എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ട് ശരിയായ വിനിയോഗിക്കുന്നില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ട് ശരിയായി വിനിയോഗിക്കുന്നില്ലെന്ന് ധനകാര്യ റിപ്പോർട്ട്. ഇടുക്കി അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായി 2021- 22 മുതൽ 2023 വരെ നടപ്പാക്കിയ പദ്ധതികൾ സംബന്ധിച്ചാണ് പരിശോധന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

അഴുത ബ്ലോക്ക് പഞ്ചായത്തിലെ എം.എൽ.എ എ.ഡി.എസ് പ്രവർത്തികൾ പരിശോധിച്ചതിൽ 2021-22 സാമ്പത്തിക വർഷം മുതൽ എം.എൽ.എ ശുപാർശ ചെയ്തത 19ൽ മൂന്നെണ്ണം മാത്രമാണ് പൂർത്തീകരിച്ചത്. പല പദ്ധതികൾക്കും ഭരണാനുമതി ലഭിച്ചിട്ടുപോലുമില്ലെന്ന പരിശോധനയിൽ കണ്ടെത്തി. ഈ സാഹചര്യത്തിൽ എം.എൽ.എ ശുപാർശ ചെയ്യുന്നതിന് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണം. എം.എൽ.എ മാരുടെ ആസ്തി വികസന നിധി ഉപയോഗിച്ചുള്ള പ്രവർത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

2021-22 സാമ്പത്തിക വർഷം നടപ്പിലാക്കിയ മുരിക്കടി കര്യൻ കോളനി റോഡ് കോൺക്രീറ്റിങ്ങിന് കരാറുകാരനുമായി 2022 ഡിസംബർ 20 ന് കരാർ ഉറപ്പിച്ചു. ഈ ഉടമ്പടി പ്രകാരം പ്രവർത്തിയുടെ പൂർത്തീകരണ കാലാവധി ആറ് മാസമായിരുന്നു. 2022 ജൂൺ 20ന് സൈറ്റ് കൈമാറുകയും ചെയ്തു.

എന്നാൽ പ്രവർത്തി 2023 സെപ്തംബർ രണ്ടിനാണ് പൂർത്തീകരിച്ചത്. പൂർത്തീകരണ കാലാവധി ദീർഘിപ്പിച്ച് നൽകുന്നതിനായി കരാറുകാരൻ അപേക്ഷ സമർപ്പിച്ചത് സംബന്ധിച്ചുള്ള വിവരങ്ങളോ കരാറുകാരനുമായി സപ്ലിമെൻററി കരാറിൽ ഏർപ്പെട്ടത് സംബന്ധിച്ചുള്ള വിവരങ്ങളോ പൂർത്തീകരണ കാലാവധി പിഴ ഈടാക്കാതെ ദീർഘിപ്പിച്ച് നൽകിയതിൻറെ കാരണങ്ങളോ ഓഫിസിൽ ലഭ്യമല്ല.

അതിനാൽ പദ്ധതികളുടെ പൂർത്തീകരണ കാലാവധി ദീർഘിപ്പിച്ച് നൽകുമ്പോൾ പി.ഡബ്ല്യു.ഡി മാനുവൽ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതാണെന്നും മുരിക്കടി കര്യൻ കോളനി റോഡ് കോൺക്രീറ്റിംഗ് എന്ന പ്രവൃത്തി സമയ ബന്ധിതമായി പൂർത്തീകരിക്കാത്തത് കരാറുകാരൻറെ വീഴ്ചയാണെങ്കിൽ പി.ഡബ്ല്യു.ഡി മാനുവൽ പ്രകാരം പിഴ ഈടാക്കണെന്ന നിർദേശം അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

തങ്കമ്മ എസ്റ്റേറ്റ് പുതിയ വായനശാല സാംസ്കാരിക നിലയം കെട്ടിട നിർമാണത്തിന് ഭൂമി വിട്ടു കിട്ടിയിട്ടില്ല. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ ചിൽഡ്രൻസ് പാർക്ക് നിർമാണത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. പീരുമേട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടില്ല. ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ കോഴിക്കാനം കുരിശുമല റോഡും സംരക്ഷണ ഭിത്തിയും നിർമിക്കുന്നതിനുള്ള പ്രവർത്തി ആരംഭിച്ചിട്ടില്ല. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ തേങ്ങാക്കൽ ഫാക്ടറി-വെയ്റ്റിംഗ് ഷെഡ്, റോഡ് നിർമാണം ആരംഭിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. 

Tags:    
News Summary - Report: MLAs' asset development funds not being utilized properly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.