കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിൽ കൺസൾട്ടിങ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവർ ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. ചാനലിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിനെ ഉൾപ്പെടുത്തി ചാനൽ തയാറാക്കിയ ടെലി സ്കിറ്റാണ് കേസിനിടയാക്കിയത്. തിരുവനന്തപുരം ജില്ല ശിശുക്ഷേമസമിതി ഡി.ജി.പിക്ക് നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് കേസെടുക്കുകയായിരുന്നു.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് ബാലാവകാശ കമീഷനും സ്വമേധയാ കേസെടുത്തു. പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും അനുമതിയോടെ സ്ക്രിപ്റ്റ് തയാറാക്കി ചെയ്തതാണ് ഈ പരിപാടിയെന്ന് ഹരജിയിൽ പറയുന്നു. ലൈംഗികപരമായ ഒരു തരത്തിലുള്ള കുറ്റകൃത്യവും ഇതിലൂടെ നടത്തിയിട്ടില്ല. വാർത്താ അവതരണത്തിനിടയിൽ അവതാരകനും റിപ്പോർട്ടർമാരും തമ്മിൽ സംസാരിക്കുന്നതിനിടെയുണ്ടായ പരാമർശങ്ങളെയാണ് ലൈംഗികച്ചുവയോടെയുള്ള ദ്വയാർഥ പ്രയോഗമായി പറയുന്നത്. ഹരജിക്കാർക്കെതിരെ ചുമത്തിയ കുറ്റം നിലനിൽക്കുന്നതല്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.