കരിയുന്ന കാര്‍ഷിക പ്രതീക്ഷകള്‍; ആറളം ഫാമി​ന്‍റെയും പുനരധിവാസ മേഖലയുടെയും സമഗ്ര വികസന പദ്ധതികള്‍ക്ക് ചുവപ്പുനാടക്കുരുക്ക്

കേളകം: നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ആറളം ഫാമിനെ രക്ഷിക്കാനുള്ള പദ്ധതികള്‍ ചുവപ്പുനാടയിലായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നടീല്‍ വസ്തു വിതരണ കേന്ദ്രവും കാര്‍ഷിക കേന്ദ്രവുമായ ആറളം ഫാമില്‍ വീണ്ടും പ്രതിസന്ധി. ഫാമിന്റെ വികസനത്തിനും നിലനില്‍പിനുമായി വിവിധ മാർഗങ്ങള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് നബാര്‍ഡ് ധനസഹായത്തോടെ വികസന പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും ഫലവത്തായില്ല. വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗം ചേരുകയും വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമാഹരിക്കുകയും, സൈറ്റുകള്‍ സന്ദര്‍ശിച്ച് സ്ഥലനിര്‍ണയവും നടത്തിയിരുന്നു. മന്ത്രിമാരുടെ സംഘം ഫാമിലെത്തി പദ്ധതികള്‍ക്ക് അന്തിമ രൂപരേഖ തയാറാക്കുകയും ചെയ്തു. ഫാമിനെ രക്ഷിക്കുന്നതിനായി വൈവിധ്യവത്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനായിരുന്നു ഉന്നതതല തീരുമാനം.

വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഫാമിനുള്ളിലെ 10,000 തെങ്ങുകളില്‍നിന്നും രണ്ടുഘട്ടമായി നീര ഉൽപാദിപ്പിക്കുക, 300 ആദിവാസികള്‍ക്ക് പ്രത്യക്ഷമായും 1000 പേര്‍ക്ക് പരോക്ഷമായും ജോലി നൽകുക, ആറളം ഫാമിലെ ഗുണമേന്മയുള്ള വെളിച്ചെണ്ണ ബ്രാൻഡ് നാമത്തില്‍ വിപണിയിലെത്തിക്കുക, 100 പശുക്കളുള്ള ആധുനിക പശുവളര്‍ത്തല്‍ ഫാം ആറളത്ത് സ്ഥാപിക്കുക എന്നിവയായിരുന്നു ലക്ഷ്യംവെച്ചത്. എന്നാൽ കാട്ടാനകൾ തെങ്ങുകൾ നശിപ്പിച്ചതും നടത്തിപ്പിലെ അവധാനതയും പദ്ധതി ലക്ഷ്യത്തിലെത്തിക്കാനായില്ല.

വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ആവശ്യത്തിനുള്ള മുട്ട ലഭ്യമാക്കുന്നതിന് മുട്ടക്കോഴി വളര്‍ത്തല്‍, പൈനാപ്പിള്‍ കൃഷി, പന്നിവളര്‍ത്തല്‍ പദ്ധതികളും ആറളം ഫാമില്‍ നടപ്പാക്കാനും അത്യാധുനിക നഴ്സറി സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.

കാർഷിക വിളകൾ തരിശാക്കി വിഹാരം തുടരുന്ന കാട്ടാനക്കൂട്ടം ആറളം ഫാമിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ നശിപ്പിച്ചത് നിറയെ കായ്ഫലമുള്ള 6000 തെങ്ങുകളാണ്. തെങ്ങിൻ തൈകളും കശുമാവ്, കുരുമുളക്, കമുക്, കൊക്കോ, റബർ കൃഷി എന്നിവയും നശിപ്പിച്ചതിൽപ്പെടും. ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും തുടർക്കഥയാവുന്ന കാട്ടാനശല്യം ജനവാസ കേന്ദ്രങ്ങളിൽ ഭീതി വിതക്കുമ്പോൾ ഇവയെ അതിർത്തി കടത്തുന്നതിൽ വിയർക്കുകയാണ് വനംവകുപ്പ് അധികൃതർ. കാട്ടാന മൂലം അഞ്ച് വർഷത്തിനിടെ 19 കോടി രൂപയുടെ നഷ്ടമാണ് ഫാമിനുണ്ടായത്.

ഫാമിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഉത്തേജക പദ്ധതി വേണം. വന്യജീവി ശല്യത്തിൽനിന്ന് ഫാമിനെ സംരക്ഷിക്കണം. കൃഷി വകുപ്പുമായി സംയോജിപ്പിച്ച വികസന പദ്ധതികൾ നടപ്പാക്കണം. തൊഴിൽ മേഖലയിലെ സമരങ്ങൾക്ക് കാരണമായ പ്രശ്നങ്ങൾ പരിഹരിക്കണം. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ ആറളം കാർഷിക ഫാമുമായി ടൂറിസം ബന്ധപ്പെടുത്തി പദ്ധതികളൊരുക്കണം. തൊഴിലാളികൾക്കും ജീവനക്കാർക്കും മുടങ്ങാതെ ശമ്പളം ലഭിക്കുന്നതിനും നടപടിയായില്ലെങ്കിൽ ഫാമിൽ വിളവെടുക്കുന്നത് നിരാശ മാത്രമാവും.

Tags:    
News Summary - Red tape for comprehensive development projects aralam farm and rehabilitation zones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.