സ്ത്രീകള്‍ക്കെതിരായ ആക്രമണം സര്‍വകാല റെക്കോഡില്‍

കണ്ണൂര്‍: സിനിമ നടിക്കുനേരെ നടന്ന കൈയേറ്റങ്ങളുടെ പേരില്‍  അലയടിക്കുന്ന വിവാദങ്ങള്‍ കേരളത്തിലെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ സര്‍വകാല റെക്കോഡ് കണക്കില്‍ നിസ്സാരം. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 40 ശതമാനം വര്‍ധിച്ചതായാണ് കണക്കുകളില്‍ പറയുന്നത്. ബലാത്സംഗ കേസുകളുടെ വര്‍ധന മൂന്നിരട്ടിയായി.  സൂര്യനെല്ലി, വിതുര തുടങ്ങിയ വിവാദ നാമങ്ങളോടൊപ്പം ഒരു നടി ആക്രമണ കേസ് കൂടി ചേരുമ്പോള്‍, വി.ഐ.പി വിവാദങ്ങളോ അത്രത്തോളമോ അറിയപ്പെടാത്ത കേസുകളുടെ പൊലീസിന്‍െറ കൈയിലുള്ള ഈ റെക്കോഡ് കണക്ക് കേരളം എങ്ങോട്ട് സഞ്ചരിക്കുന്നുവെന്ന് ഭീതിപ്പെടുത്തുന്നതാണ്.

2007 മുതല്‍ കേരളത്തിലെ സ്ത്രീ കൈയേറ്റക്കണക്കിന്‍െറ ഗ്രാഫ് ഓരോ വര്‍ഷവും ഉയരുകയായിരുന്നു. 2007 മുതല്‍ മൂന്നുവര്‍ഷം 400-500 എന്ന തോതിലാണ് വര്‍ധനയുണ്ടായത്. 2010ല്‍ അത് മുന്‍ വര്‍ഷത്തിന്‍െറ 1400 വര്‍ധന രേഖപ്പെടുത്തി. തൊട്ടടുത്ത വര്‍ഷം അതീവ ഗൗരവതരമായ വര്‍ധനയാണ് കണ്ടത്, 2500. 2007 മുതല്‍ 2016 വരെയുള്ള പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീകള്‍ക്കെതിരായ 4680 കേസുകളാണ് വര്‍ധിച്ചത്.

ഏതെങ്കിലും ഒരു കൈയേറ്റ വിവാദം കൊടുമ്പിരിക്കൊണ്ടതിന്‍െറ പേരില്‍ സംസ്ഥാനത്ത് സ്ത്രീ കൈയേറ്റക്കേസുകള്‍ കുറഞ്ഞിട്ടൊന്നുമില്ല. എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്വാഭാവികമായ കുറവ് രേഖപ്പെടുത്തിയത് രണ്ടുവര്‍ഷം മാത്രമാണ്. 2012ല്‍  മുന്‍ വര്‍ഷത്തേക്കാള്‍ 227 കേസുകള്‍ കുറഞ്ഞു. അതേസമയം, അതിശക്തമായ നിരീക്ഷണവും വനിത പൊലീസിന്‍െറ ശാക്തീകരണവും നടന്നശേഷം 2015ല്‍ അസാധാരണമായ കുറവാണ് രേഖപ്പെടുത്തിയത്. 2011ല്‍ നടന്നതിനേക്കാള്‍ കുറഞ്ഞ വനിത കൈയേറ്റമേ 2015ല്‍ നടന്നുള്ളു. 2015ല്‍  മുന്‍വര്‍ഷത്തേക്കാള്‍ 1503ഉം 2011നേക്കാള്‍ 896ഉം കേസുകള്‍ കുറഞ്ഞു. എന്നാല്‍, 2015ന്‍െറ മാതൃകാപരമായ ഈ ഇടിവിനെ വെട്ടിനിരത്തി 2016ല്‍ 1678 കേസുകളാണ് അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 4680 സ്ത്രീ ആക്രമണ കേസുകളാണ് വര്‍ധിച്ചത്.

അക്രമക്കേസുകളില്‍ ബലാത്സംഗത്തിന്‍െറ എണ്ണമാണ് ഭീതിദമായ നിലയില്‍ വര്‍ധിച്ചത്. 2007ല്‍ 500 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2016ല്‍ അത് 1644 ആയി. മൂന്നിരട്ടി വര്‍ധന. സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍ കേസുകളിലാണ് ഈ കാലയളവില്‍ ആശ്വാസകരമായ കുറവുണ്ടായത്. 2007ല്‍ 166 തട്ടിക്കൊണ്ടുപോകല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2016ല്‍ അത് 157 ആയി ചുരുങ്ങി. രജിസ്റ്റര്‍ ചെയ്യപ്പെട്ട പീഡനക്കേസുകള്‍ പത്ത് വര്‍ഷത്തിനിടയില്‍ നേരെ ഇരട്ടിയായി വര്‍ധിച്ചു. 2007ല്‍ 2604 കേസുണ്ടായിരുന്നത് 2016ല്‍ 4035 ആയി.

Tags:    
News Summary - record attacks against laddies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.