൗരൻ തലാൽ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്ദി ഗുരുതരമായ സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചുവെന്നും അപേക്ഷയിലുണ്ട്.
ദിയാധനം കൊടുത്ത് മാപ്പുനൽകാൻ കൊല്ലപ്പെട്ട തലാൽ മഹ്ദിയുടെ കുടുംബത്തെ പ്രേരിപ്പിക്കുകയല്ലാതെ നിമിഷ പ്രിയയുടെ മോചനത്തിന് മറ്റൊരു വഴിയില്ലെന്ന് ആക്ഷൻ കൗൺസിൽ സമർപ്പിച്ച നിവേദനത്തിൽ ബോധിപ്പിച്ചു. ഇതിനാവശ്യമായ ദിയാധനത്തിന് പൊതു ഖജനാവിൽനിന്ന് നിയാ പൈസ ആവശ്യമില്ലെന്നും ആ തുക സമാഹരിക്കാൻ സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ തയാറാണെന്നും അപേക്ഷയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.