മലപ്പുറം: കൂരിയാട്ട് ദേശീയപാതയുടെ തകർച്ചക്കിടയാക്കിയത് പ്രകൃതിയുടെ സന്തുലിതാവസ്ഥ പരിഗണിക്കാതെ നടത്തിയ വികസനരീതി. വയലേലകളും നീർത്തടങ്ങളുമുള്ള പ്രദേശത്ത് പാലിക്കേണ്ട മാനദണ്ഡങ്ങൾ പരിഗണിക്കാതെയാണ് ഇവിടെ പാത നിർമിച്ചത്. വയൽപ്രദേശത്തെ രണ്ടായി പകുത്ത് വൻമതിൽ കെട്ടി മണ്ണു നിറച്ച് കെട്ടിയ റോഡാണ് തകർന്നത്. കനത്ത മഴയെ തുടർന്ന് റോഡിന്റെ അടിത്തറയിലുണ്ടായ ജലസമ്മർദമാണ് (പോർ വാട്ടർ പ്രഷർ) തകർച്ചക്ക് കാരണമായതെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അൻഷുൽ ശർമ സമ്മതിച്ചു. സമാനരീതിയിൽ നിർമിച്ച റോഡുകളെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ മണ്ണ് ഉപയോഗിച്ച് പാത ഉയർത്തുന്ന ‘എർത്ത് ഫിൽ’ രീതിയാണ് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അവലംബിച്ചത്. കൂരിയാട്ട് 250 മീറ്ററിലധികം ദൂരത്തിലാണ് ദേശീയപാത തകർന്നത്. പ്രധാന റോഡ് താഴ്ന്നപ്പോൾ സമീപത്തെ സർവിസ് റോഡും പിളർന്നു. വയലിലേക്ക് റോഡിലെ അടിമണ്ണ് നീങ്ങിയതോടെ വയൽ പിളരുകയും കുന്നുകൾ രൂപപ്പെടുകയും ചെയ്തു. റീട്ടെയിനിങ് വാളിൽ ഉപയോഗിച്ച ഇന്റർലോക്കിങ് സിമന്റ് ബ്ലോക്കുകൾ ഇന്നലെയും തകർന്നുവീണു.
സമീപപ്രദേശമായ തലപ്പാറയിലും റോഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. 74 കിലോമീറ്റർ ദൂരത്തിലാണ് മലപ്പുറം ജില്ലയിലൂടെ ദേശീയപാത പോകുന്നത്. മറ്റു ജില്ലകളെ അപേക്ഷിച്ച് നിർമാണം അതിവേഗത്തിലാണ് പുരോഗമിച്ചത്. ദേശീയപാത യാഥാർഥ്യമാകുന്നതോടെ ഓരോ മഴക്കാലവും ആശങ്കയുടേതായി മാറുകയാണ് പരിസരവാസികൾക്ക്. പാതയോരത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും മഴവെള്ളം കുത്തിയൊലിച്ച് വരുന്നതും വെള്ളപ്പൊക്കവും ഭീഷണിയാണ്. പക്ഷേ, ഈ വിഷയം പരിഹരിക്കുന്നതിൽ അധികൃതർ നിഷേധാത്മക സമീപനം സ്വീകരിക്കുകയാണ്.
കൂരിയാട്ട് തകർന്ന പാത പൊളിച്ചു പണിയേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്. പുനർനിർമാണം എങ്ങനെ വേണമെന്ന് വിദഗ്ധ സംഘം പരിശോധിക്കും. നിർമാണ ഘട്ടത്തിൽ തന്നെ നാട്ടുകാർ പരിസ്ഥിതിവിരുദ്ധ നിർമാണം അപകടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, അധികൃതർ ചെവിക്കൊണ്ടില്ല. ജില്ല വികസന സമിതി യോഗത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അവതരിപ്പിക്കാറുണ്ടെങ്കിലും മുതിർന്ന ഉദ്യോഗസ്ഥർ ഈ യോഗത്തിലേക്ക് വരാറില്ലെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.