നാളെ 10 ജില്ലകളിൽ റെഡ് അലർട്ട്; മദ്റസകൾക്കും അവധി

കോഴിക്കോട്: സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്നതിനിടെ 10 ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ഇതിൽ കണ്ണൂർ ഒഴികെ ഒമ്പത് ജില്ലകളിലും പത്തനംതിട്ട ജില്ലയിലും നാളെ വിദ്യാലയങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ഈ ജില്ലകളിലെ മദ്‌റസകള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‍ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‍ലിയാര്‍ അറിയിച്ചു.

മറ്റന്നാൾ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ടാണ്. അതിനിടെ, അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് നിർണായകമാ​ണെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അപകടത്തിൽപെടുന്നതിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം സീനിയർ സയന്റിസ്റ്റ് ആർ.കെ. ജെനമണി മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളിൽ മധ്യ, വടക്കൻ മേഖലകളിലും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ജനങ്ങൾ ജലാശയങ്ങൾക്കടുത്തേക്ക് പോവരുതെന്നും കടലോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശം നൽകി.

അധികൃതരുടെ മുന്നറിയിപ്പുകൾ കൃത്യമായി അനുസരിക്കണമെന്നും ദുരന്ത സാധ്യത മേഖലകളിൽ നിന്ന് മാറണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുകഴിഞ്ഞു. അടിയന്ത സാഹചര്യം മുന്നിൽ കണ്ട് എമർജൻസി കിറ്റുകൾ തയാറാക്കാനും നിർദേശമുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും എക്സ്കവേറ്ററുകളും ബോട്ടുകളും ഒരുക്കിവെക്കാൻ പൊലീസ് മേധാവി നിർദേശം നൽകിയിരിക്കുകയാണ്. ഇന്നലെ ഏഴ് പേരും ഇന്ന് 12 പേരുമാണ് സംസ്ഥാനത്ത് മഴക്കെടുതികളിൽപെട്ട് മരിച്ചത്. വിവിധ നദികളിൽ പ്രളയമുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

ആഗസ്റ്റ്-സെപ്റ്റംബർ മാസത്തിലാണ് യഥാർഥ മൺസൂൺ മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. അങ്ങനെയെങ്കിൽ മഴ നീണ്ടുനിൽക്കാനാണ് സാധ്യത. രാജ്യത്ത് വിവിധ ഭൂമേഖലകളിൽ വ്യത്യസ്ത തരത്തിലാണ് മൺസൂൺ മഴ ലഭിക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Red alert in 10 districts tomorrow; Madrasa holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.