റേഷൻ സെർവർ തകരാർ ബാൻഡ് വിഡ്ത്ത് വർധിപ്പിക്കാൻ നിർദേശം

തിരുവനന്തപുരം: റേഷൻ സെർവർ തകരാർ പരിഹരിക്കുന്നതിന് ബാൻഡ് വിഡ്ത്ത് വർധിപ്പിക്കണമെന്ന് ഇൻറർനെറ്റ് സർവിസ് പ്രൊവൈഡറായ ബി.എസ്.എൻ.എല്ലിനോട് ആവശ്യപ്പെട്ടു. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വിളിച്ച എൻ.ഐ.സി ഹൈദരാബാദ് ഉദ്യോഗസ്ഥരുടെയും ഐ.ടി മിഷൻ, കെൽട്രോൺ, സി-ഡാക്ക്, ബി.എസ്.എൻ.എൽ പ്രതിനിധികളുടെയും യോഗത്തിലാണ് നിർദേശം.

14,160 റേഷൻകടകളിൽ ഭൂരിഭാഗം വ്യാപാരികളും ഇ-പോസ് മെഷീനിൽ ഉപയോഗിക്കുന്നത് ബി.എസ്.എൻ.എൽ സിമ്മുകളാണ്. എന്നാൽ, ബി.എസ്.എൻ.എൽ നൽകുന്ന ബാൻഡ് വിഡ്ത്ത് 20 എം.ബി.പി.എസാണ്. ഇതുമൂലം 6,50,000 തടസ്സങ്ങളാണ് എൻ.ഐ.സി പരിശോധനയിൽ കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മാർച്ച് 20 മുതൽ 100 എം.ബി.പി.എസിലേക്ക് ഉയർത്തണമെന്ന് നിർദേശം ബി.എസ്.എൻ.എൽ അംഗീകരിച്ചു. നിലവിൽ പൊതുവിതരണ രംഗവുമായി ബന്ധപ്പെട്ട് 2017ലെ സോഫ്റ്റ്വെയറാണ് കേരളം ഉപയോഗിക്കുന്നത്. പുതിയ വേർഷനിലേക്ക് മാറിയാൽ പ്രശ്നം പരിഹരിക്കാമെന്ന നിർദേശത്തിന്‍റ അടിസ്ഥാനത്തിൽ ഏപ്രിൽ ഒന്നുമുതൽ പുതിയ സോഫ്റ്റ്വെയറിലേക്ക് മാറാനും തീരുമാനമായി. ഇതിന് കെൽട്രോൺ സഹകരണത്തോടെ ഐ.ടി വിദഗ്ധരെ നിയോഗിക്കും.

പ്രദേശത്ത് നല്ല റേഞ്ചുള്ള മൊബൈൽ നെറ്റ്വർക്ക് കണ്ടെത്തി അവരുടെ സിം കാർഡ് ഇ-പോസ് മെഷീനിൽ സ്ഥാപിക്കാനും നിർദേശം നൽകി. ഇ-പോസ് മെഷീൻ തകരാർ പരിഹരിക്കുന്നതിന് ഏപ്രിൽ ഒന്നുമുതൽ 30 വരെ സംസ്ഥാന വ്യാപകമായി സർവിസ് ക്യാമ്പ് സംഘടിപ്പിക്കും. തകരാർ തൽസമയം അറിയിക്കുന്നതിന് ഹെൽപ് ഡെസ്ക് സംവിധാനം ഏർപ്പെടുത്തി. 7561050035,7561050036 നമ്പറുകളിൽ പരാതി അറിയിക്കാം.

വിതരണം ചെയ്യാത്ത ഭക്ഷ്യധാന്യങ്ങൾ ഇ-പോസ് മെഷീനിൽനിന്ന് ഒഴിവാക്കും. കാർഡുടമകൾക്ക് ബിൽ നൽകുമ്പോൾതന്നെ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരം മൊബൈൽ ഫോണിലേക്ക് എത്തുന്നില്ലെന്ന പരാതിയിൽ സിഡാക്കിന് മന്ത്രി കർശന താക്കീത് നൽകി. ഈ സന്ദേശം നൽകുന്നതിന് ഒരുകോടി രൂപയോളമാണ് ഭക്ഷ്യവകുപ്പ് നൽകുന്നത്. 

Tags:    
News Summary - Ration server failure Suggestion to increase bandwidth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.