തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരുടെ പോളിങ് കണക്കിൽ പുതിയ റെക്കോഡ്. സ്ത്രീവോട്ടർമാരുടെ പോളിങ് ബൂത്തിലേക്കുള്ള ഒഴുക്ക് തെരഞ്ഞെടുപ്പ് ഫലത്തിലേക്കുള്ള സൂചനയാണെന്ന് മുന്നണികളും ഉറച്ചുവിശ്വസിക്കുന്നു. ആകെയുള്ള സ്ത്രീവോട്ടർമാരിൽ 81.19 ശതമാനവും ഇത്തവണ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരുടെ പോളിങ് 75.19 ശതമാനമാണ്.
സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ആകെയുള്ള 1,39,21,868 സ്ത്രീവോട്ടർമാരിൽ 1,13,03,164 പേർ വോട്ട് ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ ഒടുവിലെ കണക്കുകൾ. പുരുഷ വോട്ടർമാരേക്കാൾ 13.6 ലക്ഷം കൂടുതൽ സ്ത്രീ വോട്ടർമാർ ഇത്തവണ വോട്ട് ചെയ്തു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം 73.94 ആയിരുന്നു. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ 71.86 ശതമാനം. അതിനെക്കാൾ 10 ശതമാനത്തോളം വർധനയാണ് ഇത്തവണ. സ്ത്രീവോട്ടർമാരുടെ പോളിങ് ശതമാനം ഇതിനുമുമ്പ് 80ന് മുകളിൽ പോയത് 1987ൽ മാത്രമാണ്. 80.58 ശതമാനം സ്ത്രീകൾ അന്ന് ബൂത്തിലെത്തി.
സ്ത്രീവോട്ടർമാർ വൻതോതിൽ ബൂത്തിലെത്തിയതിന്‍റെ കാരണങ്ങൾ പലതെന്നാണ് മുന്നണികളുടെ നിഗമനം. പ്രകടനപത്രികയിൽ ഉൾപ്പെടെ മുന്നണികൾ സ്ത്രീകൾക്കായി നൽകിയ വാഗ്ദാനങ്ങളാണെന്നാണ് ഒരുവാദം. നിത്യോപയോഗ സാധനങ്ങൾക്കടക്കമുള്ള വിലക്കയറ്റവും വിവിധ ഫീസ്/ചാർജ് ഇനങ്ങളിൽ സർക്കാർ വരുത്തിയ വർധനവുമാണ് സ്ത്രീകളെ വൻതോതിൽ പോളിങ് ബൂത്തിലെത്തിച്ചതെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. ഇത് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അനുകൂലമായി പ്രതിഫലിക്കുമെന്നും യു.ഡി.എഫ് കരുതുന്നു.
സ്ത്രീകൾക്ക് ഉൾപ്പെടെ സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളാണ് പ്രതിഫലിച്ചതെന്ന് എൽ.ഡി.എഫും കരുതുന്നു. മേയ് നാലിന് വോട്ടെണ്ണെുന്നതോടെ സ്ത്രീവോട്ടർമാരുടെ ഒഴുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.