മലബാർ രക്തസാക്ഷികളുടെ പേര്​ നീക്കുന്നത് വംശീയതയും ചരിത്ര യാഥാർഥ്യങ്ങളോടുള്ള ഭയവും മൂലം -വെൽഫെയർ പാർട്ടി

മലപ്പുറം: മലബാർ രക്തസാക്ഷികളെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കാനുള്ള ചരിത്രഗവേഷണ കൌൺസിലിന്റെ ശ്രമം ചരിത്രയാഥാർത്ഥ്യങ്ങളോടുള്ള ഭയവും സംഘ്പരിവാർ മുന്നോട്ടു വെക്കുന്ന സവർണ വംശീയ വെറിയും മൂലമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രം 75 വർഷം പൂർത്തീകരിക്കുന്ന സന്ദർഭത്തിൽ വിദ്യാഭ്യാസമേഖലയേയും സാംസ്കാരിക ചരിത്രത്തേയും കാവിവത്​കരിച്ച് ആർഎസ്എസിന്‍റെ തീവ്രദേശീയതക്ക് ഉപയോഗപ്പെടുത്താനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ 387 പോരാളികളുടെ പേര് രക്തസാക്ഷി പട്ടികയിൽ നിന്നും നീക്കാൻ ശ്രമം നടത്തുന്നത്. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് അവരോടൊപ്പം ചേർന്ന് രാജ്യത്തെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് സംഘ്പരിവാറിനുള്ളത്. ചരിത്രം ഇല്ലാത്തവർ ഇന്ത്യയുടെ സ്വാഭാവിക സ്വാതന്ത്ര്യ സമരചരിത്രത്തെ ഭയപ്പെടും.

1921 ആഗസ്റ്റ് 20 മുതൽ ഏറനാട്ടിലും വള്ളുവനാട്ടിലും നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ കേവല വർഗീയസംഘർഷമായി വ്യാഖ്യാനിക്കുന്നത് അത്യന്തം സങ്കുചിതവും ചരിത്രത്തോട് നീതിചെയ്യാത്തുമായ കാര്യമാണ്. ആലിമുസ്​ലിയാരെയും വാരിയം കുന്നനെയും മതവിശ്വാസത്തിന്‍റെ ആശയങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. ആലിമുസ്​ലിയാരുടെ മത-ആത്മീയതയില്‍ പിന്തുടരുന്ന നിരവധിപേരാണ് സമരരംഗത്തേക്ക് വന്നത്. സാമ്രാജ്യത്വവിരുദ്ധത, ജന്മിത്ത വിരുദ്ധത, സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചുമുള്ള മതാധിഷ്ഠിതമായ പ്രത്യയശാസ്ത്ര ബോധം, ദേശീയ സ്വാതന്ത്ര്യ വീക്ഷണം തുടങ്ങി സാമ്രാജ്യത്വവിരുദ്ധമായ ഒരു ബഹുജന പ്രക്ഷോഭത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഉള്ളടങ്ങിയ അതിശക്തമായ ഒരധിനിവേശ വിരുദ്ധ പോരാട്ടമായിരുന്നു മലബാര്‍ സമരം.

ജന്മിത്വത്തോടും സാമ്രാജ്യത്തോടും എതിർപ്പുള്ള ഹിന്ദുവിശ്വാസികളും ദലിത് ജനവിഭാഗങ്ങളും ഈ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. സാമ്രാജ്യത്വ-ജന്മിത്വ വാദികളായ മുസ്​ലിംകൾ സമരത്തെ എതിർത്തിട്ടുമുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങളെ ദുർവ്യാഖ്യാനിച്ച് കലാപമാക്കി ചിത്രീകരിക്കുന്ന രീതിയായിരുന്നു അക്കാലത്ത് ബ്രിട്ടീഷുകാരും ഇപ്പോൾ സംഘ്പരിവാറും സ്വീകരിക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ഏകശിലാത്മകമല്ല എന്നത് വസ്തുതയാണ്. ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹവും ഭഗത് സിങ്ങും ഖിലാഫത്ത് പ്രസ്ഥാനവും സുഭാഷ് ചന്ദ്ര ബോസും ചന്ദ്രശേഖർ ആസാദും ടിപ്പുവും വ്യത്യസ്ത സ്വാതന്ത്ര്യ സമര പോരാട്ടങ്ങളാണ് ഇന്ത്യയിൽ കാഴ്ചവെച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയിൽ ഇത്തരം ധാരകൾ വഹിച്ച പങ്ക് അനിഷേധ്യമാണ്. എന്നാൽ, സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊള്ളാനോ ചരിത്രം രചിക്കാനോ കഴിയാതെപോയ തീവ്രഹിന്ദുത്വ ദേശീയതവാദികൾക്ക് ഇവരൊക്കെ കലാപകാരികളാണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ബഹുജന പ്രക്ഷോഭങ്ങളെയും പോരാട്ടങ്ങളെയും റദ്ദ് ചെയ്യുന്നതിലൂടെ മാത്രമേ ഇന്ത്യയിൽ കാവിവത്​കരണം സാധ്യമാകൂ എന്നതാണ് സംഘ്പരിവാർ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് ബ്രിട്ടീഷുകാരോട് ഒപ്പം നിന്ന വി.ഡി സവർക്കർ മോഡിയുടെ ഭരണകാലത്ത് ഇന്ത്യയിൽ വീരപുരുഷനായി മാറുന്നത്.

മലബാർ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങൾ വിട്ടു നൽകാതെ കൂട്ടിയിട്ട് കത്തിച്ചു കളഞ്ഞ് ചരിത്രത്തിൽ പോരാളികളെ വിസ്മരിക്കപ്പെടാൻ ബ്രിട്ടീഷുകാർ നടത്തിയ തന്ത്രം തന്നെയാണ് സമകാലിക ഇന്ത്യയിൽ സംഘ്പരിവാറും ശ്രമിക്കുന്നത്. ചരിത്രത്തിലെ ബ്രിട്ടീഷ് വിരുദ്ധ സമരവും ജന്മിത്വ വിരുദ്ധ പോരാട്ടങ്ങളും സംഘ്പരിവാർ കാലത്ത് ഇനിയും മാറ്റി എഴുതപ്പെടും. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ നേതാക്കളെയും ചരിത്രസംഭവങ്ങളെയും സത്യസന്ധമായി ഓർമ്മിച്ചു കൊണ്ടേയിരിക്കുക എന്നുള്ളത് ഫാസിസ്റ്റ് കാലത്ത് സമര പോരാട്ടമാണ്. ഹിന്ദുത്വ ശക്തികളുടെ ഇത്തരം ശ്രമങ്ങൾക്കെതിരെ ശക്തമായ പോരാട്ടവുമായി വെൽഫെയർ പാർട്ടി രംഗത്ത് ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​ നാസർ കീഴുപറമ്പ്, ജന. സെക്രട്ടറി ഗണേഷ് വടേരി എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Removal of names of Malabar martyrs due to racism and fear of historical facts says Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.