നവീകരിച്ച ബേക്കൽ പൊലിസ് കെട്ടിടം

ഇങ്ങനെയാവണം പൊലീസ് സ്റ്റേഷൻ

കാസർകോട്: ചന്ദ്രഗിരി സംസ്ഥാന പാത വഴി രാത്രി കാലങ്ങളിൽ ഇപ്പോൾ കടന്നു പോകുന്ന ആർക്കും കാണാം ബേക്കലിലെ ദീപാലംകൃതമായ കെട്ടിടം. കല്യാണവീട് അലങ്കരിച്ചതാണോ, ആരാധനാലയം ദീപാവലിയിൽ കുളിച്ചതാണോ എന്ന് തോന്നിപ്പോകും. തെറ്റിദ്ധാരണ വേണ്ട, അത് ബേക്കൽ പൊലിസ് സ്റ്റേഷനാണ്.

ഒരു പൊലിസ് സ്റ്റേഷൻ ഇങ്ങനെയൊക്കെ ആവണോ എന്ന് ചോദിച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനിൽ മറുപടി പറയും ആയാലെന്താ? എന്നും പഴയപോലെയാവണമെന്നുണ്ടോ? എന്ന്.

ആരുടെയും ശ്രദ്ധയിൽ പെടാതെ പോയിരുന്ന പഴകിയ ഒരു കെട്ടിടം മാത്രമായിരുന്നു ബേക്കൽ പൊലിസ് സ്റ്റേഷൻ. മഴവന്നാൽ മുറ്റം നിറയെ ചെളികെട്ടിനിന്നിടം. ബേക്കലിലെ പൊലിസ് വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ ആളുകൾ പറയുമായിരുന്നു അത് ബേക്കൽ സ്റ്റേഷന്‍റെ ജീപ്പ്പോയ വഴിയാണ് എന്ന്.

പരാതിക്കാർ വന്നാൽ ഇരിക്കാനിടമില്ല. പൊലിസുകാർക്ക് താമസിക്കാൻ സ്ഥലമില്ല, ഏതുപാതിരാത്രിയിലും ജോലി കഴിഞ്ഞാൽ വാടകക്ക് വണ്ടി വിളിച്ച് നാട്ടിലെത്തേണ്ട അവസ്ഥ. അതെല്ലാം മാറി. ഇപ്പോൾ ഒരു ടൂറിസ്റ്റ് ബംഗ്ലാവിൻ്റെ ' ലുക്ക് 'പരാതിക്കാർക്കും പ്രതികൾക്കും അന്തസ്സോടെ കയറി ചെല്ലാം. പുറത്ത് കാത്ത് നിൽക്കേണ്ട, ഇരിപ്പിടമുണ്ട്, 'മാന്യമായി പെരുമാറുന്ന റിസപ്ഷൻ ഉണ്ട്. പച്ച പരവതാനിയും. പൂർണകായ ഗാന്ധി പ്രതിമയുമുണ്ട്. പൂർണമായും സൗന്ദര്യവത്കരിച്ച പൊലിസ് റ്റേഷനിൽ ഒന്ന് കയറണമെന്ന് ആർക്കും തോന്നിപ്പോകാം.

സംസ്ഥാനത്തെ പത്ത് പൊലിസ് സ്റ്റേഷനുകൾക്ക് പത്ത് ലക്ഷം വീതം നൽകി നവീകരിക്കാനുള്ള തീരുമാനമാണ് ബേക്കലിൽ എത്തിയത്. ബേക്കൽ സ്റ്റേഷൻ സന്ദർശിച്ച ജില്ലാ പൊലിസ് മേധാവി ഡി.ശിൽപ സ്റ്റേഷൻ ചുറ്റുപാട് കണ്ടപ്പോഴാണ് ആ പത്തിൽ ഒന്ന് ബേക്കൽ ആയാൽ എന്താണ് എന്ന് തോന്നിയത്. അന്നത്തെ സി.ഐ നിസാമിനോട് സ്വന്തം മനോധർമ്മവും ചേർത്ത് ചെയ്യാമോ എന്ന് ചോദിച്ചു. അവർ ഏറ്റെടുത്തു. ഇൻ്റർലോക്ക്, പച്ച പരവതാനി വിരിക്കൽ, പൂന്തോട്ടം എന്നിവ സ്റ്റേഷൻ ഇടപെട്ട് നടത്തിച്ചു. ഭിന്നശേഷിക്കാർക്ക് കടന്നു വരാനുള്ള സൗകര്യം ഒരുക്കി. മൊത്തത്തിൽ പരമ്പരാഗത പൊലിസ് സ്റ്റേഷൻ സങ്കൽപം പൊളിച്ചടുക്കുകയാണ് ബേക്കൽ സ്‌റ്റേഷൻ.

അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തിന് അനുയോജ്യമായ വിധത്തിൽ ബേക്കൽ സ്റ്റഷൻ സുന്ദരമായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. എല്ലാ സ്റ്റേഷനുകളും ഇങ്ങനെയായിരുന്നുവെങ്കിൽ? മുന്നിലൂടെ കടന്നുപോകുന്ന ബസുകളിലെ യാത്രക്കാരിൽ നിന്ന് കമൻ്റുകൾ പതിവായി. ജില്ലാ പൊലീസ് മേധാവിയുടെ സന്ദർശനം ചെറിയ ഉദ്ഘാടനം. അതാണ് ആഗ്രഹം. പൊലിസ് ഇൻസ്പെക്ടർ അനിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.