ആര്‍.സി.സി: ആശങ്കകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ധാരണ

തിരുവനന്തപുരം: റീജനല്‍ കാന്‍സര്‍ സെന്‍ററിലെ (ആര്‍.സി.സി) ചികിത്സ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് ഒരുവിഭാഗം ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ച ആശങ്കക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ ധാരണ. റേഡിയേഷന്‍ ഓങ്കോളജിസ്റ്റുകളെ കൂടി വിശ്വാസത്തിലെടുത്ത് ട്യൂമര്‍ ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കാന്‍ ഡോക്ടര്‍മാരുമായി മന്ത്രി കെ.കെ. ശൈലജ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകുകയായിരുന്നു.

നിലനിന്ന സംവിധാനത്തില്‍ മാറ്റം വരുത്തിയതില്‍ പ്രതിഷേധിച്ച് റേഡിയേഷന്‍ ഓങ്കോളജിസ്റ്റുകള്‍ ആശുപത്രിയുടെ ഭരണച്ചുമതലകള്‍ രാജിവെക്കുകയും സൂപ്രണ്ട് അടക്കമുള്ളവര്‍ ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മന്ത്രി ചൊവ്വാഴ്ച ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയത്. പുതിയ നിര്‍ദേശം ഡോക്ടര്‍മാരെ തരംതാഴ്ത്തുന്നതിനോ ദ്രോഹിക്കുന്നതിനോ അല്ളെന്ന് മന്ത്രി വ്യക്തമാക്കി. ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ അവരുമായി സംസാരിച്ച് ആശങ്ക ദൂരീകരിക്കാന്‍ തയാറാണ്. അര്‍ബുദ ചികിത്സയുടെ കാര്യത്തില്‍ ഐകരൂപ്യമുണ്ടാക്കാന്‍ ചില ചികിത്സ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ടുനടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.     

ആവശ്യമായ ചര്‍ച്ചയോ പഠനമോ നടത്താതെ പൊടുന്നനെ തീരുമാനം അടിച്ചേല്‍പിച്ചു എന്നായിരുന്നു റേഡിയേഷന്‍ ഓങ്കോളജിസ്റ്റുകളുടെ പ്രധാന ആരോപണം. ആര്‍.സി.സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി ചികിത്സ പ്രോട്ടോകോള്‍ നടപ്പാക്കിയതിലെ അപാകതകള്‍ പരിഹരിക്കും. ആര്‍.സി.സിയില്‍ സമരമോ ഭരണ പ്രതിസന്ധിയോ ഇല്ളെന്ന് ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ അറിയിച്ചു.

മന്ത്രിയുമായും ആരോഗ്യ സെക്രട്ടറിയുമായും നടത്തിയ ചര്‍ച്ചകളില്‍ ലഭിച്ച ഉറപ്പ് പാലിക്കുന്ന മുറക്ക് ഭരണപരമായ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള തീരുമാനം പിന്‍വലിക്കുമെന്ന് റേഡിയേഷന്‍ ഓങ്കോളജിസ്റ്റുകള്‍ അറിയിച്ചു. നിലവില്‍ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് എന്നിവരാണ് ട്യൂമര്‍ ബോര്‍ഡിലുള്ളത്. ഇതിനൊപ്പം മെഡിക്കല്‍ ഓങ്കോളജിസ്റ്റുകളെയും ഉള്‍പ്പെടുത്താനുള്ളതാണ് പുതിയ തീരുമാനം.

Tags:    
News Summary - rcc issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.