കിറ്റ് വിതരണം റേഷൻ കടയുടമകൾ സേവനമായി കണക്കാക്കണമെന്ന് മന്ത്രി

കൊച്ചി: ഓണക്കിറ്റ് വിതരണത്തിന് റേഷന്‍ കടയുടമകള്‍ സന്നദ്ധത പ്രകടിപ്പിക്കണമെന്ന്​ ഭക്ഷ്യമന്ത്രി അഡ്വ.ജി.ആര്‍. അനില്‍. അതൊരു സേവനമായി കണക്കാക്കണമെന്നും മന്ത്രി പറഞ്ഞു. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ്​ സൗജന്യ ഓണക്കിറ്റിലുള്ളത്​. 465 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ടെന്‍ഡര്‍ നടപടികള്‍, വര്‍ക്ക് ഓര്‍ഡര്‍ നല്‍കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയായി. ആഗസ്റ്റ് 10നുശേഷം വിതരണം ആരംഭിക്കാനാണ്​ ലക്ഷ്യം. ഓണത്തിനുമുമ്പ് എല്ലാ കാര്‍ഡുടമകളും സൗജന്യ ഓണക്കിറ്റ് വാങ്ങണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ഭക്ഷ്യ ഉൽപന്നങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലുള്ള 57 ശതമാനം കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്പ് വിഹിതം നിര്‍ത്തലാക്കിയതിന് പകരം ഗോതമ്പിന്‍റെ വിലയ്​ക്ക് റാഗി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ അപേക്ഷയില്‍ കേന്ദ്രത്തില്‍നിന്ന്​ അനുകൂല സമീപനം പ്രതീക്ഷിക്കുന്നുണ്ട്​. ആദ്യഘട്ടമായി 1000 മെട്രിക് ടണ്‍ റാഗിയാണ് ആവശ്യപ്പെട്ടത്. 1000 മെട്രിക് ടണ്‍ വെള്ളക്കടലയും ആവശ്യപ്പെട്ടിട്ടുണ്ട്. പരിഗണിക്കാമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രിയുടെ മറുപടി.

സാമൂഹികക്ഷേമ വകുപ്പിന്‍റെ അംഗീകാരമുള്ള അഗതിമന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥി ഹോസ്റ്റലുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ 900ലധികം സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്‍റെ സബ്‌സിഡി അരിവിഹിതം കുറച്ചുമാസമായി ലഭിക്കുന്നില്ല. ഇക്കാര്യം കേന്ദ്രമന്ത്രിയെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മുമ്പ്​ നല്‍കിയിരുന്ന സബ്‌സിഡി നിരക്കില്‍ അരി അടുത്ത മാസം മുതല്‍ നല്‍കാമെന്ന് കേന്ദ്രമന്ത്രി സമ്മതിച്ചിട്ടുണ്ട്. കൈകാര്യച്ചെലവ് ഉള്‍പ്പെടെ സബ്‌സിഡി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്തതിന്‍റെ 136 കോടി രൂപ കുടിശ്ശികയും ആഗസ്റ്റില്‍ സംസ്ഥാനത്തിന് ലഭിക്കും. ഓണത്തോടനുബന്ധിച്ച് സ്‌പെഷലായി സബ്‌സിഡി നിരക്കില്‍ കാര്‍ഡ്​ ഒന്നിന് 10 കിലോ വീതം അരിയും ഒരു കിലോ വീതം പഞ്ചസാരയും അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. 22,000 കിലോ ലിറ്റര്‍ സബ്‌സിഡി രഹിത മണ്ണെണ്ണ നല്‍കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായതായും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Ration shop owners should consider the kit distribution as a service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.