‘വിജേഷ് പിള്ള എല്ലാം സമ്മതിച്ചിരിക്കുന്നു, പിന്നിലാരെന്ന് അന്വേഷിച്ച് കണ്ടെത്തട്ടെ’ -നിയമ പോരാട്ടങ്ങൾക്ക് തയാറെന്ന് സ്വപ്ന സുരേഷ്

ബംഗളൂരു: സ്വർണക്കടത്ത് സംബന്ധിച്ച് നിയമ പോരാട്ടങ്ങൾക്ക് താൻ തയാറാണെന്ന് സ്വപ്ന സുരേഷ്. ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ളയും എം.വി ഗോവിന്ദനും രംഗത്തെത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വപ്ന പ്രതികരിച്ചത്. വിജേഷ് പിള്ളയും എം.വി ഗോവിന്ദനും തനിക്കെതിരെ സ്വീകരിക്കുമെന്ന് പറഞ്ഞ നിയമ നടപടികൾ നേരിടുന്നതിന് താൻ തയാറാണ്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. സത്യം വെളിപ്പെടും വരെ പോരാടുമെന്നും സ്വപ്ന വ്യക്തമാക്കി.

സ്വപ്നയുടെ ഫേസ് ബുക്ക് പോസ്റ്റ്:

‘ഇപ്പോൾ വിജേഷ് പിള്ള @വിജയ് പിള്ള എന്നെ കണ്ടുവെന്ന് സമ്മതിച്ചു. ഹരിയാനയെയും രാജസ്ഥാനെയും കുറിച്ച് പറഞ്ഞതായും സമ്മതിച്ചു. 30 കോടി വാഗ്ദാനം ചെയ്തതും സമ്മതിച്ചു. എം.വി ഗോവിന്ദന്റെയും യൂസഫ് അലിയുടെയും പേര് പരാമർശിച്ചതും സമ്മതിച്ചു. വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ച് താൻ പറഞ്ഞതായും സമ്മതിച്ചു. സ്വർണക്കടത്ത് കേസ് സംബന്ധിച്ച തെളിവുകൾ ആവശ്യപ്പെട്ടുവെന്നും വിജേഷ് സമ്മതിച്ചിരിക്കുന്നു. എന്നാൽ ഇതെല്ലാം മറ്റൊരു സന്ദർഭത്തിലാണ് പറഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്.

ഒരു കാര്യം പറയാനുള്ളത്, ഈ സംഭവം നടന്നയുടൻ എല്ലാ തെളിവുകളും സഹിതം ഇക്കാര്യങ്ങളെല്ലാം ഞാൻ പൊലീസിനെയും ഇ.ഡി.യെയും അറിയിച്ചിട്ടുണ്ട്. വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നതുൾപ്പെടെ നടപടികൾ ഇ.ഡിയും പൊലീസും ആരംഭിച്ചു. ഈ വിഷയത്തിൽ യുക്തിസഹമായ നിഗമനത്തിലെത്തുക എന്നത് ഇനി അന്വേഷണ ഏജൻസിയുടെ ജോലിയാണ്. ഇയാളുടെ ഉദ്യമത്തിനു പിന്നിലുള്ള ഉദ്ദേശ്യം കണ്ടെത്തലും ഇദ്ദേഹത്തെ ആരെങ്കിലും നിയോഗിച്ചതാണോ എന്ന് കണ്ടെത്തലും അന്വേഷണ ഏജൻസിയാണ്.

എനിക്കെതിരെ അപകീർത്തിക്കും വഞ്ചനക്കും പരാതി നൽകുമെന്നാണ് വിജേഷ് പറയുന്നത്. എന്നാൽ എനിക്ക് അദ്ദേഹത്തിന്റെ നിയമപരമായ അറിവിൽ സംശയമുണ്ട്. അദ്ദേഹം എന്റെ ആരോപണങ്ങൾ സംബന്ധിച്ച തെളിവുകൾ വെളിപ്പെടുത്താനാണ് വെല്ലുവിളിക്കുന്നത്. ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. ഞാൻ തെളിവുകളെല്ലാം അന്വേഷണ ഏജൻസികളെ ഏൽപ്പിച്ചിട്ടുണ്ട്. ഇനി അദ്ദേഹം എ​ന്നെ കോടതിയിൽ ഹാജരാക്കുമെങ്കിൽ ഈതെളിവുകൾ അവിടെ സമർപ്പിക്കും.

എം.വി ഗോവിന്ദൻ എനിക്കെതിരെ സ്വീകരിക്കുമെന്ന് പറഞ്ഞ നിയമ നടപടികൾ നേരിടാനും ഞാൻ തയാറാണ്. ഞാൻ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചു നിൽകുന്നു. സത്യം ലോകത്തിന് മുമ്പ് വെളിപ്പെടും വരെ പോരാടും’

Tags:    
News Summary - Ready for Leagal Fight - Swapna suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.