മുന്നാക്കസമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്ക് വകുപ്പുവേണമെന്ന് ശിപാർശ

തിരുവനന്തപുരം: മുന്നാക്കസമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേകം വകുപ്പ് രൂപവത്കരിക്കണമെന്നും മന്നത്ത് പത്മനാഭന്‍, വി.ടി. ഭട്ടതിരിപ്പാട്, മാര്‍ ഇവാനിയോസ് തുടങ്ങിയരുടെ പേരില്‍ സ്‌കോളര്‍ഷിപ് കൊണ്ടുവരണമെന്നും ശിപാർശ.

മുന്നാക്കവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമീഷൻ കഴിഞ്ഞദിവസം സർക്കാറിന് സമർപ്പിച്ച ശിപാര്‍ശയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സർക്കാർ നിയോഗിച്ച സമിതിയും മുന്നാക്ക സമുദായ കോര്‍പറേഷന് കീഴിലുള്ള സമുന്നതിയും സാമ്പത്തികമായി ദുര്‍ബലര്‍ക്കുള്ള വിഭാഗവും ചേര്‍ത്ത് പ്രത്യേക വകുപ്പും മന്ത്രിയും ഡയറക്ടറേറ്റും രൂപവത്കരിക്കണമെന്നാണ് കമീഷന്‍റെ പ്രധാനനിർദേശം. സംവരണ ആനുകൂല്യങ്ങള്‍ക്ക് ഓരോ കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം നാലുലക്ഷം രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, അംഗങ്ങളായ എം. മനോഹരന്‍ പിള്ള, എ.ജി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയ റിപ്പോർട്ട് സമർപ്പിച്ചത്.

മുന്നാക്ക വിഭാഗത്തിനിടയിൽ ചോദ്യാവലി നൽകി അവരുടെ സാമ്പത്തിക, സാമൂഹിക അവസ്ഥ മനസ്സിലാക്കിയ ശേഷമാണ് കൃത്യമായ ശിപാർശ സമിതി സമർപ്പിച്ചിട്ടുള്ളത്. മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ലൈഫ് ഭവനപദ്ധതിയില്‍ മുന്‍ഗണന നൽകണമെന്ന ശിപാർശയും റിപ്പോർട്ടിലുണ്ട്.

കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ആശ്രയമറ്റവര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കുമായി ശരണാലയങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുക, പി.എസ്.സി, ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ്, സഹകരണ പരീക്ഷ ബോര്‍ഡ് എന്നിവ വഴിയുള്ള നിയമനങ്ങള്‍ക്ക് പ്രായപരിധിയില്‍ ഈ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇളവ് അനുവദിക്കുക തുടങ്ങിയവയാണ് മറ്റുചില ശിപാര്‍ശകള്‍.

സമുന്നതിയ്ക്ക് കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മേഖല ഓഫിസ് തുടങ്ങാനെടുത്ത തീരുമാനം നടപ്പായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തിലും പിന്നാക്കാവസ്ഥ പഠിക്കാന്‍ കമീഷന്‍ രൂപവത്കരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സംസ്ഥാനം ആവശ്യപ്പെടണമെന്നതാണ് മറ്റൊരാവശ്യം.

സമുന്നതിയുടെ സഹായധനം നൂറ് കോടിയായി ഉയര്‍ത്തണമെന്നും ശിപാർശയുണ്ട്. ആനുകൂല്യങ്ങള്‍ക്ക് കുടുംബ വാര്‍ഷിക വരുമാനം നാലുലക്ഷമാക്കുമ്പോള്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും നിശ്ചിത അളവില്‍ താഴെ ഭൂമിയുള്ളവരെ മാത്രം സംവരണത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദേശം.

സര്‍ക്കാര്‍ സര്‍വിസുകളില്‍ ഈ വിഭാഗത്തിന് ജനസംഖ്യാനുപാതികമായ ഉദ്യോഗ സംവരണം ആവശ്യമാണ്. ജനസംഖ്യാനുപാതിക സംവരണം നിലവിലില്ലെന്ന് കമീഷന്‍റെ പഠനത്തില്‍ കണ്ടെത്തിയതായാണ് സൂചന. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിച്ച റിപ്പോര്‍ട്ട് വിശദമായി പഠിക്കണമെന്ന് ഘടകകക്ഷി മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ശിപാര്‍ശകള്‍ മന്ത്രിമാര്‍ പഠിച്ചശേഷം അടുത്ത മന്ത്രിസഭായോഗം വീണ്ടും പരിഗണിക്കും. തുടര്‍ന്ന് റിപ്പോർട്ട് നിയമസഭയില്‍ വെക്കുമെന്നാണ് വിവരം. 

Tags:    
News Summary - Recommendation for department for Economically Weaker Section in upper caste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.