വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന ജെ.എസ്. സിദ്ധാർഥന്റെ സാധന സാമഗ്രികളിൽ മിക്കതും ബന്ധുക്കൾക്ക് തിരികെ കിട്ടിയില്ല. സിദ്ധാർഥന്റെ അച്ഛൻ ടി. ജയപ്രകാശും ബന്ധു എസ്. പ്രസാദും കിട്ടിയ ഏതാനും ചില വസ്തുക്കളുമായി നാട്ടിലേക്ക് മടങ്ങി. സാധന സാമഗ്രികൾ ലഭിക്കാത്തതിനെതിരെ ജയപ്രകാശ് വൈസ് ചാൻസലർ, കോളേജ് ഡീൻ, വൈത്തിരി പോലീസ് ഇൻസ്‌പെക്ടർ എന്നിവർക്ക് പരാതി നൽകി.
ഇക്കഴിഞ്ഞ ഒക്ടോബറിൽ സിദ്ധാർഥന്റെ സാധനങ്ങൾ എടുക്കാനായി ഹോസ്റ്റൽ മുറിയിൽ ബന്ധുക്കൾ എത്തിയെങ്കിലും ഏതാനും ചിലത് മാത്രമായിരുന്നു ലഭിച്ചത്. ബാക്കിയുള്ളവ കണ്ടെത്തിയെന്ന് ഡീൻ അറിയിച്ചതിനെത്തുടർന്നാണ് ഇന്നലെ ഇരുവരും മുൻകൂട്ടി അറിയിച്ചപ്രകാരം കോളേജിലെത്തി. ഡീനിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സൂക്ഷിച്ചുവെച്ച വസ്തുവകകൾ പരിശോധിച്ചതിൽ 38 എണ്ണം ലഭിക്കാനുള്ളതിൽ 14 എണ്ണം മാത്രമാണ് ലഭിച്ചത്. കണ്ടെത്തിയെന്ന് പറയുന്ന സാധനങ്ങളിൽ മിക്കതും സിദ്ധാർഥന്റേതല്ലായിരുന്നു.
സിദ്ധാർഥൻ ഉപയോഗിച്ചിരുന്ന കണ്ണട, പഴ്സ്, വാച്ച് തുടങ്ങി 24 സാധനങ്ങൾ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഡീൻ ഉറപ്പു നൽകിയതിനെ തുടർന്ന് കിട്ടിയ സാധനങ്ങളുമായി അവർ മടങ്ങുകയായിരുന്നു. എന്നാൽ സാധനങ്ങൾ ലഭിക്കാത്തതിനെതിരെ കോളേജ് ഡീൻ ഡോ. എം.എസ്. മായ, വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ, വൈത്തിരി പോലീസ് ഇൻസ്‌പെക്ടർ കെ. അനിൽകുമാർ എന്നിവർക്ക് പരാതി നൽകി.
ഇപ്പോൾ 14 സാധനങ്ങൾ ലഭിച്ചതുതന്നെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് നോട്ടീസ് നൽകിയ ശേഷമായിരുന്നു. പാതിരാത്രിയിൽ ആരോ കൊണ്ടുവെച്ചതാണ് സാധനങ്ങളെന്നാണ് ജീവനക്കാർ അറിയിച്ചത്. മുഴുവൻ സാധനങ്ങളും ലഭിക്കാത്ത പക്ഷം ഗവർണറടക്കമുള്ളവർക്ക് പരാതി നൽകുമെന്ന് ജയപ്രകാശ് പറഞ്ഞു. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിനെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാഗിങ്ങിനിടെയുണ്ടായ ക്രൂരപീഡനത്തെ തുടർന്നാണ് രണ്ടാംവർഷ ബി.വി.എസ്‍സി വിദ്യാർഥിയായ സിദ്ധാർഥൻ മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.