കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിലെ നാല് വിമത വൈദികർക്കെതിരെ അച്ചടക്ക നടപടി. എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് മണവാളൻ, തൃപ്പൂണിത്തുറ സെന്‍റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോഷി വേഴപറമ്പിൽ, പാലാരിവട്ടം സെന്‍റ് മാർട്ടിൻ ഡി. പോറസ് പള്ളി വികാരി ഫാ. തോമസ് വാളൂക്കാരൻ, മാതാനഗർ വേളാങ്കണ്ണിമാതാ പള്ളി വികാരി ഫാ. ബെന്നി പാലാട്ടി എന്നിവരെയാണ് പള്ളികളുടെ ഭരണച്ചുമതലകളിൽ നിന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂർ ഒഴിവാക്കിയത്.
മറ്റൊരു ഉത്തരവുവരെ നിലവിലെ പള്ളികളിൽ താമസിക്കുന്നത് വിലക്കിയിട്ടുമുണ്ട്. ഏകീകൃത കുർബാന നടപ്പാക്കുന്നത് സംബന്ധിച്ച അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകൾ ലംഘിച്ചതിനാണ് നടപടി.
തൃക്കാക്കര വിജോഭവൻ, പൊതി സാന്തോം ഭവൻ, കലൂർ റിന്യൂവൽ സെന്‍റർ എന്നിവിടങ്ങളിലേക്ക് മാറിത്താമസിക്കാനാണ് ഇവർക്കുള്ള നിർദേശം. ഇതിന് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയാൽ കൂടുതൽ കർശന നടപടികളിലേക്ക് നീങ്ങും എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ആത്മീയവും അജപാലനപരവുമായ ചുമതലകളിൽനിന്ന് കൂദാശ-പരികർമങ്ങളിൽനിന്നും ഭരണപരമായ ഉത്തരവാദിത്തങ്ങളിൽനിന്നും ഈ വൈദികരെ പൂർണമായും ഒഴിവാക്കി. അവർ നീക്കം ചെയ്യപ്പെട്ട പള്ളികൾ, അവയോടനുബന്ധിച്ച സ്ഥാപനങ്ങൾ, കപ്പേളകൾ എന്നിവിടങ്ങളിൽ കുർബാന അർപ്പിക്കാനോ കൂദാശകൾ പരികർമം ചെയ്യാനോ ഇവർക്ക് അനുവാദമുണ്ടാകില്ല.
പുതുതായി നിയമിച്ച അഡ്മിനിസ്ട്രേറ്റർമാർക്കായിരിക്കും പള്ളികളുടെ പൂർണ അധികാരം. മാറ്റിനിർത്തപ്പെടുന്ന കാലയളവ് തെറ്റുതിരുത്താനും അനുരഞ്ജനത്തിനും അവസരമായി കാണണമെന്നും നിർദേശിച്ചിട്ടുണ്ട്.
കൊച്ചി: ഉത്തരവാദിത്തങ്ങള്‍ ശരിയായി നിര്‍വഹിക്കാതെ കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും കാറ്റില്‍ പറത്തുന്ന അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂരിന്റെ ഭരണം വലിയ പരാജയമായതിനാല്‍ സ്ഥാനം രാജിവെക്കണമെന്ന് അതിരൂപത സംരക്ഷണസമിതി. നാല് വൈദികർക്കെതിരെ കാനോനിക നിയമങ്ങള്‍ ലംഘിച്ച്അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററും കൂരിയ അംഗങ്ങളും ചേര്‍ന്ന് നൽകിയ ഭീഷണിക്കത്ത് ധാര്‍ഷ്ട്യത്തിന്റെ തെളിവാണ്. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്മസ് നാളുകളില്‍ ഇടവകകളിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാനാണ് മാര്‍ ബോസ്കോയും കൂരിയയും ശ്രമിക്കുന്നത്. മാര്‍ ബോസ്കോയുടെ ഉത്തരവുകളില്‍ നീതിനിഷേധം ഉള്ളതുകൊണ്ട് അവ അനുസരിക്കാന്‍ വൈദികര്‍ക്കോ വിശ്വാസികള്‍ക്കോ ബാധ്യതയില്ലെന്ന് സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.