തിരുവനന്തപുരം: സ്കൂളുകളിലെ പരീക്ഷ സമ്പ്രദായം (വിദ്യാർഥിയെ വിലയിരുത്തൽ) പൊളിച്ചെഴുതാൻ പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂടിൽ ശിപാർശ. ഒരു പരീക്ഷ മാത്രം എഴുതാൻ അവസരം നൽകുന്നതിന് പകരം ഒന്നിലധികം അവസരം നൽകുകയും ഏറ്റവും നല്ല പ്രകടനം വിലയിരുത്തലിന് ഉപയോഗിക്കുകയും വേണമെന്നാണ് ശിപാർശ.
തുറന്ന പുസ്തകപരീക്ഷ (ഓപൺ ബുക്ക് എക്സാം), കുട്ടിക്ക് ആത്മവിശ്വാസമുണ്ടാകുന്ന സമയത്ത് മാത്രം പരീക്ഷ (ഓൺ ഡിമാൻഡ് എക്സാം), വീട്ടിൽവെച്ച് എഴുതുന്ന പരീക്ഷ എന്നിവക്കും ശിപാർശയുണ്ട്. സ്വയം ചെയ്ത് പൂർത്തിയാക്കുന്ന പ്രോജക്ട്, ശിൽപശാല പങ്കാളിത്തം, റിപ്പോർട്ട്, അഭിമുഖം, ചർച്ചാ പങ്കാളിത്തം, സെമിനാർ പങ്കാളിത്തം, തുറന്ന ചോദ്യാവലി, വാചാപരീക്ഷ തുടങ്ങിയ വൈവിധ്യമാർന്ന വിലയിരുത്തൽ രീതിയും ശിപാർശ ചെയ്തിട്ടുണ്ട്. കുട്ടിയുടെ അഭിരുചിയനുസരിച്ച് തെരഞ്ഞെടുപ്പ് സാധ്യത നൽകാനും വ്യത്യസ്ത രീതിയിലുള്ള പരീക്ഷ സമ്പ്രദായം വഴി കഴിയുമെന്നും കരട് ചട്ടക്കൂടിൽ പറയുന്നു. പുറമെ യൂനിറ്റിന്റെയും ടേമിന്റെയും വർഷത്തിന്റെയും അവസാനത്തിൽ പ്രത്യേകമായി തയാറാക്കിയ ടൂളുകൾ ഉപയോഗിച്ച് വിലയിരുത്തൽ നടത്താം.
വ്യത്യസ്ത ഉള്ളടക്ക മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ നൽകി അതിൽനിന്ന് നിശ്ചിത എണ്ണം ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ അവസരം നൽകണം. പഠനത്തിനും പരീക്ഷക്കും ഇടയിലെ നീണ്ട ഇടവേള അഭികാമ്യമല്ല. പരീക്ഷക്കടുത്ത് പഠിച്ച പാഠഭാഗങ്ങൾക്കാണ് പൊതുപരീക്ഷയിൽ ഊന്നൽ നൽകേണ്ടത്. ഉയർന്ന ക്ലാസുകളിൽ പഠനവും പരീക്ഷയും തമ്മിലുള്ള ദൂരം കുറക്കാൻ സെമസ്റ്റർ രീതി പരിഗണിക്കണം.
എഴുത്തുപരീക്ഷ രീതിയിലുള്ള പൊതുവായ ടേം വിലയിരുത്തൽ പന്ത്രണ്ടാം ക്ലാസിൽ മാത്രമാക്കി നിജപ്പെടുത്തുകയും മറ്റ് ക്ലാസുകളിൽ നിരന്തര വിലയിരുത്തൽ അടിസ്ഥാനമാക്കുകയും ചെയ്യാവുന്നതാണെന്നും കരടിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ പുനഃസംഘടിപ്പിക്കണം
എൻ.എസ്.എസ്, സ്കൗട്ട്, എസ്.പി.സി എന്നിവയിൽ എല്ലാ കുട്ടികൾക്കും ജനാധിപത്യപരമായ പങ്കാളിത്തം ലഭിക്കാത്തതിനാൽ അതിന്റെ പേരിൽ ഗ്രേഡ്/ മാർക്ക് നൽകി പരീക്ഷയിൽ ചേർക്കുന്ന രീതി അശാസ്ത്രീയവും പാഠ്യപദ്ധതി വിരുദ്ധവുമാണെന്നും ചട്ടക്കൂടിൽ പറയുന്നു. അവ ബന്ധപ്പെട്ട മേഖലയിലെ ക്രെഡിറ്റുകളായി മാത്രം പരിഗണിക്കുകയും ഗ്രേഡ്/ മാർക്ക് നൽകുന്നത് ഒഴിവാക്കുകയും ചെയ്യണം.
ദേശീയതലത്തിൽ ഹയർസെക്കൻഡറിതലത്തിൽ ക്രെഡിറ്റ് രീതി നിർദേശിച്ചത് നടപ്പാക്കുകയാണെങ്കിൽ സംസ്ഥാനത്തും അത് നടപ്പാക്കുന്നത് പരിഗണിക്കണം. ഏതാനും കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷ നടത്തി മികവിന്റെ അടയാളമായി ആഘോഷിക്കുന്ന രീതി അവസാനിപ്പിക്കണം. ഈ പരീക്ഷകളുടെ പുനഃസംഘടന അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.