വഖഫ് ബോർഡ് പ്രാതിനിധ്യം: എപി സുന്നി വിഭാഗം കലക്ടറേറ്റ് മാർച്ചിന്; ലീഗ് അവസരം കളഞ്ഞുകുളിച്ചെന്ന് വിമർശനം

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയിൽ സുന്നി വിഭാഗത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എ.പി. അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സുന്നി വിഭാഗം ശക്തമായ പ്രക്ഷോഭത്തിലേക്ക്. വഖഫ് ബോർഡിലെ അർഹമായ പ്രാതിനിധ്യം നിഷേധിച്ചതിനെതിരെ വ്യാഴാഴ്ച കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംഘടനാ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വഖഫ് ബോർഡിൽ സുന്നി വിഭാഗത്തിന് പ്രാതിനിധ്യം നൽകിയിരുന്നെങ്കിൽ അത് മുസ്‌ലിം ലീഗിനും യുഡിഎഫിനും വലിയ രാഷ്ട്രീയ മൈലേജ് നൽകുകയും സാമുദായിക ഐക്യത്തിന് വഴിതുറക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഈ അവസരം മുസ്‌ലിം ലീഗ് തകർക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

സമസ്തയിൽനിന്നും മുസ്‌ലിം ലീഗിൽനിന്നും പുറത്താക്കപ്പെട്ട വ്യക്തികളെയാണ് ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികളായി വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സമസ്തയുടെ ഇരുവിഭാഗങ്ങളും ഒരുപോലെ അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ആറുമാസം തികയാത്ത വഖഫ് ബോർഡിൽ സുന്നി വിഭാഗത്തിന് പ്രതിനിധിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ ഉറപ്പുകൾ ലംഘിച്ച് ഇപ്പോൾ തങ്ങളെ നിഷ്കരുണം ഒഴിവാക്കിയത് വഞ്ചനയാണെന്ന് നേതാക്കൾ വ്യക്തമാക്കി.

കാസർകോട് മുതൽ തിരുവനന്തപുരംവരെ മർകസ് നോളജ് സിറ്റി അടക്കം വലിയ വഖഫ് സംവിധാനങ്ങളുള്ള പ്രസ്ഥാനമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടേത്. പൊതുജനങ്ങളിൽനിന്ന് പണം സമാഹരിച്ച് ദൈവപ്രീതിക്കായി നൽകിയ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്ന യഥാർഥ സമുദായത്തെ ഒഴിവാക്കി, സ്വന്തമായി വഖഫ് സ്വത്തുക്കളില്ലാത്ത ട്രസ്റ്റുകൾക്കാണ് ബോർഡിൽ പ്രാതിനിധ്യം നൽകിയിട്ടുള്ളത്.

ഞങ്ങളുടെ പ്രശ്നം ആ ബോർഡിൽ പറയണമെങ്കിൽ ഞങ്ങൾക്ക് പ്രാധാന്യം വേണം. അതിന്റെ അർഥം മറ്റുള്ളവർക്കൊന്നും കൊടുക്കേണ്ട എന്നല്ല. ഞങ്ങൾക്കൊന്നും കിട്ടാത്തതിലാണ് ഞങ്ങളുടെ എതിർപ്പ്. ഈ വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചതിൽ ഞങ്ങൾ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. ഈ അവഗണന തെറ്റാണെന്ന് പറഞ്ഞയാളാണ് അദ്ദേഹം.

അവഗണനകൾക്കെതിരെ പ്രതിഷേധം ഉയർത്തുമ്പോഴും സർക്കാരുമായോ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായോ ചർച്ചകൾക്ക് തങ്ങൾ എപ്പോഴും സന്നദ്ധമാണെന്നും നേതാക്കൾ വ്യക്തമാക്കി.

Tags:    
News Summary - Reduced Head: Waqf Board Row: AP Sunni To March To Collectorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.